കോട്ടയം അതിരൂപതാ ദിനാഘോഷങ്ങൾ: സമുദായ സംഘടനകളുടെ നേതൃസംഗമം കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചു

‘ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്ത് വഴി 1911 ആഗസ്റ്റ് 29 -ന് വി. പത്താം പീയൂസ് മാർപാപ്പ തെക്കുംഭാഗ ജനതയ്ക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111-ാം വാർഷിക ദിനാചരണത്തിനു മുന്നോടിയായി കോട്ടയം അതിരൂപതയിലെ സമുദായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ അതിരൂപതാ ഭാരവാഹികളുടെ നേതൃസംഗമം ക്‌നാനായ പ്രേഷിത കുടിയേറ്റം നടന്ന കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചു.

എ.ഡി 345 -ൽ ദക്ഷിണ മെസപ്പെട്ടോമിയയിലെ കിനായ ഗ്രാമത്തിൽ നിന്ന് ഏഴ് ഇല്ലത്തിൽപ്പെട്ട 72 കുടുംബങ്ങൾ കിനായി തോമായുടെയും ഉറഹായിലെ മാർ യൗസേപ്പിന്റെയും നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്കു നടത്തിയ പ്രേഷിത കുടിയേറ്റത്തിന്റെ സ്മാരകമായി കൊടുങ്ങല്ലൂരിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് നിർമ്മിച്ചിരിക്കുന്ന ക്‌നായി തോമാ ടവറിൽ രാവിലെ 11 മണിക്ക് അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് അതിരൂപതാ പതാക ഉർത്തി അതിരൂപതാ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കോട്ടപ്പുറം ക്‌നായി തോമ്മാഭവനിലെ ഹാളിൽ ചേർന്ന സമുദായ സംഘടനകളുടെ നേതൃസംഗമം മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.

സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. അലക്‌സ് ആക്കപ്പറമ്പിൽ, ഫാ. ജോയി കറുകപ്പറമ്പിൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ഫാ. ബൈജു മുകളേൽ, കെ.സി.സി ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ, കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ ജോസ്, കെ.സി.സി ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.

സമുദായ സംഘടനകളുടെ അതിരൂപതാ ഭാരവാഹികൾ, വൈദികപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കോട്ടയം അതിരൂപതയുടെ ഉടമസ്ഥതയിൽ കോട്ടപ്പുറം കോട്ടയ്ക്കു സമീപം അറുപത് സെന്റു ഭൂമിയിൽ ഒരുക്കുന്ന ക്‌നാനായ നഗറിലേക്ക് അഭിവന്ദ്യ പിതാക്കന്മാരും ബഹു. വൈദികരും സമുദായ സംഘടനാനേതാക്കളും സന്ദർശനം നടത്തി. തുടർന്ന് പൂർവ്വപിതാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്ന കോട്ടപ്പുറം കോട്ട സ്ഥിതിചെയ്യുന്ന ക്‌നായി പറമ്പിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥന നടത്തുകയും ചെയ്തു.

ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വികാരി ജനറാൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.