ബ്രസീലിൽ വൈദികർക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നു

വൈദികർക്ക് നേരെയുള്ള അതിക്രമങ്ങള്‍ വർദ്ധിക്കുന്നതിൽ ആശങ്കാകുലരാണ് ബ്രസീലിലെ വിശ്വാസികൾ. മുൻ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ഈ വർഷം വൈദികർക്ക് നേരെ നടന്ന ആക്രമണങ്ങളിൽ വളരെയധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ 13 -ന് ബ്രസീലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടു വൈദികരെയാണ് കാണാതായിരിക്കുന്നത്. ഈ സംഭവങ്ങൾ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേയ്ക്ക് ആണ് നീങ്ങുന്നത് എന്ന് വെളിപ്പെടുത്തുന്നു.

രോഗിയായ അമ്മയെ കാണാനായി 36 -കാരനായ വൈദികൻ അതിരാവിലെ മിനാസ് ജെറൈസ് സ്റ്റേറ്റിലെ സിമോനേഷ്യ നഗരത്തിലെ ഇടവകയിൽ നിന്ന് പുറപ്പെട്ടു. എന്നാൽ പിന്നീട് അദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. രാത്രി ഏഴു മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കുവാൻ എത്തും എന്ന് പറഞ്ഞിരുന്നു എങ്കിലും അദ്ദേഹത്തെ കാണാത്തതിനെ തുടർന്നാണ് അന്വേഷിച്ചത്. അടുത്ത ദിവസം പാതി കത്തി കരിഞ്ഞ നിലയിൽ അദ്ദേഹത്തിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പരാബ സംസ്ഥാനത്തെ ജോവോ പെസോവയിൽ, 46 കാരനായ വൈദികൻ ഫാ.ജോസ് ഗിൽമാർ മൃതസംസ്കാര ചടങ്ങുകൾക്കായി രാവിലെ 11: 30 -ന് മറ്റൊരു ജില്ലയിലേക്ക് പോകുമ്പോൾ ആണ് കാണാതായത്. കാണാതായതിനു ഏതാനും മണിക്കൂറിനു ശേഷം അദ്ദേഹത്തിൻറെ ഫോണിൽ നിന്ന് സുഹൃത്തിനു ഒരു സന്ദേശം വന്നിരുന്നു. സഹായിക്കുന്നതിനുള്ള ഒരു അഭ്യർത്ഥനയായിരുന്നു അത്. പിന്നീട് അദ്ദേഹത്തെ മറ്റൊരു നഗരത്തിൽ നിന്ന് അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവങ്ങൾ ആവർത്തിക്കുന്നതിനെ തുടർന്ന് കൂടുതൽ ജാഗ്രതയോടെ ആയിരിക്കുവാൻ രൂപതാധികൃതർ വൈദികർക്കും വിശ്വാസികൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.