കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കി.

തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ത്രിതല പഞ്ചായത്തുകളോട് ചേര്‍ന്നുനിന്നു കൊണ്ട് കൂടുതല്‍ ആളുകളിലേയ്ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം അതിരൂപത പ്രോക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് സി.ബി എന്നിവര്‍ പ്രസംഗിച്ചു.

കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ ഗിവ് ടു ഏഷ്യ എന്ന സംഘടനയുടെ പങ്കാളിത്തതോടെയാണ് കെ.എസ്.എസ്.എസ് ഓക്‌സിജന്‍ കോണ്‍സന്‌ട്രേറ്ററുകള്‍ ലഭ്യമാക്കിയത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.