കൊട്ടിയൂര്‍ സംഭവത്തില്‍ വ്യസനം പ്രകടിപ്പിച്ച് വൈദികസമ്മേളനം

കൊട്ടിയൂര്‍ സംഭവത്തില്‍ സഭ അഗാധമായ വ്യസനവും ദുഖവും രേഖപ്പെടുത്തുന്നുവെന്ന് മാനന്തവാടി രൂപത അടിയന്തിര രൂപതാ വൈദിക സമ്മേളനത്തില്‍ അറിയിച്ചു. സഭാംഗമായ വൈദികനില്‍ നിന്ന് പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തത്തില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്ക് ചേരുന്നതായും സമ്മേളനത്തില്‍ പങ്കെടുത്ത സഭാധ്യക്ഷന്‍മാര്‍ അറിയിച്ചു.

എന്നാല്‍ ഈ വിഷയത്തില്‍ ചില മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെ സമ്മേളനം ശക്തമായി അപലപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. നിയമാനുസൃതമല്ലാത്ത അന്വേഷണശൈലിയിലൂടെ മുന്നോട്ട് പോയി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ഇവര്‍ ചെയ്തത്. ഈ സംഭവത്തില്‍ സഭയ്ക്ക് അറിവുണ്ടായിരുന്നു എന്ന നിലയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. സഭാ വിശ്വാസത്തെ അധിക്ഷേപിക്കാനും അതുവഴി സഭാ നേതൃത്വങ്ങളെ കളങ്കപ്പെടുത്താനും നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സമ്മേളനം വ്യക്തമാക്കി. അതിനായി അല്‍മായരും വൈദികരും അടങ്ങുന്ന കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. രൂപതാധ്യക്ഷന് പിന്നില്‍ ഒറ്റക്കെട്ടായി നിന്ന് എല്ലാ പ്രതിസന്ധികളെയും നേരിടുമെന്നും സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായി.

സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. ഫാദര്‍ ജോര്‍ജ്ജ് മൈലാടൂര്‍, ഫാദര്‍ ജോര്‍ജ്ജ് പടിഞ്ഞാറയില്‍, ഫാദര്‍ തോമസ് തൈക്കുന്നുംപുറം, ഫാദര്‍ ബാബു മാപ്ലശ്ശേരി, പിആര്‍ഒ ഫാദര്‍ ജോസ് കൊച്ചറയ്ക്കല്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.