ഐഎസ് ഭീകരർ കത്തിച്ച ബൈബിളിൽ സത്യപ്രതിജ്ഞ ചെയ്ത് കുർദിസ്ഥാൻ മന്ത്രി

ഐഎസ് ഭീകരർ കത്തിച്ച ബൈബിളിൽ കൈകൾ വച്ച് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് കുർദിസ്ഥാനൈൽ ഏക ക്രൈസ്തവ മന്ത്രി. അനോ ജവഹർ അബ്ദുൽ മാസിഹ് ആണ് കത്തിയ ബൈബിളിൽ കൈകൾ വച്ച് സത്യപ്രതിജ്ഞ ചെയ്തത്. അലയൻസ് ഓഫ് നാഷണൽ യൂണിറ്റി എന്ന പാർട്ടി അംഗമായ ജവഹർ അബ്ദുൽ, ഗതാഗത-വാർത്താവിനിമയ വകുപ്പ് മന്ത്രിയായാണ് സ്ഥാനമേറ്റെടുത്തിരിക്കുന്നത്.

നൂറ് വർഷം പഴക്കമുള്ള തീവ്രവാദികള്‍ കത്തിച്ച ബൈബിളാണ് സത്യപ്രതിജ്ഞയ്ക്കായി അദ്ദേഹം ഉപയോഗിച്ചത്. കുർദിസ്ഥാൻ പ്രവിശ്യയിലെ അത്യന്താപേക്ഷിതമായ ഭാഗമായിത്തന്നെ ക്രൈസ്തവർ നിലനിൽക്കുമെന്നും ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള തീവ്രവാദ ആക്രമണങ്ങൾ ഓർമ്മിപ്പിക്കുവാനുമാണ് താൻ ആ ബൈബിൾ ഉപയോഗിച്ചതെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തി.

കുർദിഷ് പ്രവിശ്യയിലെ പാർലമെന്റിൽ 111 അംഗങ്ങളാണുള്ളത്. ഇതിൽ 11 സീറ്റുകൾ ന്യൂനപക്ഷങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭയിലെ ഏക ക്രൈസ്തവ മന്ത്രിയാണ് അനോ ജവഹർ. എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണം എന്നും തീവ്രവാദത്തെ എല്ലാവിധത്തിലും ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്‌തമാക്കി.