ഉരുൾപൊട്ടലിൽ തകർന്ന കൂട്ടിക്കലിനായി രക്ഷയുടെ കരം വിരിച്ചു പാലാ രൂപത

കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും പെട്ട് ദുരന്ത ഭൂമിയായി മാറിയ കൂട്ടിക്കൽ, കൊക്കയാർ, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തുകളിൽ പുനർനിർമ്മാണ പദ്ധതികളുമായി പാലാ രൂപത. വൈദികരും വിശ്വാസികളും അടങ്ങുന്ന കൂട്ടിക്കൽ റിലീഫ് ആൻഡ് റിഹാബിലിറ്റേഷൻ മിഷന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് രൂപം കൊടുത്തു.

ദുരന്തഭൂമിയായി മാറിയ പ്രദേശങ്ങളിൽ വീടുകൾ ശുചീകരിക്കുക, ഭക്ഷണ പദാർത്ഥങ്ങളും വീട്ടുപകരണങ്ങളും പഠനോപകരണങ്ങളും മറ്റു ആവശ്യ സാധനങ്ങളും എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും വിവിധ ഇടവകകളുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. സന്നദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സഹായങ്ങൾ ലഭ്യമാക്കുന്നതിനായും രൂപതയിലെ വൈദികർ യോഗങ്ങൾ കൂടുകയും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ദുരിതബാധിതർക്ക് ജീവിതസൗകര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായി വാസയോഗ്യമായ ഭൂമി കണ്ടെത്തൽ, വീട്, വരുമാന മാർഗ്ഗം തുടങ്ങിയവയ്ക്കായുള്ള സർക്കാർ സഹായം ലഭ്യമാക്കൽ, കൗൺസിലിംഗ് പോലെ ഉള്ള മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ലഭ്യമാക്കൽ ഇവയും കൂട്ടിക്കൽ റിലീഫ് ആൻഡ് റിഹാബിലിറ്റേഷൻ മിഷന്റെ ഭാഗമായി നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.