അതിരൂപതാ സ്ഥാപനദിനത്തിൽ സമൂഹ്യപ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളുമായി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്

തെക്കുംഭാഗ ജനതയ്ക്കായി 1911-ൽ സ്ഥാപിതമായ കോട്ടയം അതിരൂപതയുടെ 110-ാം സ്ഥാപന ദിനത്തോടനുബന്ധിച്ച് അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹ്യവികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകർക്ക് ജോലിസമയത്ത് സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന യെല്ലോ ഏപ്രൺ വിതരണം, ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്ന പഠനോപകരണ വിതരണം, രോഗീസഹായം എന്നീ പ്രവർത്തനങ്ങളാണാണ് അതിരൂപത നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളോടു ചേർന്ന് കെ.സി.സി. നടപ്പിലാക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക്ക് ജോലിസമയത്ത് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതിന് കെ.സി.സി. ലഭ്യമാക്കുന്ന യെല്ലോ ഏപ്രണുകൾ കെ.സി.സി. ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി. മെഡിക്കൽ കോളേജി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനുവേണ്ടി നെഫ്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സെബാസ്റ്റ്യൻ എബ്രാഹം ഏപ്രണുകൾ ഏറ്റുവാങ്ങി.

കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി. ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ട്രഷറർ ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറം, മെഡിക്കൽ കോളേജ് കൊറോണ കൺട്രോൾ സെൽ മെഡിക്കൽ ഓഫീസർ ഡോ. സരിത ജെ. ഷേണോയി, അസോസിയേറ്റ് മെഡിക്കൽ പ്രൊഫസർ ഡോ. സിസി ജോസ് മഞ്ഞാങ്കൽ, ഡോ.ഏബൽ എന്നിവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.