തീരമേഖല മാനേജ്‌മെന്റ് പ്ലാന്‍ – അഭിപ്രായങ്ങള്‍ നല്‍കാന്‍ മതിയായ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

2019 ലെ തീര നിയന്ത്രണ വിജ്ഞാപനതോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന കരട് മാപ്പിലെ വിവരങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അഭിപ്രായം അറിയിക്കണം എന്ന് ആവശ്യപ്പെട്ട് തീരമേഖല പരിപാലന അതോറിറ്റി തദ്ദേശ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അറിയിപ്പിന്റെ സമയപരിധി കോവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘിപ്പിച്ച് നല്‍കണമെന്നും വിഷയം ബാധിക്കുന്ന എല്ലാവര്‍ക്കും കരട് മാപ്പ് പരിശോധിക്കാനും അഭിപ്രായങ്ങള്‍ അറിയിക്കുവാനും അവസരം നല്‍കണമെന്നും കെഎല്‍സിഎ സംസ്ഥാനസമിതി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കരട് മാപ്പ് പൊതുജനങ്ങള്‍ക്കിടയില്‍ മതിയായ പരസ്യം നല്‍കി അഭിപ്രായങ്ങള്‍ ശേഖരിക്കണമെന്നാണ് മാര്‍ഗരേഖയില്‍ പറഞ്ഞിട്ടുള്ളത്. കായല്‍ ദ്വീപുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന മാപ്പ് ആയതിനാല്‍ പരിശോധനയ്ക്കായി കൂടുതല്‍ സമയം നല്‍കണം. പുതിയ കരട് മാപ്പില്‍ പൊക്കാളി പാടങ്ങള്‍ CRZ IB ല്‍ ആണ് ഉള്‍പ്പെടുത്തി കാണുന്നത്. അത് പ്രദേശത്ത് തദ്ദേശവാസികളുടെ ഭവനനിര്‍മ്മാണ നിയന്ത്രണം കൂടുതല്‍ ഗുരുതരമാക്കും. കൂടാതെ ടൂറിസത്തിന് അമിതമായ അവസരങ്ങള്‍ നല്‍കി തീരം വാണിജ്യ വല്‍ക്കരിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം വിഷയങ്ങളില്‍ വിശദമായ അഭിപ്രായരൂപീകരണം ആവശ്യമുണ്ട് എന്ന് പ്രസിഡണ്ട് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവര്‍ നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.