ദരിദ്രരുടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന വി. ജൂസെപ്പെ മോസ്‌ക്കറ്റിയുടെ ജീവിതം

രോഗികളുടെ ആത്മീയവും ശാരീരികവുമായ ഉന്നമനത്തിനു വേണ്ടി ജീവിതം ഒരു സേവനമാക്കി മാറ്റിയ വിശുദ്ധനായിരുന്നു ഡോ. ജൂസെപ്പെ മോസ്‌കറ്റി. പോൾ ആറാമൻ പാപ്പാ ഇദ്ദേഹത്തെ 1975 നവംബർ 16 -ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1927 ഏപ്രിൽ 12 -ന് മരണമടഞ്ഞ അദ്ദേഹത്തെ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് 1987 -ൽ വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ വിശുദ്ധന്റെ ജീവിതം വായിച്ചറിയാം.

1. വളരെ ഉയർന്ന ബൗദ്ധിക നിലവാരം പുലർത്തിയ ഡോക്ടർ

1880 സെപ്റ്റംബർ 25 -ന് ഇറ്റലിയിലെ ബെനെവെന്റോയിലാണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരുപത്തി രണ്ടാം വയസ്സിൽ ഉയർന്ന മാർക്കോടുകൂടി മെഡിക്കൽ ബിരുദം പൂർത്തിയാക്കി. അദ്ദേഹം തന്റെ രോഗികൾക്ക് എല്ലാ വിധ രോഗങ്ങൾക്കും വിദഗ്ധ ചികിത്സ നൽകുവാനായി 20 വ്യത്യസ്ത മേഖലകളിൽ സ്പെഷ്യലൈസഷൻ നടത്തുകയും ചെയ്തിരുന്നു. പ്രമേഹ രോഗത്തിന് ഇന്‍സുലിന്‍ ഫലപ്രദമാകുമോ എന്ന പരീക്ഷണം നടത്തിയ ആദ്യകാല ഗവേഷകരിൽ ഒരാളായിരുന്നു അദ്ദേഹം.

2. ജീവിതം തന്നെ വിശുദ്ധിയിലേക്കുള്ള മാർഗ്ഗമാക്കി മാറ്റിയ വിശുദ്ധൻ

വിശുദ്ധ കുർബാനയിൽ അധിഷ്ഠിതമായ ജീവിതം നയിച്ച അദ്ദേഹം അതിരാവിലെ എഴുന്നേറ്റ് ദിവ്യബലിയിൽ പങ്കുചേർന്നിരുന്നു. അതിനുശേഷം വീടുകളിൽ കിടപ്പുരോഗികളായവരെ ശുശ്രൂഷിക്കുവാൻ പോകുക പതിവായിരുന്നു. എങ്കിലും രാവിലെ കൃത്യം 8.30 -ന് ആശുപത്രിയിൽ എത്തിയിരുന്ന അദ്ദേഹം പുഞ്ചിരിയോടുകൂടിയേ തന്റെ രോഗികളെ ശുശ്രൂഷിച്ചിട്ടുള്ളൂ. തന്നെ അന്വേഷിച്ച് വരുന്നവരിൽ നിന്ന് ഒരു രൂപ പോലും ചികിത്സാ ഫീസ് വാങ്ങിയിരുന്നില്ല. അതിനു പുറമെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അക്കാദമിക മികവുകൊണ്ട് മറ്റു പല സ്ഥാപനങ്ങളിൽ നിന്നും ജൂസപ്പയ്ക്ക് ഉയർന്ന ശമ്പളത്തിൽ ജോലിയും മറ്റു സൗകര്യങ്ങളും പല തവണ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം നിരസിച്ചുകൊണ്ട് അദ്ദേഹത്തെ തന്റെ സത്പ്രവർത്തികൾ തുടർന്നു. 1927 ഏപ്രിൽ 12 -ന് അദ്ദേഹം മരണമടഞ്ഞപ്പോൾ ആളുകൾ പറഞ്ഞത് ‘ദരിദ്രരുടെ ഡോക്ടർ മരിച്ചു’ എന്നായിരുന്നു.

3. തന്റെ രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരെ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും ചെയ്ത ഡോക്ടർ

വൈദ്യശാസ്ത്രത്തിൽ അഗ്രഗണ്യനായിരുന്നെങ്കിൽ പോലും സുഖപ്പെടുത്തുന്നവൻ കർത്താവാണെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും വിശ്വാസമില്ലാത്തവരെ പ്രത്യേകമായി ദൈവത്തിങ്കലേക്കു ക്ഷണിക്കുകയും ചെയ്തു. തന്റെ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും മുൻപ് തന്നെത്തന്നെ ദൈവ സന്നിധിയിൽ നൽകുവാനും അദ്ദേഹം ശ്രദ്ധിച്ചു.

4. ജെസ്യൂട്ട് പുരോഹിതനാകുവാൻ ആഗ്രഹിച്ച വിശുദ്ധൻ

30 വയസ്സിനിടയിൽ അദ്ദേഹം ജെസ്യൂട്ട് പുരോഹിതനാകുവാനുള്ള ആഗ്രഹ പ്രകാരം സെമിനാരിയിൽ ചെന്നെങ്കിലും പ്രവേശിക്കുവാൻ അനുവദിച്ചില്ല. അനേകർക്കായി തന്റെ വൈദ്യസഹായം തുടരണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹം പിന്നീട് തന്റെ യഥാർത്ഥ ദൈവവിളിയിൽ തന്നെ തുടരുകയായിരുന്നു.

5. അതിസാഹസികമായി നിരവധി തവണ മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച വിശുദ്ധൻ

വൈദ്യശാസ്ത്ര ബിരുദം നേടി ഏതാനും വർഷങ്ങൾക്കു ശേഷം വെസൂവിയസ് പർവ്വതം പൊട്ടിത്തെറിക്കുവാൻ പോകുന്ന സാഹചര്യമുണ്ടായപ്പോൾ തന്റെ ആശുപത്രിയിലെ എല്ലാ രോഗികളെയും അവിടെനിന്നു മാറ്റുവാൻ പ്രത്യേകമാം വിധം പരിശ്രമിച്ചിരുന്നു അദ്ദേഹം. അവസാനത്തെ രോഗിയെ മാറ്റിയതിന്റെ അടുത്ത നിമിഷത്തിൽ തന്നെ ആശുപത്രിയുടെ മേൽക്കൂര തകർന്നു വീഴുകയും ചെയ്തു.

31 വയസ്സുള്ളപ്പോൾ ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഉണ്ടായ കോളറ ബാധയിൽ ഒരുപാട് പേരെ ചികിത്സിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു. ഇറ്റാലിയൻ സായുധ സേനയിൽ പരിക്കേറ്റ ഒരുപാട് സൈനികരെയും അദ്ദേഹം ശുശ്രൂഷിച്ചിട്ടുണ്ട്.

സുനീഷ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.