ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കി കെഎസ്എസ്എസ്

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി 10 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കി. അമേരിക്കയിലെ ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്‌നാനായ ചര്‍ച്ച് മിഷന്‍ ലീഗ് യൂണിറ്റുമായി സഹകരിച്ച് ലഭ്യമാക്കിയ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.

അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കി നന്മയുടെ പ്രകാശം പരത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. നന്മകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള നല്ല മനോഭാവം നല്ല വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും സുമനസ്സുകളുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ പഠനത്തിനായി ലഭ്യമാക്കുന്ന മൊബൈല്‍ ഫോണുകളുടെ നന്മതിന്മകള്‍ തിരിച്ചറിഞ്ഞ് വേണ്ട രീതിയില്‍ ഉപയോഗിക്കുവാന്‍ കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിസന്ധിയുടെ ഈ സഹചര്യത്തില്‍ വിഷമത അനുഭവിക്കുന്ന താഴേത്തട്ടിലുള്ള ആളുകള്‍ക്ക് സഹായഹസ്തമൊരുക്കുമ്പോഴാണ് സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കിടങ്ങൂര്‍ ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി. റോയി എന്നിവര്‍ പ്രസംഗിച്ചു.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.