കോട്ടയം അതിരൂപതാ ബൈബിൾ കലോത്സവം: കരിങ്കുന്നം ജേതാക്കൾ

കോട്ടയം അതിരൂപതാ ബൈബിൾ കലോത്സവം കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയങ്കണത്തിൽ വച്ച് നടത്തി. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് കലോത്സവം ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഫൊറോനാ വികാരി ഫാ. ഏബ്രഹാം പറമ്പേട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബൈബിൾ കമ്മീഷൻ ചെയർമാൻ ഫാ. സജി കൊച്ചുപറമ്പിൽ ബൈബിൾ പ്രതിഷ്ഠ നിർവഹിച്ചു. മിഷൻലീഗ് അതിരൂപതാ ഡയറക്ടർ ഫാ. ജോബി പുച്ചൂക്കണ്ടത്തിൽ, ജനറൽ കൺവീനർ ഷെല്ലി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

കോട്ടയം അതിരൂപതയിലെ ബൈബിൾ കമ്മീഷന്റേയും ചെറുപുഷ്പ മിഷൻ ലീഗിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരങ്ങൾ കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെയും മേരിമാതാ ഐ.റ്റി.സിയിലെയും 10 വേദികളിലായാണ് നടത്തപ്പെട്ടത്. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ഇടവക, ഫൊറോന തലങ്ങളിൽ വിജയികളായ 500ൽ പരം പ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുത്തത്. കരിങ്കുന്നം സെന്റ്. അഗസ്റ്റിൻസ് കലോത്സവത്തിൽ മികച്ച ഇടവകയായി തിരഞ്ഞെടുക്കപ്പെട്ടു. അരീക്കര സെന്റ് റോക്കീസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഫൊറോന തലത്തിൽ ചുങ്കം, ഉഴവൂർ ഫൊറോനകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചുങ്കം ഇടകയിലെ ആൽഫാ കെ ബിജു കുരുട്ടുപറമ്പിലാണ് കലോത്സവത്തിലെ കലാതിലകം.