കര്‍ദ്ദിനാള്‍ കോത്തൊ കൊറായിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി

പാവങ്ങളുടെ കര്‍ദ്ദിനാള്‍ എന്നറിയപ്പെട്ടിരുന്ന കര്‍ദ്ദിനാള്‍ കോത്തൊ കൊറായിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ ലസോത്തോയിലെ മൊഹാലെസ് ഹോക് അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോണ്‍ തിഹമേളായ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ അനുശോചനം അറിയിച്ചത്. വിശ്രമജീവിതത്തിലും കര്‍മ്മനിരതനായിരുന്ന കര്‍ദ്ദിനാള്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് ഏപ്രില്‍ 17-ന് 92-ാമത്തെ വയസ്സില്‍ അന്തരിച്ചത്.

അമലോത്ഭവനാഥയുടെ നാമത്തിലുള്ള സന്യാസ സമൂഹത്തിലെ അംഗമാണ് കര്‍ദ്ദിനാള്‍ കൊറായി. ലസോത്തോയിലെ പാവങ്ങളായ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായും സാമൂഹിക അഭിവൃദ്ധിക്കായും കര്‍ദ്ദിനാള്‍ കൊറായി ചെയ്തിട്ടുള്ള സേവനങ്ങളും പാവങ്ങളോടുള്ള പ്രതിപത്തിയും മാതൃകാപരമാണെന്ന് പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു. പതറാത്ത അജപാലന സമര്‍പ്പണത്തിലൂടെയും തീക്ഷ്ണമായ സന്യാസ ജീവിതത്തിലൂടെയും തീവ്രമായ പ്രേഷിതപ്രവര്‍ത്തനങ്ങളിലൂടെയും സഭയെ സമ്പന്നമാക്കിയ ഈ നല്ലിടയന്റെ ആത്മാവിന് സ്വര്‍ഗ്ഗീയപിതാവ് നിത്യശാന്തി നല്‍കട്ടെയെന്നു പാപ്പാ പ്രാര്‍ത്ഥിച്ചു. കര്‍ദ്ദിനാള്‍ കൊറായിയുടെ ദേഹവിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും അജഗണങ്ങള്‍ക്കും സാന്ത്വനം നേര്‍ന്നുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.