കൊങ്കിണി കത്തോലിക്ക വിഭാഗത്തിന് ഒബിസി സർട്ടിഫിക്കറ്റ് എന്ന ആവശ്യം ഉയരുന്നു

ജില്ലയിലെ കൊങ്കിണി ഭാഷ സംസാരിക്കുന്ന കാത്തലിക് ക്രിസ്ത്യൻ വിഭാഗത്തിന് ഒബിസി സർട്ടിഫിക്കറ്റ് എന്ന ആവശ്യവുമായി കൊങ്കിണി ലത്തീൻ കത്തോലിക്ക സമൂഹം. ഇതിനായി നടപടി ഉണ്ടാകണമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എന്നാൽ കൊങ്കിണി ലത്തീൻ കത്തോലിക്ക എന്ന പേരിൽ ഒരു പ്രത്യേക സമുദായത്തെ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഭാഷയുടെയോ രൂപതയുടെയോ പേരിൽ ഒരു വിഭാഗത്തിനും ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കാൻ പാടില്ലെന്നും അപേക്ഷകർ ഹാജരാക്കുന്ന രേഖകളുടെയും വില്ലേജ് ഓഫീസർമാർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ അവർ ലത്തീൻ കത്തോലിക്ക വിശ്വാസികളാണെന്ന് റവന്യൂ അധികൃതർക്ക് ബോധ്യപ്പെടുന്നപക്ഷം ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്നാണ് സർക്കാരിന്റെ നിലപാടെന്നും പിന്നോക്കക്ഷേമ മന്ത്രിക്കു വേണ്ടി മറുപടി നൽകിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലെ കൊങ്കിണി സംസാരിക്കുന്ന ലത്തീൻ കത്തോലിക്ക വിഭാഗത്തിന് റവന്യൂ അധികാരികൾ ജാതി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന വിഷയത്തിൽ രാജു സ്റ്റീഫൻ ഡിസൂസ, വിനോദ് ക്രാസ്റ്റ, ഷിനി ഡിസൂസ എന്നിവർ 2018 ൽ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ മേൽപറഞ്ഞ നിലപാട് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കമ്മീഷൻ അന്തിമതീരുമാനം കൈക്കൊള്ളുന്ന മുറയ്ക്ക് സർക്കാർ മേൽനടപടികൾ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.