കോവിഡ് പ്രതിരോധം – പി.എച്ച്.സി -കള്‍ക്ക് പള്‍സ് ഓക്‌സീമിറ്ററുകള്‍ ലഭ്യമാക്കി കെഎസ്എസ്എസ്

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ 14 പി.എച്ച്.സി -കള്‍ക്ക് പള്‍സ് ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പള്‍സ് ഓക്‌സീമിറ്ററുകളുടെ വിതരണോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

കെഎസ്എസ്എസ് പോലുള്ള സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍ വിലമതിക്കാനാകത്തതാണെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും ഹെല്‍ത്ത് സെന്ററുകളും വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

വെളിയന്നൂര്‍, ഉഴവൂര്‍, പാറമ്പുഴ, അതിരമ്പുഴ, കുമരകം, മുത്തോലി, കൂടല്ലൂര്‍, അകലക്കുന്നം, കല്ലറ, ഇടയാഴം, ഓണംതുരുത്ത്, അറുനൂറ്റിമംഗലം, കടുത്തുരുത്തി, വെള്ളൂര്‍ എന്നീ പി.എച്ച്.സി -കള്‍ക്കാണ് 5 വീതം പള്‍സ് ഓക്‌സീമിറ്ററുകള്‍ ലഭ്യമാക്കിയത്. ഹോസ്പിറ്റലുകളിലേക്കായുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായുള്ള പി.പി.ഇ കിറ്റുകളുടെയും കോവിഡ് പ്രതിരോധ കിറ്റുകളുടെയും വിതരണം, ത്രിതല പഞ്ചായത്തുകള്‍ക്കായുള്ള ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണം തുടങ്ങിയ വിവിധങ്ങളായ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പി.എച്ച്.സി -കള്‍ക്ക് കെഎസ്എസ്എസ് പള്‍സ് ഓക്‌സീമിറ്ററുകള്‍ ലഭ്യമാക്കിയത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.