ക്രൂശിതൻ 

ഫാ. സാജന്‍ ജോസഫ്‌

യേശുവിന്റെ കുരിശിലെ മരണത്തിലൂടെ അതുവരെയും ശാപത്തിന്റെയും അപമാനത്തിന്റെയും അടയാളമായിരുന്ന കുരിശ് നിത്യരക്ഷയുടെ അടയാളമായി പരിണമിച്ചു. ക്രൂശിതന്റെ മുഖം നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ ആഴമായി പതിഞ്ഞ ഒരു രൂപമാണ്.

യേശുവിന്റെ കുരിശിലെ യാഗത്തിലൂടെ അപമാനത്തിന്റെയും, പരിഹാസത്തിന്റെയും, ശാപത്തിന്റെയും, നിന്ദയുടെയും, കളിയാക്കലിന്റെയും, ശിക്ഷയുടെയും, നാശത്തിന്റെയും അടയാളമായിരുന്ന കുരിശ് അനേകായിരങ്ങൾക്ക് അഭയം നൽകുന്ന, തണലേകുന്ന, ആശ്വാസം പ്രദാനം ചെയ്യുന്ന, സംരക്ഷണ കവചമൊരുക്കുന്ന ഇടമായി മാറി .

ഒരുപക്ഷെ, ഇത്രയേറെ വേദനയുടെ പാരമ്യത്തിൽ സകല അസ്ഥികളും, പേശിയും, നാഡിഞരമ്പുകളും വരിഞ്ഞുമുറുകുമ്പോഴും, കളിയാക്കലുകളുടെയും, പരിഹാസങ്ങളുടെയും, വാതുവയ്‌പ്പുകളുടെയും, അപമാനങ്ങളുടെയും, വെല്ലുവിളികളുടെയും, ഭാഗം വയ്ക്കലിന്റെയും, ഒറ്റപ്പെടലിന്റെയും, ക്രൂരമായ നോട്ടങ്ങളുടെയും നടുവിലും ഒരുവന് ശാന്തനായിരിക്കാമെന്ന് ക്രൂശിതൻ സ്വജീവിതത്തിലൂടെ കാണിച്ചുതന്നു.

ക്രൂശിതൻ ഒരുപാട് ചിന്തകൾ നമ്മോട് പങ്കുവയ്ക്കുന്നുണ്ട്

ജീവിതത്തിൽ തനിച്ചായി പോകുന്ന നിമിഷം, സഹനങ്ങൾ പേറേണ്ടി വരുന്ന സമയം ആരും കൂടെ ഉണ്ടാകില്ല.

എത്ര വലിയ വേദനയും, അപമാനവും ദൈവത്തെ കൂടെ നിർത്തിയാൽ സൗമ്യമായി സ്വീകരിക്കാൻ സാധിക്കും.

ശത്രുവിന്റെ കൂരമ്പിന് നടുവിലും, മരണത്തെ മുഖാഭിമുഖം ദർശിക്കുന്ന നേരത്തും ധൈര്യപൂർവ്വം പ്രാർത്ഥിക്കാൻ കഴിയും.

മാംസക്കഷണങ്ങളിൽ നിന്നും രക്‌തം ഇറ്റിറ്റു വീഴുമ്പോഴും, നാവ് ദാഹം കൊണ്ട് അണ്ണാക്കിനോട് ഒട്ടിച്ചേരുമ്പോഴും, ശാപവും ശകാരവും നിർദാക്ഷണ്യം തുടരുമ്പോഴും ക്ഷമിക്കാനും, മറക്കാനും, പൊറുക്കാനും സാധിക്കും.

ഉടുവസ്ത്രം പോലും ഉരിഞ്ഞെടുക്കപ്പെട്ട്,  അപമാനഭാരവും പേറി കുരിശിൽ കിടക്കുമ്പോൾ ആരോടും യാതൊരു പരാതിയോ പരിഭവമോ ഇല്ലായെന്ന് …

സാത്താനെയും അവന്റെ കിങ്കരന്മാരെയും ഇന്നും ഏറ്റവും അധികം ഭയപ്പെടുത്തുന്നത് ക്രൂശിതനായ യേശുവും അവൻ മരണത്തിനായി തിരഞ്ഞെടുത്ത കുരിശുമരവുമാണ്.

കുരിശിന്റെ ചുവട്ടിലേക്ക് വരുന്ന ഓരോ പാപിയുടെ ഹൃദയത്തിലേക്കും ഇന്നും കരുണയുടെ ഉറവ ക്രൂശിതൻ ഒഴുക്കുന്നു…

കുരിശുകൾ സന്തോഷത്തോടെ ഏറ്റെടുക്കാൻ, സഹനങ്ങൾ പൂർണ്ണമനസോടെ സ്വീകരിക്കാൻ, ഞെരുക്കുന്ന വേദനയിലും പുഞ്ചിരിക്കാൻ ക്രൂശിതന്റെ ചാരത്ത് നില്ക്കുമ്പോൾ നമുക്ക് സാധിക്കുന്നു.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജന്‍ ജോസഫ്‌