വൈദികര്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന് ആദ്യമായി കൊറിയന്‍ തലവന്‍

ബിഷപ്പ് ലാസറസ് യു ഹ്യുംഗ് സികിനെ വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി ക്ലര്‍ജിയുടെ (വൈദികര്‍ക്കായുള്ള സംഘം) പ്രിഫെക്ട് അഥവാ അദ്ധ്യക്ഷനായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. 69-കാരനായ അദ്ദേഹം ഈ പദവിയിലെത്തുന്ന ആദ്യത്തെ കൊറിയക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ്. വെള്ളിയാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പാ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

ദക്ഷിണ കൊറിയയിലെ ദെജോണ്‍ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു നിയുക്ത പ്രീഫെക്ട് ബിഷപ്പ് ഹ്യൂംഗ് സിക്. കൊറിയയിലെ മെത്രാന്മാരുടെ സംഘത്തിന്റെ സമാധാന സമിതിയുടെ അദ്ധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദെജോണ്‍ രൂപതയുടെ എമെരിറ്റസ് ബിഷപ്പ് എന്ന സ്ഥാനികപദവിയും പാപ്പാ ഇദ്ദേഹത്തിനു നല്‍കി. ദക്ഷിണ കൊറിയയിലെ നൊസാന്‍ഗുന്‍ ചുങ്‌നാമില്‍ 1951 നവംബര്‍ 17-ന് ജനിച്ച നിയുക്ത പ്രീഫെക്ട് ബിഷപ്പ് യു ഹ്യുംഗ് സിക് 1979 ഡിസംബര്‍ 9-ന് പൗരോഹിത്യം സ്വീകരിക്കുകയും 2003 ആഗസ്റ്റ് 19-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. ഈ വര്‍ഷം ആഗസ്റ്റ് 18-ന് 80 വയസ്സ് പൂര്‍ത്തിയായി സ്ഥാനമൊഴിയുന്ന, അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബെനിയമീനൊ സ്‌തേല്ലയോട് പുതിയ പ്രിഫെക്ട് സ്ഥാനമേറ്റെടുക്കുന്നതുവരെ തല്‍സ്ഥാനത്തു തുടരണമെന്ന് പാപ്പാ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഫിലിപ്പീനോ കര്‍ദ്ദിനാള്‍ ജോസ് തോമസായിരുന്നു ഈ പദവിയിലെത്തിയ ആദ്യ ഏഷ്യാക്കാരന്‍. വത്തിക്കാന്റെ ഒമ്പതു കോണ്‍ഗ്രിഗേഷനുകളെ നയിക്കാന്‍ നിലവില്‍ ചുമതലയുള്ളവരില്‍ രണ്ടാമത്തെ ഏഷ്യാക്കാരനാണ് ഇദ്ദേഹം. കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയാണ് മറ്റൊരാള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.