കോട്ടയം അതിരൂപതാ സ്ഥാപന ദിനാചരണവും ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി സമാപനവും ആഗസ്റ്റ് 29 -ന് 

‘ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്ത് വഴി 1911 ആഗസ്റ്റ് 29 -ന് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ തെക്കുംഭാഗ ജനതയ്ക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111-ാം വാർഷികദിനാചരണവും 1921 -ലെ ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും ഓഗസ്റ്റ് 29 ഞായറാഴ്ച റാന്നി സെന്റ് തെരേസാസ് പള്ളിയിൽ സംഘടിപ്പിക്കും.

കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന കൃതജ്ഞതാബലിയോടെ ദിനാചരണത്തിനു തുടക്കമാകും. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വചനസന്ദേശം നൽകും. ഉച്ച കഴിഞ്ഞ് 1.30 -നു കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം സീറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പ് മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കൽ, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, തിരുഹൃദയദാസ സമൂഹം സുപ്പീരിയർ ജനറൽ ഫാ. സ്റ്റീഫൻ മുരിയങ്ങോട്ടുനിരപ്പേൽ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിൻ പാറയിൽ, തോമസ് അറക്കത്തറ, സാബു പാറാനിക്കൽ എന്നിവർ പ്രസംഗിക്കും.

അതിരൂപതയിൽ വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട അതിരൂപതാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. അതിരൂപതയുടെ ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരണവും മലങ്കര പുനരൈക്യ ചരിത്രാവതരണവും നടത്തപ്പെടും.

കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന അതിരൂപതാതല പരിപാടികളിൽ ഓൺലൈനിലൂടെ പങ്കെടുക്കുവാൻ എല്ലാ ക്‌നാനായ സമുദായാംഗങ്ങൾക്കും അവസരമൊരുക്കുന്നതാണെന്ന് അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.