വിളക്കും പീഠവും

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

ഒരുപക്ഷേ, നിങ്ങള്‍ ഈ കഥ കേട്ടിരിക്കും. ദേശാടനക്കിളികളെക്കുറിച്ചുള്ളതാണ്.

അന്നത്തെ യാത്രയിൽ വേടന്റെ അമ്പ് കൊണ്ട് നേതാവ് മരിച്ചുവീണു. സന്ധ്യയായപ്പോൾ പക്ഷികളെല്ലാം മരത്തിൽ ചേക്കേറി. പല ചില്ലകളിലായി അവ സ്ഥാനം പിടിച്ചു. ഒരു ചെറിയ ചില്ലയിൽ തിങ്ങിയിരുന്ന കുഞ്ഞുകിളികൾ വലിയ കിളികളോടു ചോദിച്ചു: “ഞങ്ങൾക്കിരിക്കാൻ ഈ കൊമ്പിൽ ഒട്ടും ഇടമില്ല. ആ വലിയ കൊമ്പിൽ ഞങ്ങൾ ഇരിക്കട്ടെ?”

“അതിലിരിക്കാൻ നിങ്ങൾക്ക് അനുവാദമില്ല. അത് നമ്മുടെ നേതാവിനുവേണ്ടി ഒഴിച്ചിട്ടിരിക്കുന്നതാണ്.”

“അതിന് നേതാവ് ഇന്നത്തെ യാത്രയിൽ മരിച്ചുപോയില്ലേ? മരിച്ചയാൾക്ക് എന്തിനാണ് ഇരിപ്പിടം?”

ആ ചോദ്യത്തിന് വലിയ പക്ഷികൾ ഇങ്ങനെ മറുപടി നൽകി: “മക്കളേ, നിങ്ങൾ പറഞ്ഞത് ശരിയാണ്. നമ്മുടെ നേതാവ് മരണപ്പെട്ടു. പക്ഷേ, അവൻ ആർക്കുവേണ്ടിയാണ് രക്തസാക്ഷിയായത് എന്നറിയാമോ? നമുക്കു വേണ്ടി. മുമ്പേ പറന്ന അവൻ മരണപ്പെട്ടപ്പോൾ നമ്മൾ സുരക്ഷിതരായി. ഒഴിഞ്ഞുകിടക്കുന്ന ചില്ല, നമ്മുടെ നേതാവിനെക്കുറിച്ചുള്ള ഓർമമ്മയാണ്. ആ ഓർമ്മ സമ്മാനിക്കുന്ന പ്രകാശത്തിലായിരിക്കണം ഇനി നാം ജീവിക്കേണ്ടത്.” ഉത്തരം കേട്ടപാടെ കുഞ്ഞുകിളികൾ നിശബ്ദരായി.

കഥയാണെങ്കിലും വലിയ സത്യം ഇത് പങ്കുവയ്ക്കുന്നില്ലേ? നമ്മുടെ നേതാവായ ക്രിസ്തുവിനുള്ള സ്ഥാനം ഇന്ന് എവിടെയാണ്? അവനെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ? ക്രിസ്തുവിന്റെ കാര്യം മാത്രമല്ല, അവനെപ്പോലെ ആദരവോടെ കാണേണ്ട വ്യക്തികളെയെല്ലാം നമ്മൾ എവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്? അവരിൽ മാതാപിതാക്കളും ഗുരുഭൂതരും നമ്മെ സഹായിച്ചവരും നമ്മൾ ഒരിക്കലും മറക്കില്ലെന്നു പറഞ്ഞവരുമെല്ലാം ഉൾപ്പെടും.

ഇവിടെയാണ് ക്രിസ്തുവിന്റെ വചനത്തിന് ശോഭയേറുന്നത്: “ആരും വിളക്ക് കൊളുത്തി പാത്രം കൊണ്ട് മൂടുകയോ കട്ടിലിനടിയില്‍ വയ്‌ക്കുകയോ ചെയ്യുന്നില്ല. മറിച്ച്‌, അകത്തു പ്രവേശിക്കുന്നവര്‍ക്ക്‌ വെളിച്ചം കാണാന്‍ അത്‌ പീഠത്തിന്മേല്‍ വയ്‌ക്കുന്നു” (ലൂക്കാ 8:16).

വിളക്കാകേണ്ട പലരെയും നാം പ്രതിഷ്ഠിച്ചിരിക്കുന്നത് പീഠത്തിന്മേലല്ല. അതുതന്നെയാണ് നാം അനുഭവിക്കുന്ന അന്ധകാരത്തിനു കാരണവും. അങ്ങനെയെങ്കിൽ നമ്മുടെയൊക്കെ പീഠങ്ങളിൽ ആരെല്ലാമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.