ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു.

ഭിന്നശേഷിയുള്ളവരോടുള്ള കരുതല്‍ മനുഷ്യമഹത്വത്തിന്റെ ഉദാത്തമാതൃകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കാരുണ്യപ്രവര്‍ത്തികളിലൂടെ അര്‍ഹരായവര്‍ക്ക് സഹായഹസ്തമൊരുക്കുമ്പോഴാണ് സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോർജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സന്നദ്ധപ്രവര്‍ത്തകരായ ബെസ്സി ജോസ്, മേരി ഫിലിപ്പ്, ചിന്നമ്മ രാജന്‍, സാലി മാത്യു എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലെ നൂറോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.