പ്രകാശം പരത്തുന്ന വൈദികൻ

മരിയ ജോസ്

സ്വന്തം ശരീരവും രക്തവും മനുഷ്യനായി പകുത്തു നൽകിയ ക്രിസ്തുവിന്റെ ദൗത്യം പൂർത്തിയാക്കുന്നതിനാണ് ഓരോ വൈദികനും വിളിക്കപ്പെട്ടിരിക്കുന്നത്. കരൾ പകുത്തു നൽകുവോളം സ്നേഹിച്ചവന്റെ വിളി സ്വീകരിക്കുക. അതിൽപരം വലുതായി ഒന്നുമില്ല. ഈ ഒരു നന്മ അതിന്റെ പൂർണ്ണതയിൽ ഉള്ളിലേയ്ക്ക്‌ സ്വീകരിക്കുകയും അതിനെ പ്രവൃത്തിപഥത്തിലേയ്ക്ക് കൊണ്ടുവരികയും ചെയ്ത വ്യക്തിയാണ് ഫാ. ഷിബു യോഹന്നാൻ  കുറ്റിപറിച്ചേൽ.

മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയിലെ അംഗമായ ഈ വൈദികന്റെ ജീവിതം ഇന്ന് അനേകർക്ക്‌ മാതൃകയാവുകയാണ്. അതിനു പിന്നിൽ ഒരു മഹത്തായ അവയവ ദാനത്തിന്റെ കഥയുണ്ട്. ജീവിതാനുഭവങ്ങളുടെ നനവുള്ള ഓർമ്മകളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ഷിബു അച്ചൻ.

ദൈവനിയോഗം പോലെ സംഭവിച്ച അവയവദാനം

“ഒരിക്കൽപ്പോലും അവയവദാനം എന്നൊരു മഹാകർമ്മം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നില്ല ഞാൻ. ഒരുപക്ഷെ, അത് ദൈവത്തിന്റെ നിയോഗം ആയിരിക്കാം.” തൃശൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരി ഹൈറുന്നിസ എന്ന മുസ്ലിം യുവതിക്ക് വൃക്ക ദാനം ചെയ്ത സംഭവത്തെക്കുറിച്ച് അച്ചൻ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.

പലരും അവയവ ദാനത്തെക്കുറിച്ച് പറയുന്നതും ചെയ്യുന്നതുമൊക്കെ പലപ്പോഴായി അച്ചൻ കേട്ടിട്ടുണ്ട്. മാധ്യമങ്ങളിലെ വാർത്തകളിലൂടെ കടന്നുപോയിട്ടുണ്ട്. അപ്പോഴൊന്നും തന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു ചിന്ത പോലും അച്ചന്റെ ഉള്ളിൽ ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പ്രാർത്ഥനയിലായിരിക്കുമ്പോഴാണ് അവയവം ദാനം ചെയ്‌താൽ കൊള്ളാം എന്ന ഒരു ചിന്ത മനസ്സിൽ ഉദിക്കുന്നത്. അറിയാതെ വന്ന ഒരു തോന്നൽ! ആ തോന്നലാണ് ഇന്ന് ഒരു കുടുംബത്തിന് കൈത്താങ്ങായത്.

എല്ലാവരുടെയും ജീവിതത്തിൽ ദൈവം ഇടപെടുന്ന ഒരു അനുഭവം ഉണ്ടാകുമല്ലോ. ഒരുപക്ഷേ, അറിഞ്ഞ് അപേക്ഷിക്കുന്നവനു മുന്നിൽ അസാധ്യമായ വാതിലുകൾ പോലും തുറക്കുന്ന ഒരു ദൈവം ഉണ്ടെന്നു ബോധ്യപ്പെടുത്തുന്ന അനുഭവങ്ങൾ. ഹൈറുന്നിസയെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ അത്ഭുതകരമായ ഒരു  ഇടപെടലാണ് ഷിബു അച്ചനിലൂടെ ദൈവം നടത്തിയത്. “ഒരുപക്ഷേ, അവരുടെ പ്രാർത്ഥനയ്ക്ക് ദൈവം നൽകിയ ഉത്തരം” അത് മാത്രമാണ് തന്നിലേയ്ക്ക് ഇങ്ങനെ ഒരു തോന്നൽ വന്നതും അത് പ്രവൃത്തിയിലേയ്ക്ക് എത്തിച്ചതും – അച്ചൻ വെളിപ്പെടുത്തി.

വഴിയൊരുക്കി ചിറമേൽ അച്ചൻ

ഒരു സുപ്രഭാതത്തിൽ കിഡ്‌നി ദാനം ചെയ്‌താൽ കൊള്ളാം എന്നു തോന്നി. കൂടുതലൊന്നും അറിയില്ല. ഈയൊരു സാഹചര്യത്തിൽ ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളവും ആദ്യം ഓടിയെത്തുക, തനതായ തൃശൂർ ശൈലിയിൽ അവയവ ദാനത്തിന്റെ മഹത്വം പകരുന്ന ഡേവിഡ് ചിറമേൽ അച്ചനാണ്. ഇവിടെയും മറ്റൊന്നായിരുന്നില്ല. തന്റെ ആഗ്രഹം അച്ചൻ ചിറമേൽ അച്ചനെ അറിയിച്ചു. ആദ്യം ഷിബു അച്ചന്റെ ആഗ്രഹത്തെ ചിറമേൽ അച്ചൻ അത്ര ഗൗരവമായി കണ്ടിരുന്നില്ല. എന്നാൽ പിന്നീട് പല പ്രാവശ്യം ഇതേക്കുറിച്ച് സംസാരിക്കുകയും കാര്യങ്ങൾ ആരായുകയും ചെയ്തതോടെ അച്ചന്റെ തീരുമാനം ഉറച്ചതാണെന്ന ബോധ്യത്തിലേയ്ക്ക് ചിറമേൽ അച്ചൻ എത്തുകയായിരുന്നു.

അങ്ങനെയാണ് ഹൈറുന്നിസ എന്ന മുസ്ലിം യുവതിയുമായി പരിചയപ്പെടുന്നത്. ചിറമേൽ അച്ചന്റെ കിഡ്‌നി ഫെഡറേഷനിൽ ഈ യുവതിയും പേര് ചേർത്തിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു ഹൈറുന്നിസ. ഒരു കുഞ്ഞിന‍്റെ അമ്മ. അപകടശേഷം വീൽചെയറിൽ ജീവിതം തള്ളിനീക്കേണ്ടി വന്നിരുന്ന ഭർത്താവ്. സാമ്പത്തിക പ്രതിസന്ധി. ചുരുക്കത്തിൽ ചുറ്റും ഇരുൾ നിറഞ്ഞ അവസ്ഥ. അവർക്ക് തുണയായി ആകെ ഉണ്ടായിരുന്നത് പ്രാർത്ഥന മാത്രമായിരുന്നു. ആ പ്രാർത്ഥനയ്ക്കുള്ള ഉത്തരമാണ് ദൈവം അച്ചനിലൂടെ നൽകിയത്.

അവയവങ്ങൾ മാച്ച് ആണെന്നു കണ്ടതോടെ ബാക്കിയുള്ള കാര്യങ്ങൾ വളരെ വേഗത്തിൽ നടന്നു. അങ്ങനെ 2016 ഡിസംബർ 21-ന് അവയവദാനം നടന്നു. എന്തുകൊണ്ടാണ് താൻ അവയവദാനത്തിന് മുതിർന്നതെന്നു ചോദിച്ചാൽ ഇപ്പോഴും അച്ചന് അതിനു പിന്നിൽ തന്നെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിയില്ല. അവരുടെ പ്രാർത്ഥന ദൈവം കേട്ടു. ദൈവം അതിന് ദൈവം സജ്ജമാക്കി. അത്രമാത്രം – അച്ചൻ പറഞ്ഞു നിർത്തി. അന്ന് അച്ചൻ ഒരു കാര്യം പറഞ്ഞു. അച്ചന്റെ മാതാപിതാക്കൾ സമ്മതിക്കുവാണെങ്കിൽ കിഡ്‌നി ദാനം ചെയ്തു കൊള്ളാൻ. വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചുവെങ്കിലും വലിയ ഓപ്പറേഷനും മറ്റും വേണ്ടി വരും എന്ന് പിന്നീടാണ് അപ്പച്ചനും അമ്മച്ചിക്കും മനസിലായത് – അച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

സമൂഹത്തിലേയ്ക്കുള്ള വാതിൽ തുറന്ന അവയവദാനം

ഓപ്പറേഷൻ കഴിഞ്ഞു. സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് അച്ചൻ  ചില മാറ്റങ്ങൾ  ശ്രദ്ധിക്കുന്നത്. ഏതെങ്കിലും ഒരു കാര്യം അത് സമൂഹത്തിന്റെ നന്മയ്ക്കാണെന്നു ബോധ്യമായാൽ താൻ പറയുന്നവയെ ഇരുകൈകളും നീട്ടി സ്വീകരിക്കുവാൻ ധാരാളം ആളുകൾ മുന്നോട്ടു വരുന്നു. നമ്മൾ പറയുന്നത് വെറുതെയല്ല. അതിൽ ഒരു കാര്യവും അതിനെ സാധൂകരിക്കുന്ന ഒരു കാരണവും ഒളിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കിയ ആളുകൾ. അതായിരുന്നു ഈ ഒരു അവയവ ദാനം അച്ചന് നൽകിയ അറിവ്. ഒരുപക്ഷേ, ഈ ഒരു അവയവ ദാനത്തിലൂടെ ദൈവം അച്ചന് മുന്നിൽ നന്മയുടെ അനേകം വാതിലുകൾ തുറക്കുന്നതിനുള്ള ഒരു അവസരം  ഒരുക്കുകയായിരുന്നു. എന്തും പറഞ്ഞാല്‍ വിശ്വസിക്കുന്ന ഒരു സമൂഹം! ഒരു സഹായം ആവശ്യമായി വന്നാൽ ഓടിയെത്തുന്ന ആളുകൾ! അവയവ ദാനത്തിലൂടെ ദൈവം തനിക്കു തന്ന സമ്മാനം അതായിരുന്നു എന്ന് ഷിബു അച്ചൻ ഓർക്കുന്നു.

അവയവ ദാനത്തിലൂടെ അനേകർക്ക്‌ പ്രചോദനമായോ എന്ന് ചോദിച്ചാൽ അതിനു വ്യക്തമായ ഒരു ഉത്തരം കണ്ടെത്താൻ അച്ചന് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ ഒരു വിശ്വാസ്യത , ജാതിക്കും മതത്തിനും അപ്പുറം നിന്നു കൊണ്ട് സമൂഹത്തിൽ കുറവുള്ളവരിലേയ്ക്ക് എത്തിപ്പെടുവാനുള്ള ഒരു വാതിലാണ് അദ്ദേഹത്തിന് തുറന്നുകിട്ടിയത്. ഒരു വൈദികൻ എന്ന നിലയിൽ സമൂഹത്തിലേയ്ക്ക് പ്രത്യേകിച്ച്, ഇതര മതസ്ഥരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതിന് അദ്ദേഹത്തിന് കഴിയുമോ എന്ന അനേകരുടെ സംശയം സാധൂകരിക്കുകയായിരുന്നു ദൈവം ഇതിലൂടെ.

സഹായവുമായി അനേകരിലേയ്ക്ക്

കിഡ്‌നി ദാനം ചെയ്തതിനു ശേഷം മനുഷ്യൻ എന്ന നിലയിൽ തന്നെ അംഗീകരിച്ച ജനങ്ങളെ അദ്ദേഹം, വേദനിക്കുന്നവരിലേയ്ക്ക് സാധാരണക്കാരിലേക്ക് നയിച്ചു. ആവശ്യക്കാരുടെ കുറവുകളിലേയ്ക്ക് തനിക്കൊപ്പം കടന്നുവരുവാനുള്ള അച്ചന്റെ ക്ഷണത്തെ ഇരുകൈകളും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. അതിനാൽ തന്നെ കൂടുതൽ നന്മകൾ ചെയ്യുവാൻ അച്ചന് കഴിഞ്ഞു. കിഡ്‌നി ദാനം ചെയ്തതിനു ശേഷമാണ് 5000 രൂപ വീതം ആയിരം വൃക്ക രോഗികൾക്ക് നൽകുന്ന പദ്ധതി ആരംഭിക്കുന്നത്. ഫേസ് ബുക്കിൽ ഇട്ട ഒരു പോസ്റ്റിലൂടെ ആറ് മാസം കൊണ്ട് 58 ലക്ഷത്തോളം രൂപ സമാഹരിക്കുവാനും അത് രോഗികളായ ആളുകളിലേയ്ക്ക്‌ എത്തിക്കുവാനും കഴിഞ്ഞു. ഇതുകൂടാതെ വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ താത്കാലിക കൂടാരങ്ങൾ നിർമ്മിക്കുക, ഗൈഡൻസ് സെന്റർ, വിവാഹ സഹായം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ അനേകർക്ക്‌ താങ്ങാകുവാൻ, അനേകരെ നന്മയിലേയ്ക്ക് നയിക്കുവാൻ ദൈവം ഇടയാക്കി.

ഇവിടം കൊണ്ടും തീരുന്നില്ല. അച്ചന്റെ സ്വപ്ന പദ്ധതിയാണ് ‘കൂട്’.  കൂടോ അതെന്താണെന്നൊരു ചോദ്യമുണ്ടെങ്കിൽ ഉത്തരം, ‘കൂടുണ്ടാക്കാൻ കൂടെ വരാമോ’ എന്ന ആപ്തവാക്യത്തിൽ തന്നെയുണ്ട്. സമൂഹത്തിൽ ആവശ്യക്കാരിലേയ്ക്ക് ഓടിയെത്തുവാൻ കൂടുണ്ടാക്കുവാൻ  സഹായിക്കുന്ന, സഹായിക്കണം എന്ന് ആഗ്രഹിക്കുന്ന ഈ പദ്ധതി ഇന്ന്  അതിന്റെ ബാല്യകാലത്തിലാണ് എന്ന് പറയാം. കൂട് എന്ന പദ്ധതിക്കു കീഴിൽ പല വിഭാഗങ്ങളുണ്ട്. അതിലൊന്നാണ് ‘അപ്പക്കൂട്’. ആശുപത്രികളിൽ കൂട്ടിരിക്കുന്നവർക്കും മറ്റും ഭക്ഷണം നൽകുന്ന പദ്ധതിയാണ്. രണ്ടാമത്തേതാണ് താത്കാലിക വസതി ഒരുക്കി കൊടുക്കുക എന്നത്. ഇതു കൂടാതെ അക്ഷരക്കൂടും  മറ്റ് അനേകം സ്വപ്നങ്ങളുമുണ്ട്. ഈ ആശയങ്ങളൊക്കെ അച്ചന്റെ മനസ്സിൽ കടന്നുവന്നത് കിഡ്‌നി ദാനം ചെയ്തതിനു ശേഷമാണ്.

കിഡ്‌നി ദാനം ചെയ്‍തിട്ട് മൂന്നു വർഷമാകുന്നു. മുമ്പത്തേതിലും കൂടുതൽ ഉഷാറായി ഓടിനടന്ന് ഉത്തരവാദിത്വങ്ങൾ തീർക്കുകയാണ് ഈ വൈദികൻ. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒക്കെ സൗജന്യമായി താമസിക്കുവാൻ അവസരം നൽകുന്ന കൃപാലയം എന്ന ഹെൽത്ത് സെന്ററിലെ  ഡയറക്ടർ, എറണാകുളം മുളന്തുരുത്തിയിലെ എംഎസ്ഒടി സെമിനാരി സ്പിരിച്ച്വൽ ഡയറക്ടര്‍ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചു വരുന്ന അച്ചൻ, മുമ്പത്തേതിലും കൂടുതൽ യാത്ര ചെയ്യുന്നുണ്ട്. ഉത്തരവാദിത്വങ്ങൾ ഓടിനടന്നു ചെയ്യുന്നുണ്ട്. ഈ തിരക്കുകൾക്കിടയിൽ ഒരു കിഡ്‌നി കൊടുത്തു എന്ന കാര്യം പോലും മറന്നുപോയിരിക്കുയാണ് ഇദ്ദേഹം ഇപ്പോൾ. “പേടിക്കേണ്ട അവയവ ദാനം ചെയ്ത ഒരാളെ കണ്ടുനോക്കൂ” – ഇതാണ് അദ്ദേഹത്തിന് നമ്മോടു പറയാനുള്ളത്.

എന്തു തന്നെയായാലും ദൈവം അനേകം നന്മയ്ക്കായി ഷിബു അച്ചനെ ഉപകരണമാക്കി. ഇനിയും അനേകം ആളുകളിലേക്ക്‌ സഹായമായി എത്തുവാൻ ഈ നിഷ്കളങ്ക പുഞ്ചിരിക്ക് കഴിയട്ടെ.

മരിയ ജോസ്