വ്യാകുലമാതാവ് നമ്മെ പഠിപ്പിക്കുന്നത്

നിത്യരക്ഷയാകുന്ന സന്തോഷത്തിലേക്കുള്ള യാത്രയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് കുരിശിലെ വേദന എന്ന യാഥാര്‍ത്ഥ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായ വ്യാകുലമാതാവ്. താന്‍ ഭാവിയില്‍, മറ്റൊരമ്മയും അനുഭവിക്കാത്ത വിധത്തിലുള്ള ആകുലതകള്‍ക്കും വേദനകള്‍ക്കും പാത്രീഭൂതയാകും എന്നറിഞ്ഞിട്ടും പരിശുദ്ധ അമ്മ, ദൈവം തന്നെ ഏല്‍പിച്ച ദൗത്യത്തില്‍ നിന്നും പിന്മാറുന്നില്ല. ഒരു കന്യകയെന്ന നിലയില്‍ രക്ഷനായ ദൈവത്തിന്റെ വാസസ്ഥലമാകാന്‍ സമ്മതിച്ചതുപോലെ തന്നെ, ഒരു അമ്മയെന്ന നിലയില്‍ തന്റെ ഏകജാതനെ ബലിയായി നല്‍കുന്നതിനും ആ അമ്മ സമ്മതം നല്‍കി.

ആകുലതകളാല്‍ നീറുമ്പോഴും തന്റെ വേദനകളുടെ രക്ഷാകരപ്രാധാന്യം മനസിലാക്കി ഹൃദയത്തില്‍ സന്തോഷിക്കാന്‍ ഈശോയുടെ അമ്മയ്ക്കായി. അതുവഴി മനുഷ്യരാശിയോടുള്ള അതിരറ്റ സ്‌നേഹത്തോടെ തന്റെ പുത്രന്റെ ബലിയില്‍ പങ്കെടുക്കാനും ആ അമ്മയ്ക്കായി. അതുകൊണ്ടു തന്നെ നമ്മുടെ ജീവിതത്തിലെ വേദനകളുടെയും കഷ്ടതകളുടെയും അര്‍ത്ഥം എന്തെന്ന് ഗ്രഹിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവയെ പരിശുദ്ധ അമ്മയുടെ സഹനങ്ങളുമായി ചേര്‍ത്തുവച്ച് ധ്യാനിക്കുക എന്നതാണ്.

അമ്മയോട് നമ്മുടെ വേദനകള്‍ പങ്കുവയ്ക്കുമ്പോള്‍, തന്റെ പുത്രനായ യേശുക്രിസ്തുവിനോട് ചേര്‍ന്നുനിന്ന് അവയെ എല്ലാം വിശുദ്ധീകരിച്ച് പിതാവായ ദൈവത്തിന് എങ്ങനെ സമര്‍പ്പിക്കണമെന്ന് വ്യാകുലമാതാവ് നമ്മെ പഠിപ്പിക്കുന്നു. ഏറ്റവും നിസ്സാരമായ നമ്മുടെ പ്രവര്‍ത്തികള്‍ പോലും ദൈവമഹത്വത്തിനും സഹോദരങ്ങളുടെ നന്മക്കുമായി ചെയ്യുമ്പോള്‍ നമ്മള്‍ ദൈവത്തിന്റെ ആഗ്രഹമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാകുന്നു. അതുപോലെ തന്നെ, പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ വേദനകളെയും രോഗങ്ങളെയും തകര്‍ച്ചകളെയും തിരിച്ചടികളെയും ക്ഷമയോടും സന്തോഷത്തോടും കൂടി സ്വീകരിച്ച് ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് നമുക്ക് ചുറ്റുമുള്ളവര്‍ക്ക് മാതൃകയാകാന്‍ നമ്മള്‍ പരിശ്രമിക്കണം. അപ്പോള്‍ പരിശുദ്ധ അമ്മയെപ്പോലെ സ്വര്‍ഗ്ഗകിരീടം ചൂടാന്‍ ദൈവം നമ്മെയും ക്ഷണിക്കും.