പ്രാർത്ഥനയിലൂടെ ഈശോയുടെ ഹൃദയത്തെ അറിയാം

നമ്മോടുള്ള സ്‌നേഹത്താല്‍ മുറിവേല്‍പിക്കപ്പെട്ട ഈശോയുടെ പരിശുദ്ധ ഹൃദയത്തെ നമ്മൾ അനുസ്മരിക്കുകയാണ്. തന്റെ ഹൃദയം നമുക്കായി നല്‍കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. അതിനുള്ള ഒരു മാർഗ്ഗമാണ് പ്രാർത്ഥനയോടെ ഈശോയുടെ ഹൃദയത്തെ അറിയുവാൻ പരിശ്രമിക്കുക എന്നത്. കാരണം, ഹൃദയം ഹൃദയത്തെ തൊട്ടറിയുന്ന നിമിഷങ്ങളാണ് പ്രാര്‍ത്ഥന. അത് ജീവിതത്തിന് എന്നും ശക്തിയും രുചിയും പകരുന്നതാണല്ലോ.

എവിടെയോ വായിച്ചുമറന്ന ഒരു കഥ ഇപ്രകാരമാണ്: പിറ്റേ ദിവസത്തേയ്ക്കുള്ള ഓഫീസ് ജോലികള്‍ ധൃതിയില്‍ ചെയ്തുകൊണ്ടിരുന്ന ഒരു അപ്പനെ തന്റെ ഒന്നര വയസ്സുള്ള മകന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. എത്ര ശ്രമിച്ചിട്ടും കുഞ്ഞ് കരച്ചില്‍ നിര്‍ത്താത്തതിലുള്ള പരിഭവവുമായി കടന്നുവന്ന ഭാര്യയില്‍ നിന്ന് മനസ്സില്ലാമനസ്സോടെ അയാള്‍ കുഞ്ഞിനെ വാങ്ങി മടിയിലിരുത്തി. മടിയില്‍ നിന്ന് തന്റെ ചങ്കിലേയ്ക്കു ചായാന്‍ ആയാസപ്പെടുന്ന കുഞ്ഞിനെ അയാള്‍ തന്റെ ചങ്കത്തു കിടത്തി. പെട്ടെന്ന് കുഞ്ഞ് കരച്ചില്‍ നിര്‍ത്തി, ഇതുവരെ ഒന്നും സംഭവിക്കാത്ത രീതിയില്‍ ശാന്തനായി ഉറക്കം ആരംഭിച്ചു. കഥ ഇവിടെ അവസാനിപ്പിക്കുന്നുവെങ്കിലും ചില ചോദ്യങ്ങളും ചിന്തകളും ഇത് നമ്മിലുണര്‍ത്തുന്നു. ആ അപ്പന്റെ നെഞ്ചിന്റെ ചൂട് ആ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നു.

ഇതുപോലെ ദൈവത്തിന്റെ ഹൃദയത്തില്‍ ചാരിക്കിടന്ന് ആ ചങ്കിന്റെ സുഖവും ചൂടും നുകര്‍ന്ന ഒരു വ്യക്തിയെ സുവിശേഷം നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നു. അത് മറ്റാരുമല്ല, അവിടുത്തെ അരുമശിഷ്യനായ യോഹന്നാനാണ്. ഇതിനേക്കാളൊക്കെ ഉപരിയായ മറ്റൊരാള്‍ പിതാവിന്റെ ഹൃദയത്തിന്റെ ചൂടും ശക്തിയുമൊക്കെ അനുഭവിച്ചറിഞ്ഞ് പ്രാര്‍ത്ഥനയിലൂടെ പിതൃഹൃദയത്തോട് അഭേദ്യമായ ബന്ധം പുലര്‍ത്തി – പുത്രനായ ക്രിസ്തു. പരസ്യജീവിതത്തില്‍ തന്നെ അയച്ച പിതാവിനെ മഹത്വപ്പെടുത്താന്‍ അവന്‍ ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളിലേയ്ക്കും പട്ടണങ്ങളുടെ ഊടുവഴികളിലേയ്ക്കും ഓടിയെത്തി. അതൊന്നും സ്വന്തം ഇഷ്ടങ്ങള്‍ നിറവേറ്റാനായിരുന്നില്ല; മറിച്ച്, പിതാവിന്റെ ഹിതം നിറവേറ്റാനായിരുന്നു.

പ്രാർത്ഥന: ദൈവവുമായി കണ്ടുമുട്ടുന്ന സമയം

പ്രാര്‍ത്ഥനയെ നാം നിര്‍വ്വചിക്കുന്നത്, ദൈവവുമായുള്ള സ്‌നേഹസംഭാഷണം എന്നാണ്. ഒപ്പം അത് യഥാര്‍ത്ഥത്തില്‍ പരസ്പരം അറിയുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള കണ്ടുമുട്ടലാണ്. നമ്മെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവും നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. ഈശോയുടെ ജീവിതത്തിന് ശക്തിയും ധൈര്യവും നല്‍കിയത് പിതാവുമായുള്ള നിരന്തര കണ്ടുമുട്ടലുകളായിരുന്നു. ‘ആബാ പിതാവേ’ എന്ന് ഹൃദയം തുറന്ന് ക്രിസ്തു വിളിച്ചപ്പോഴെല്ലാം പിതാവ് ഉത്തരമരുളുന്നു. തന്റെ ഹിതം ക്രിസ്തുവിന് വെളിപ്പെടുത്തി.

ക്രിസ്തു, ജനനം മുതല്‍ മരണം വരെ പിതാവുമായി ഗാഢബന്ധം പുലര്‍ത്തിയിരുന്നു. ഓരോ പ്രാര്‍ത്ഥനയിലും ‘അപ്പാ’ എന്നുള്ള അവന്റെ വിളി, തന്റെ സമ്മതം അറിയിക്കലുകളായിരുന്നു. ഈശോ തന്റെ ഓരോ ദിനവും പ്രാര്‍ത്ഥനയില്‍ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും നാം വചനത്തില്‍ കണ്ടുമുട്ടുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അവന്റെ പ്രാര്‍ത്ഥനകളും യാചനകളും ഒന്നും സ്വന്തമായി നേടിയെടുക്കുന്നതിനു വേണ്ടിയായിരുന്നില്ല. അത് നമുക്കോരോരുത്തർക്കും വേണ്ടിയുള്ളതായിരുന്നു.

ദൈവവുമായുള്ള എന്റെ വ്യക്തിബന്ധം

പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകള്‍ വെറും പ്രകടനങ്ങളായി മാത്രം മാറുന്നു. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ബാലിശമായ ചിന്താഗതികളും ധാരണകളും നമ്മുടെ പ്രാര്‍ത്ഥനകളെ വെറും ലിസ്റ്റുകളാക്കി ചുരുക്കുന്നു. ദൈവത്തില്‍ നിന്നു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ നമ്മുടെ കഴിവുകള്‍ കൊണ്ടല്ല, ദൈവം സൗജന്യമായി തരുന്നതാണെന്ന് നാം മറക്കുന്നു. നമുക്ക് ആവശ്യമുള്ളതൊക്കെ തരുന്ന ഒരാളായി മാത്രം നാം ദൈവത്തെ ഒതുക്കിനിര്‍ത്തുന്നു. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ മാത്രമുള്ള ബന്ധമാണോ എനിക്ക് ദൈവവുമായിട്ടുള്ളത്?

ക്രിസ്തു ജനക്കൂട്ടത്തിലേയ്ക്ക് ഉള്‍ച്ചേരുന്നതിനു മുമ്പും തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷവും തന്റെ പിതാവിന്റെ മുന്‍പില്‍ ഹൃദയം തുറന്നുവച്ചു. ക്രിസ്തുവിന്റെ ഹൃദയം, പിതാവേ എന്നു വിളിക്കുമ്പോഴെല്ലാം പിതാവ് വിളിപ്പാടകലെ ഉണ്ടായിരുന്നു. മോശ ഇസ്രായേല്‍ ജനത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ, “നാം വിളച്ചപേക്ഷിക്കുമ്പോഴെല്ലാം ദൈവം നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്” എന്ന്. യോഹന്നാന്റെ സുവിശേഷം 17-ാം അദ്ധ്യായത്തില്‍ പിതാവുമായുള്ള പുത്രന്റെ അഭേദ്യമായ ഹൃദയബന്ധം ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയില്‍ തെളിഞ്ഞുകാണാം. തരളിതമായ ഹൃദയത്തോടെ ആബായെ വിളിച്ച് അവന്‍ പ്രാര്‍ത്ഥിക്കുകയാണ്. എന്റേതെല്ലാം അങ്ങേയ്ക്കും അങ്ങയുടേതെല്ലാം എനിക്കും. എത്ര സുന്ദരമായ വാക്കുകള്‍!

തന്റേതെല്ലാം സമര്‍പ്പിച്ചുകൊണ്ട് പിതാവ് നല്‍കുന്നതെല്ലാം സ്വീകരിക്കുമെന്ന ഉറപ്പ്. പക്ഷേ, പലപ്പോഴും നാമൊക്കെ ദൈവത്തില്‍ നിന്ന് എല്ലാം പോരട്ടെ എന്ന ഭാവത്തില്‍ ദൈവസന്നിധിയില്‍ ചിലവഴിക്കുന്നവരാണ്. പിതാവിന്റെ ഹിതം അറിഞ്ഞുകൊണ്ട് ആ ഹൃദയം തന്നോട് പറയുന്നത് പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പാണ് ഓരോ പ്രാർത്ഥനയിലും ഈശോ നടത്തുന്നത്. പ്രാര്‍ത്ഥനാനുഭവം എന്നത് നിരന്തരമായ അധരചലനങ്ങളല്ല മറിച്ച് നിശബ്ദതയുടെ ആഴങ്ങളില്‍ അവിടുത്തെ ഹൃദയം നമ്മുടെ ഹൃദയത്തോട് മന്ത്രിക്കുന്നത് കേള്‍ക്കുന്നതാണ്. ആഴമായ നിശബ്ദതയില്‍ ഈശോ പിതാവുമായി കണ്ടുമുട്ടി. എന്റെ ഹിതമല്ല നിന്റേതു മാത്രം നിറവേറട്ടെ എന്നുപറഞ്ഞ് സ്വയം സമര്‍പ്പിക്കാന്‍ ഈശോയ്ക്കു കഴിഞ്ഞു.

ഇവിടെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്. നമ്മുടെ പ്രാര്‍ത്ഥനകള്‍ നമ്മുടെ ഹിതം പൂര്‍ത്തീകരിക്കുന്ന വേളകളായി മാറുന്നുണ്ടോ? വെറും കാര്യസാധ്യത്തിനുള്ള സ്ഥലമായി നമ്മുടെ പ്രാര്‍ത്ഥനാജീവിതം മാറുന്നുണ്ടോ? എന്റെ ഇഷ്ടങ്ങളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും അകന്ന് എന്റേതല്ല, അങ്ങയുടേതു മാത്രം നിറവേറട്ടെ എന്നതിലേയ്ക്കുള്ള വളര്‍ച്ചയായി നമ്മുടെ പ്രാര്‍ത്ഥനകള്‍ മാറട്ടെ. ഈ ലോകത്ത് മറ്റാരും പറയാത്ത ഒരു കാര്യം ഈശോ പറയുന്നു, എന്റെ ഹൃദയത്തില്‍ നിന്നും പഠിക്കുവിന്‍. നമുക്കും ഈശോയില്‍ നിന്നു പഠിക്കാം.

സി. സൂസൻ അമ്പലത്തിങ്കൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

9 COMMENTS

  1. തിരുഹൃയ ഭക്തി ഉള്ളിൽഉണർത്തുന്ന വരികൾ…. സൂപ്പർ 👍👍👍🙏

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.