മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രതിസന്ധി നേരിടുന്ന പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് കൈത്താങ്ങൊരുക്കുവാന്‍ മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഡിജിറ്റല്‍ യുഗത്തില്‍ മുന്നേറുമ്പോള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ നല്ല വശങ്ങള്‍ തിരിച്ചറിയുന്നതോടൊപ്പം തെറ്റായ കാര്യങ്ങള്‍ ഒഴിവാക്കുവാനും കുട്ടികളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ലാസിം സംഘടനാ പ്രതിനിധി കാള്‍ട്ടന്‍ ഫെര്‍ണ്ണാണ്ടസ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലാസിം സംഘടനയുമായി സഹകരിച്ച് പത്ത് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കെ.എസ്.എസ്.എസ് ലഭ്യമാക്കി. വിവിധ സംഘടനകളും വ്യക്തികളുമായി സഹകരിച്ച് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കൂടുതല്‍ കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി വരുംദിനങ്ങളില്‍ കെ.എസ്.എസ്.എസ് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.