ക്വാലാലംപൂരിൽ കോവിഡ് വ്യാപനം മൂലം വിശുദ്ധ കുർബാന നിരോധിച്ചു

മലേഷ്യയിലെ ക്വാലാലംപൂരിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വിശുദ്ധ കുർബാന നിരോധിച്ചു. ക്രിസ്തുമസ് ദിനം മുതൽ ജനുവരി മൂന്നാം തീയതി വരെയും ജനുവരി ആറാം തീയതിയും ദൈവാലയങ്ങളിൽ പൊതുജന പങ്കാളിത്വത്തോടെയുള്ള ബലിയർപ്പണം ഉണ്ടായിരിക്കുകയില്ല എന്ന് ബിഷപ്പ് ജൂലിയൻ ലിയോ അറിയിച്ചു. എന്നാൽ വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും എന്നും രൂപത അറിയിച്ചു.

അതിരൂപതയുടെ മുഴുവൻ പ്രദേശത്തും 40 -ഓളം ഇടവകകളും 20 ചാപ്പലുകളുമുണ്ട്. വൈറസ് പടരുന്നത് പരിമിതപ്പെടുത്താൻ സഭകൾ സ്വീകരിച്ച നടപടികൾ ഉണ്ടായിരുന്നിട്ടും, വലിയ ഒത്തുചേരലുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകൾ വരുന്നുണ്ടെന്നു അതിരൂപതയുടെ ചാൻസലർ ഫാ. മൈക്കൽ ചുവ ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് വന്നതോട് കൂടി ആളുകൾ കൂടുതൽ യാത്ര നടത്തുവാൻ തുടങ്ങി. ഇത് പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനും രോഗവ്യാപനത്തിനുംകാരണമായി. ഈ സാഹചര്യത്തിൽ ആണ് വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള തിരുക്കർമ്മങ്ങൾ നിർത്തിവയ്‌ക്കേണ്ടി വന്നത് എന്ന് ക്വാലാലംപൂർ രൂപത അറിയിച്ചു.

വൈറസ് ഇൻഫെക്ഷൻ മറ്റുള്ളവരിലേക്ക് പടരാതിരിക്കുവാനും ഭവനങ്ങളിൽ ആയിരുന്നുകൊണ്ട് ക്രിസ്തുമസ് ആചരിക്കുവാനും മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുവാനും വിശ്വാസികൾ ശ്രദ്ധിക്കണം എന്ന് ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.