‘സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല…’

ഫാ. സെബാസ്റ്റ്യൻ

“ബഹു. അച്ചന്മാരേ,നമ്മുടെ റോബിൻ മനക്കലേത്ത് അച്ചൻ ഇപ്പോൾ കോയമ്പത്തൂരിൽ ഡയാലിസിസ് ചികിത്സ തുടരുന്നു. ഒരു മാസത്തോളം ഇത് തുടരേണ്ടി വരും. തുടർന്ന് എറണാകുളം ലിസി ഹോസ്പിറ്റലിൽ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ നടത്താൻ  ആഗ്രഹിക്കുന്നു. A ഗ്രൂപ്പിലോ O ഗ്രൂപ്പിലോ (either positive or negative) ഉള്ള കിഡ്നി ആണ് ആവശ്യം. അതിനായി ഒരു ഡോണറെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഡോണറിനെ കണ്ടെത്താൻ സഹായിക്കണമേ. അച്ചന് നമ്മുടെ പൗരോഹിത്യ കൂട്ടായ്മ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും  പ്രാർത്ഥനകൾക്കും പ്രത്യേകം നന്ദി പറയുന്നു. തുടർന്നും ബഹു. അച്ചനു വേണ്ടി തീവ്രമായി നമുക്ക് പ്രാർത്ഥിക്കാം” ഐറേനിയോസ് പിതാവ്.

2019 ജൂലൈ 12 വെള്ളിയാഴ്ച്ച രാവിലെ 9 ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ, പത്തനംതിട്ട രൂപത അധ്യക്ഷൻ അഭിവന്ദ്യ ഐറേനിയോസ് പിതാവ്, പത്തനംതിട്ട രൂപതയിലെ അച്ചൻമാർക്കായി ഈ സന്ദേശം അയച്ച് അരമണിക്കൂറിനുള്ളിൽ പിതാവിന്റെ ഫോണിലേക്ക് ഒരു കോൾ വരുന്നു, ‘പിതാവെ ഫീലിപ്പോസ് അച്ചനാണ് കിഡ്നി കൊടുക്കാൻ എനിക്ക് സമ്മതമാണ് ‘. മറുപടിയായി പിതാവ് പറഞ്ഞു, ‘ അച്ചൻ മാതാപിതാക്കളോട് ചോദിക്കൂ, അവരുടെ സമ്മതം വാങ്ങിക്കൂ’. ‘പപ്പായെയും അമ്മയെയും വിളിച്ചു, അവർക്കിരുവർക്കും പൂർണ്ണ സമ്മതമാണ്’ എന്നായിരുന്നു അച്ചന്റെ മറുപടി.’പെട്ടെന്ന് ഒരു തീരുമാനമെടുക്കേണ്ട. സാവകാശം ആലോചിച്ച് പ്രാർത്ഥനാപൂർവ്വം തീരുമാനമെടുത്താൽ മതി ‘,എന്ന് പറഞ്ഞ് പിതാവ് ഫോൺ വെച്ചു. ശരീരത്തെ കാർന്നുതിന്ന കാൻസർ ഞണ്ടുകളെ പ്രാർത്ഥനയിലൂടെയും ചികത്സയിലൂടെയും ദൈവം സൗഖ്യമാക്കിയത് സ്വജീവിതത്തിൽ അനുഭവിച്ചറിഞ്ഞ പിതാവ് ഈ ദൈവപദ്ധതിയെ തിരിച്ചറിഞ്ഞു,ബലപ്പെടുത്തി. പിന്നീടുള്ളതെല്ലാം ധ്രുതഗതിയിലായിരുന്നു.

കുടുംബാംഗമോ അടുത്ത ബന്ധുവോ ദാതാവാകാതെ ഒരാൾക്ക് കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയ വളരെ വേഗം നടത്താനിടയായ ആദ്യ സംഭവമായി അതങ്ങനെ മാറി. കിഡ്നി നൽകുന്ന വ്യക്തിക്ക് ഡോക്ടേഴ്സ് ഓപ്പറേഷന് മുമ്പായി കൃത്യമായി കൗൺസിലിംഗ് നൽകാറുണ്ട്. ‘ഒരു മേജർ ഓപ്പറേഷന് നിങ്ങൾ വിധേയനാകുകയാണ്, അസ്ഥി കരിച്ചു കളയേണ്ടി വരും. ഈ വർഷം 30 വയസ്സിലേക്ക് പ്രവേശിക്കുന്നതേയുള്ളു. വളരെ ചെറുപ്പമാണ്. ഒരു പക്ഷെ ജീവിതകാലം മുഴുവൻ ഇതിന്റെ അസ്വസ്ഥതകൾ അലട്ടിയെന്ന് വരാം. റോബിൻ അച്ചനെക്കാൾ വേദന സഹിക്കേണ്ടത് ഫീലിപ്പോസ് അച്ചനാണ് ‘. ഡോക്ടേഴ്സിന്റെ കരുതലുള്ള വാക്കുകളേക്കാൾ വലുതായിരുന്നു ശരീരം പകുത്ത് നൽകാമെന്നുള്ള അച്ചന്റെ തീരുമാനം. “അച്ചാ ,ഒന്നുകൂടി ആലോചിക്കൂ, അച്ചൻ ചെറുപ്പമല്ലേ. ഒറ്റക്കുള്ള ജീവിതമല്ലേ പ്രയാസമുണ്ടാകും” എന്നൊക്കെ പറഞ്ഞ് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചവരോട് സ്വതസിദ്ധമായ ചെറുപുഞ്ചിരി നൽകി തനിക്കായി പ്രാർത്ഥിക്കണമെന്ന മറുപടി അച്ചൻ നൽകി. അവയവ മാറ്റ ശസ്ത്രക്രിയയായതിനാൽ നിരവധിയായ Legal procedures ഉണ്ടായിരുന്നു, പേപ്പർ വർക്കുകളെല്ലാം ദൈവപരിപാലനയിൽ വളരെ വേഗം നടന്നു, 2019 സെപ്റ്റംബർ രണ്ടിന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ഓപ്പറേഷൻ.

പത്തനംതിട്ട ജില്ലയിലെ കോന്നി മലയോര മേഖലയിലെ കാർമ്മല ഇടവകാംഗമാണ് 2015 ൽ വൈദീകനായ ഫീലിപ്പോസച്ചൻ. മാതാപിതാക്കളായ ഫീലിപ്പോസ് കുര്യനും മേരിക്കുട്ടി കുര്യനും മലങ്കര സുറിയാനി കത്തോലിക്കാ സഭ സുവിശേഷ സംഘ അംഗങ്ങൾ. മൂത്ത മകനെ വൈദീക ജീവിതത്തിലേക്കും ഏകമകളെ സന്യസ്ത ജീവിതത്തിലേക്കും അവരുടെ ആഗ്രഹമറിഞ്ഞ് നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചയച്ച മാതാപിതാക്കൾ മകന്റെ തീരുമാനം ദൈവഹിതമെന്ന് തിരിച്ചറിഞ്ഞ് അനുകൂലിച്ചു, പ്രാർത്ഥനയാൽ അനുഗ്രഹിച്ചു. സഹോദരി എലിസബത്ത് ജേഷ്ഠന്റെ ജീവിത മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബഥനി സന്യാസിനി സമൂഹത്തിൽ അംഗമായി ഇപ്പോൾ പ്രീ- നൊവിഷ്യേറ്റ് പരിശീലനത്തിലാണ്. സഹോദരൻ റോബിൻ സി.കുര്യൻ വിവാഹിതനാണ്.

‘ഇടവകക്കാരനായ റോബിൻ അച്ചനല്ല , മറ്റാരായിരുന്നെങ്കിലും കിഡ്നി നൽകാൻ ഞാൻ സന്നദ്ധനായിരുന്നു’. ഓപ്പറേഷന് വിധേയനായി ഒരു മാസത്തിന് ശേഷം പത്തനംതിട്ട രൂപതയിലെ വൈദീകരുടെ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ ഫിലിപ്പോസ് അച്ചൻ പറഞ്ഞ ഈ വാക്കുകളിൽ ഒരു ബലിയർപ്പണത്തിന്റെ ഉറപ്പുണ്ട്.

വൈദീകനായ ശേഷമുള്ള നാളുകളിൽ ഒരു സപര്യപോലെ അച്ചൻ ആരംഭിച്ചതാണ് പ്രഭാതത്തിലെ വി. ഗ്രന്ഥ പാരായണത്തിന് ശേഷം ബൈബിൾ വാക്യങ്ങൾ അനേകർക്ക് അയക്കുക എന്നത്. ആയിരത്തിലധികം പേർക്ക് എല്ലാ ദിവസവും രാവിലെ ബൈബിൾ വാക്യങ്ങൾ നവ മാധ്യമങ്ങളിലൂടെ അച്ചൻ അയക്കുന്നു. 2019 ജനുവരി 1 മുതൽ ബൈബിളിലെ ഉത്പത്തി മുതൽ തുടർച്ചയായാണ് അയക്കുന്നത്. സെപ്റ്റംബർ 2 ന് ഓപ്പറേഷന് വിധേയനാകുന്ന ദിവസം അച്ചൻ അയച്ച വാക്യം , ”കർത്താവാണ് നിന്റെ മുന്‍പില്‍ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ “(നിയമാവര്‍ത്തനം 31 : 8) എന്നതാണ്. നേരത്തെ തയ്യാറാക്കി അങ്ങനെ വേദവാക്യമയച്ചതല്ലെങ്കിൽ കൂടി കർത്താവ് കൂടെയുള്ളത് രുചിച്ച് അനുഭവിച്ചറിഞ്ഞു അച്ചൻ.

റോബിൻ അച്ചനായും ഫീലിപ്പോസ് അച്ചനായും പ്രാർത്ഥിക്കുന്നവർക്കായി:- സെപ്റ്റംബർ 2 ന് ഓപ്പറേഷൻ കഴിഞ്ഞ് രണ്ട് അച്ചൻമാരും സുഖമായിരിക്കുന്നു. രണ്ടു പേരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഫീലിപ്പോസച്ചൻ ഉടൻ തന്നെ ഇടവകയുടെ ചുമതല ഏറ്റെടുക്കും. റോബിൻ അച്ചന്റെ ക്രിയാറ്റിന്റെ അളവെല്ലാം സാധാരണ നിലയിലായി. എങ്കിലും ഏതാനം മാസം കൂടി വിശ്രമം അച്ചന് ആവശ്യമാണ്. രണ്ടു പേരെയും പ്രാർത്ഥനയിൽ തുടർന്നും ഓർക്കാം… പ്രാർത്ഥിക്കാം…

സ്നേഹപൂർവ്വം
ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ )