കുട്ടികളുടെ വ്യക്തിത്വം തിരിച്ചറിയാം; അവരുടെ വളർച്ച സുഗമമാക്കാം

കുട്ടികളെ മനസിലാക്കിയെങ്കിൽ മാത്രമേ അവർ ആയിരിക്കുന്ന വിധം അവരെ അംഗീകരിക്കുവാൻ സാധിക്കുകയുള്ളൂ. ചില കുട്ടികൾ വഴക്കാളികളാകാം, കുസൃതി കൂടുതൽ ഉള്ളവരാകാം. അവരെ ശകാരിക്കുന്നതിനും ശിക്ഷിക്കുന്നതിനും പകരം അവർ ആയിരിക്കുന്ന അവസ്ഥയെ മനസിലാക്കി പെരുമാറി നോക്കിക്കേ. കുട്ടികളിൽ അത്ഭുതകരമായ മാറ്റം ദർശിക്കുവാൻ നമുക്ക് സാധിക്കും. ഓരോ കുട്ടിക്കും  വിദ്യാഭ്യാസം നൽകുവാൻ തുടങ്ങേണ്ടത് അവരുടെ വീട്ടിൽ നിന്നും തന്നെയാണ്.

മാതാപിതാക്കൾ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ വഴികാട്ടികളാണ്. കാരണം കുട്ടികളെ ഏറ്റവും കൂടുതൽ മനസിലാക്കുന്നത് അവരുടെ മാതാപിതാക്കളാണ്. അവർ എങ്ങനെ വളർന്നു, അവരുടെ ചെറുപ്പത്തിലേ ജീവിത സാഹചര്യങ്ങൾ, ആരുമായൊക്കെ കൂടുതൽ ഇടപെട്ടു… ഈ കാര്യങ്ങളൊക്കെ കൂടുതൽ അറിയാവുന്നത് അവന്റെ മാതാപിതാക്കൾക്കാണ്. അതിനാൽ ഒരു കുട്ടിയെ അവൻ ആയിരിക്കുന്ന വിധം അംഗീകരിക്കാനും അവനെ വളർത്തുവാനും അവർക്കാണ് കൂടുതൽ സാധിക്കുന്നത്. മക്കളെ മനസിലാക്കുന്നതിനും അവരുടെ സ്വഭാവം കണ്ടെത്തുന്നതിനും സമയവും ക്ഷമയും നിരീക്ഷണവും ആവശ്യമാണ്.

ഒരു സംഭവത്തോട് പ്രതികരിക്കാനുള്ള കഴിവാണ് ഒരു വ്യക്തിയുടെ വൈകാരികത. ചെറുപ്പത്തിൽ ഒരു കാര്യം തുടങ്ങുന്നതിന് മാതാപിതാക്കളുടെ പിന്തുണ ആവശ്യമാണ്. അപ്പോൾ കൊടുക്കുന്ന പിന്തുണ നല്ല രീതിയിൽ അവരെ വളർത്തുന്നതിനും മനസിലാക്കുന്നതിനും ഇടവരുത്തും. അതിനാൽ കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ അവരായിരിക്കുന്ന വിധം മനസിലാക്കി വളർത്തുവാൻ പരിശ്രമിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.