കോട്ടയം സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം

കോട്ടയം സെന്റ് ആൻസ് ഹയർ സെക്കണ്ടറി ഹൈസ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് നാളെ (ജനുവരി 17, വെള്ളിയാഴ്ച) തുടക്കമാകും. രാവിലെ 11.30-ന് സെന്റ് ആൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ശതാബ്ദിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.

കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്‌സൺ സോന പി.ആർ., സ്‌കൂൾ മാനേജർ ഫാ. അലക്‌സ് ആക്കപ്പറമ്പിൽ, കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ, ലക്ഷ്മി മേനോൻ, വി.എൻ. വാസവൻ, സാബു പുളിമൂട്ടിൽ, അജിത കുമാരി ടി.കെ., ജോർജ് തോമസ്, ജോസ് എം. മാത്യൂസ് തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തപ്പെടും. ശതാബ്ദിയാഘോഷങ്ങൾക്കു മുന്നോടിയായി ഇന്ന് (ജനുവരി 16, വ്യാഴാഴ്ച) രാവിലെ 9.30-ന് കോട്ടയം തിരുനക്കര മൈതാനത്തു നിന്നും സെന്റ് ആൻസ് സ്‌കൂളിലേയ്ക്ക് വർണ്ണശബളമായ ഘോഷയാത്ര നടത്തപ്പെടും. മത-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും സ്‌കൂൾ പിടിഎ അംഗങ്ങളും വിദ്യാർത്ഥികളോടൊപ്പം ഘോഷയാത്രയിൽ പങ്കെടുക്കും.

1921-ൽ കോട്ടയം അതിരൂപതയുടെ മെത്രാനായിരുന്ന മാർ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ കോട്ടയം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസപുരോഗതിക്കും വികസനത്തിനുമായി സ്ഥാപിച്ച സെന്റ് ആൻസ് സ്‌കൂൾ ഇന്ന് അക്ഷരനഗരിയുടെ ഹൃദയഭാഗത്ത് ആയിരക്കണക്കിന് പെൺകുട്ടികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നുനൽകി വളർച്ചയുടെ പടവുകൾ പിന്നിട്ട് ശതാബ്ദിയില്‍ എത്തിനിൽക്കുന്നു.

രണ്ടു കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളാണ് ശതാബ്ദി വർഷത്തിൽ സെന്റ് ആൻസ് സ്‌കൂൾ നടപ്പിലാക്കുന്നത്. ശതാബ്ദി വർഷ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിലേയ്ക്കായി രൂപീകരിച്ച 13 കമ്മിറ്റികളിൽ 101 പേർ അംഗങ്ങളാണ്.