കോട്ടയം അതിരൂപതാ ദിനാചരണം 31-ന് തൂവാനിസയിൽ

കോട്ടയം അതിരൂപതയുടെ 109-ാമത് സ്ഥാപന ദിനാചരണങ്ങൾ ആഗസ്റ്റ് 31 ശനിയാഴ്ച്ച തൂവാനിസയിൽ. രാവിലെ 10 മണിക്ക് കൃതജ്ഞതാ ബലിയ്ക്ക് അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. അഭിവന്ദ്യ പിതാക്കന്മാരും അതിരൂപതയിലെ വൈദികരും സഹകാർമ്മികരായിരിക്കും. തുടർന്ന് അതിരൂപതയിലെ സുപ്രധാന അജപാലന പ്രവർത്തനങ്ങൾ സംക്ഷിപ്തമായി അവതരിപ്പിക്കും. അതിരൂപതാ ദിനാചരണങ്ങളുടെ സമാപന സമ്മേളനം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.

പപ്പുവ ന്യൂഗനിയ ന്യുൻഷ്യോ മാർ കുര്യൻ വയലുങ്കൽ, അതിരൂപതാ സഹായമെത്രൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, അതിരൂപതയിലെ സമുദായ സംഘടനകളുടെ പ്രസിഡണ്ടുമാരായ ശ്രീ. സ്റ്റീഫൻ ജോർജ്ജ്, പ്രൊഫ. മേഴ്‌സി ജോൺ, ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ എന്നിവർ ആശംസകൾ അർപ്പിക്കും.

ലോകായുക്തയായി ചുമതലയേറ്റ മുൻ സുപ്രീം കോടതി ജസ്റ്റിസ്, പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. തോമസ് ചാഴിക്കാടൻ, കെസിവൈഎം പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സിറിയക് ചാഴിക്കാടൻ, സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. മെൽവിൻ പുളിയംതൊട്ടിയിൽ എന്നിവരെ ആദരിക്കും.

അതിരൂപതയിലെ വൈദികർ, സമർപ്പിത പ്രതിനിധികൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ചൈതന്യ കമ്മീഷൻ അംഗങ്ങൾ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, സമുദായ സംഘടനകളുടെ കേന്ദ്രഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.