എന്തുകൊണ്ട് സെപ്റ്റംബര്‍ മാസം വ്യാകുല മാതാവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു?

പ്രത്യേക ആത്മീയ ചിന്തകള്‍ക്കായി ഓരോ മാസവും സമര്‍പ്പിക്കുന്ന പതിവ് ആദിമകാലം മുതല്‍ തിരുസഭയിലുണ്ട്. സെപ്റ്റംബര്‍ മാസം വ്യാകുല മാതാവിന്റെ സ്മരണയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതാണ്. ഈശോയുടെ കുരിശിന്‍ ചുവട്ടിലാണ് വ്യാകുലയായ മാതാവിനെ കണ്ടുമുട്ടുന്നത്. ഈശോയുടെ കുരിശുമരണ- ഉത്ഥാന ഓര്‍മ്മകള്‍ ആചരിക്കുന്നതാകട്ടെ, മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും. അപ്പോള്‍ വ്യാകുല മാതാവിനെ സ്മരിക്കാന്‍ സെപ്റ്റംബര്‍ മാസം തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ് എന്ന് സംശയം തോന്നാം.

സെപ്റ്റംബര്‍ പതിനാലിനാണ് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആചരിക്കുന്നത്. വി. ഹെലേന, 335 സെപ്റ്റംബര്‍ 14-ന് ഈശോയുടെ കുരിശ് കണ്ടെത്തിയതിന്റെ ഓര്‍മ്മ കൂടിയായാണ് വിശുദ്ധ കുരിശിന്റെ തിരുനാള്‍ ആചരിച്ചു തുടങ്ങിയത്. അതുമായി ബന്ധപ്പെടുത്തി, പതിനേഴാം നൂറ്റാണ്ടു മുതലാണ് സെപ്റ്റംബര്‍ പതിനഞ്ചിന് മാതാവിന്റെ തിരുനാളും ആചരിച്ചു തുടങ്ങിയത്.

മേരിദാസന്മാര്‍ എന്ന സഭാംഗങ്ങളാണ് മാതാവിന്റെ ഏഴ് വ്യാകുലങ്ങളുടെ തിരുനാള്‍ ആചരിച്ചു തുടങ്ങിയത്. ഈശോയെ ദേവാലയത്തില്‍ കാഴ്ച വച്ചപ്പോള്‍ ശെമയോന്‍ നടത്തിയ പ്രവചനം, ‘ഒരു വാള്‍ നിന്റെ ഹൃദയത്തെ ഭേദിക്കും’ അതാണ് ഒന്നാമത്തെ വ്യാകുലത. ഈജിപ്തിലേയ്ക്കുള്ള പലായനം രണ്ടാമത്തെ വ്യാകുലത. പന്ത്രണ്ടാം വയസ്സില്‍ കാണാതായത് മൂന്നാം വ്യാകുലത. കുരിശു വഹിച്ചു കൊണ്ട് ഗാഗുല്‍ത്തായിലേയ്ക്കു പോകുമ്പോള്‍ യേശുവിനെ കാണുന്നതാണ് നാലാമത്തെ വ്യാകുലത. കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുന്നത് അഞ്ചാമത്തെയും. ഈശോയുടെ മൃതദേഹം മടിയില്‍ കിടത്തിയത് ആറാമത്തെയും. യേശുവിന്റെ സംസ്‌കാരം ഏഴാമത്തെയും വ്യാകുലതയാണ്.

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേന്നാണ് മാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാള്‍. 1814-ല്‍ ഏഴാം പീയൂസ് പാപ്പയാണ് വ്യാകുല മാതാവിന്റെ തിരുനാള്‍ സ്ഥാപിച്ചത്. സെപ്റ്റംബര്‍ 15-നാണ് തിരുനാള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.