മെത്രാന്മാരെ അടച്ചാക്ഷേപിച്ച ബിജെപി നേതാവ് സി കെ പത്മനാഭൻ മാപ്പ് പറയണം: കെഎൽസിഎ

കത്തോലിക്കാസഭയിലെ മെത്രാന്മാരെ അടച്ചാക്ഷേപിച്ച ബിജെപി നേതാവ് സി കെ പത്മനാഭൻ എതിരെ ബിജെപി അധ്യക്ഷന് പരാതി. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്ന് കെഎൽസിഎ

കത്തോലിക്കാ സഭയിലെ മുഴുവൻ ബിഷപ്പുമാരേയും അധിക്ഷേപിച്ച് സംസാരിച്ച ബിജെപി നേതാവ് സി കെ പത്മനാഭൻ എതിരെ കെഎൽസിഎ സ്ഥാനസമിതി പ്രതിഷേധം അറിയിച്ചു. യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സി കെ പത്മനാഭൻ കത്തോലിക്കാസഭയിലെ ബിഷപ്പ്മാരെ മുഴുവൻ ആക്ഷേപിച്ച് സംസാരിച്ചത്.

ഇഷ്ടം പോലെ നല്ല ഭക്ഷണം കഴിച്ച് തിന്ന് കുടിച്ച് കൊഴുത്തു നടക്കുന്ന ആളുകൾക്ക് അവരുടേതായ ജൈവികമായ പ്രശ്നങ്ങളുണ്ടാകുമെന്നും വിയറ്റ്നാമിൽ മുഴുവൻസമയ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകൻ മാർക്ക് പാർട്ടി വൈഫ് സംവിധാനമുണ്ടെന്നും അതുപോലെ സഭയ്ക്കകത്തും എന്തെങ്കിലും സംവിധാനം ഉണ്ടാകുന്നത് നല്ലതാണെന്നും ആണ് സി കെ പത്മനാഭൻ പറഞ്ഞത്.  ഒരു വ്യക്തിയുടെ വിഷയത്തിന്റെ പേരിൽ സഭയെ ആകമാനം സാമാന്യവൽക്കരിച്ച്  നടത്തിയ പരാമർശം അപകീർത്തികരമാണെന്നും മതത്തെയും മതാചാര്യന്മാരയും അവഹേളിക്കൽ ആണെന്നും ആരോപിച്ചാണ് കെഎൽസിഎ സംസ്ഥാന സമിതി ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് കത്ത് നൽകിയത്. കത്തിലെ ഒരു പകർപ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കും നൽകിയിട്ടുണ്ട്. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവർ ചേർന്ന് നൽകിയ കത്തിൽ സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.