ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് 80-ാം വാർഷികാഘോഷം: ദീപശിഖാ പ്രയാണത്തിന് തുടക്കമായി

ക്‌നാനായ കത്തോലിക്കാ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെയും ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കെ.സി.സിയുടെ 80-ാമത് വാർഷികാഘോഷങ്ങളുടെയും ക്‌നാനായ കുടുംബസംഗമത്തിന്റെയും മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് തുടക്കമായി. വാരപ്പെട്ടി സെന്റ് മേരീസ് പള്ളിയിൽ കെ.സി.സി പ്രഥമ പ്രസിഡന്റായിരുന്ന ഷെവലിയാർ ജോസഫ് കണ്ടോത്തിന്റെ കബറിടത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം ചുങ്കം, കരിങ്കുന്നം, വെളിയന്നൂർ, അരീക്കര, ഉഴവൂർ മേഖലകളിൽ എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങിയശേഷം ഏറ്റുമാനൂർ സെന്റ് ജോസഫ് പള്ളി അംഗണത്തിൽ സംഗമിച്ചു.

തുടർന്ന് വിവിധ ഫൊറോനകളിൽ നിന്നുമുള്ള ആത്മീയ-അൽമായ നേതാക്കളുടെ ഛായാചിത്രങ്ങളും വഹിച്ചുകൊണ്ടുള്ള സംയുക്ത റാലി കൈപ്പുഴയിലെത്തി. തുടർന്ന് കെ.സി.സി പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജ് എക്‌സ് എം.എൽ.എ പതാക ഉയർത്തി. ഫിലിം ഫെസ്റ്റിവർ മത്സരവും നടത്തപ്പെട്ടു.

ആഘോഷപരിപാടികളുടെ രണ്ടാംദിനമായ ഇന്ന് (ഫെബ്രുവരി 23 ശനിയാഴ്ച) രാവിലെ 10.30 ന് കേരള ചരിത്രത്തിൽ ക്‌നാനായ സമുദായത്തിന്റെ സംഭാവനകൾ എന്ന വിഷയത്തിൽ റിട്ടയേർഡ് ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ്ബ് ഐ.പി.എസ് സെമിനാർ നയിക്കും. ബാബു കദളിമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജേക്കബ്ബ് വാണിയംപുരയിടത്തിൽ, ലൂക്കോസ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കെ.സി.സി പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷിക പൊതുയോഗത്തിൽ  ഷൈജി ഓട്ടപ്പള്ളിൽ, സാബു മുണ്ടകപ്പറമ്പിൽ, തൂഫാൻ തോമസ്,  പ്രൊഫ. തോമസ് മുല്ലപ്പള്ളി എന്നിവർ പ്രസംഗിക്കും. തുടർന്ന് 4.30 ന് നടത്തപ്പെടുന്ന ലിറ്റിൽ പ്രിൻസ് & പ്രിൻസസ്സ്, ക്‌നാനായ സുന്ദരി, മിസ്റ്റർ ക്‌നാനായ, ദമ്പതീപൊരുത്തം തുടങ്ങിയ മത്‌സരങ്ങൾ  കുമാരി ട്രീസ ഡെമിസ് പുളിമൂട്ടിൽ മത്സരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്ന സാംസ്‌കാരിക സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കെ.സി.സി പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജ് എക്‌സ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊഹിമ രൂപതാദ്ധ്യക്ഷൻ മാർ ജെയിംസ് തോപ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും.

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ്. ഹരീഷ് മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മോൻസ് ജോസഫ് എം. എൽ.എ, തോമസ് ചാഴികാടൻ എക്‌സ്.എം.എൽ.എ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വിമലക്കുട്ടിയമ്മ, എ.ഐ.സി.യു സംസ്ഥാന സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സെക്രട്ടറി തോമസ് പീടികയിൽ എന്നിവർ പ്രസംഗിക്കും. ഫാ. മാത്യു കുഴിപ്പിള്ളിയിൽ സ്വാഗതവും ജോസ് തൊട്ടിയിൽ നന്ദിയും പറയും.

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെയും ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും പങ്കാളിത്തത്തോടെ ഫെബ്രുവരി 24 ഞായറാഴ്ച സംഘടിപ്പിക്കുന്ന ക്‌നാനായ കുടുംബസംഗമത്തോടെ  ആഘോഷപരിപാടികൾ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.