കേരളസഭയിൽ യുവജനവർഷാചരണം

കേരളസഭയിൽ യുവജനവർഷാചരണം സംബന്ധിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സർക്കുലർ

2018 ഒക്ടോബർ മാസം റോമിൽവച്ച് നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ പച്ഛാത്തലത്തിൽ കേരളത്തിലെ യുവജനശുശ്രുഷയെ കൂടുതൽ ശക്തിപ്പെടുത്തുക തിരുസഭയുടെ മറ്റ് ശുശ്രുഷാ മേഖലകളിലൂടെ യുവജന ശുശ്രുഷാ ചൈതന്യം സഭയിലെയും സമൂഹത്തിലേയും എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2018 ജനുവരി 6 മുതൽ 2019 ജനുവരി 6 വരെയുള്ള കാലഘട്ടം കേരളസഭയിൽ യുവജനവർഷമായി കെസിബിസി പ്രഖ്യാപിക്കുകയാണ്. ആരാധനാക്രമവത്സരമനുസരിച്ച് ജനുവരി 6 കർത്താവിന്റെ മാമ്മോദീസയെ അനുസ്മരിക്കുന്നു ദിനമാണ്. യുവാവായ യേശുനാഥനെക്കുറിച്ചുള്ള പിതാവായ ദൈവത്തിന്റെ സ്വരം സ്വർഗത്തിൽ നിന്നും മുഴങ്ങിക്കേട്ട ദിനമാണ് അന്ന്: “ഇവനെന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” (ലുക്കാ 3:22). ഓരോ യുവാവിനെയും യേശുവിന്റെ പരസ്യജീവിത കാലത്തിനു മുന്നോടിയായുള്ള മാമ്മോദീസായുടെ ഈ ദിനം യുവജനവർഷത്തിന്റെ പ്രാരംഭമാകുന്നത് ദൈവനിയോഗമാണ്.

മെത്രാന്മാരുടെ സിനഡിന്റെ 15-ാമ് പൊതുസമ്മേളനത്തിനുവേണ്ടിയുള്ള ഒരുരേഖ 2017 ജനുവരി 13-ന് സഭാതലവനായ ഫ്രാൻസിസ് പാപ്പ പ്രസിദ്ധികരിക്കുകയുണ്ടായി. “യുവജനം, വിശ്വാസം, വിളി സംബന്ധമായ വിവേചിച്ചറിയാൽ” എന്ന വിഷയത്തെ ആസ്പദമാക്കിയുണ്ടായ സിനഡ് വിളിച്ചുകൂടപ്പെടുന്നത്. ലോകത്താകമാനമുള്ള ദൈവമക്കൾ സഭാപിതാക്കന്മാരുടൊപ്പം യുവജനങ്ങളെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കുകയും പഠിക്കുകയും ചെയുന്ന ഈ വർഷം
‘യുവജനവർഷ’ മായി കേരളത്തിൽ ആചരിക്കപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യവും ദൈവികപദ്ധതിയുമാണ്. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ പറഞ്ഞാൽ, യുവജനങ്ങളുടെ ശബ്ദം കേൾക്കപ്പെടേണ്ട ഒരു കാലഘട്ടമാണിത്.

ഈ യുവജനവർഷത്തിൽ പ്രാധാന്യം കണക്കിലെടുത്തു ഈ വരുന്ന ഒരു വർഷത്തേക്കുള്ള കർമ്മപദ്ധതികൾ രൂപപ്പെടുത്തേണ്ടതിന് കേരളത്തിലെ 32 രൂപതകളും പ്രത്യേകം ശ്രദ്ധിക്കുമല്ലോ. കേരളസഭയിലെ എല്ലാ ശുശ്രൂഷാമേഖലകളും സിനഡ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ പ്രവർത്തിപഥത്തിൽ എത്തിക്കുവാൻവേണ്ട ക്രമീകരണങ്ങൾ വിഭവനംചെയ്യാമെന്ന ഓർമിപ്പിക്കുന്നു. അതിനായി വചനപ്രഘോഷണം, വിദ്യാപയാസം, ആരോഗ്യപരിപാലനം, കുടുംബ ശുശ്രൂഷ, തടവരപ്രേഷിതത്വം, വിശ്വാസപരിശീല രംഗം, സാമൂഹ്യ ശുശ്രൂഷ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരും സംഘടനകളും സെമിനാരികളും സന്ന്യാസിപരിശീലന കേന്ദ്രങ്ങളും യുവജനങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളും ചർച്ചകളും കർമ്മപരിപാടികളും സംഘടിപ്പിക്കാൻ ശ്രദ്ധിക്കണം. കേരളത്തിലെ എല്ലാ യുവജനസംഘടനകളും അവരുടെ ശുശ്രൂഷാമേഖലകളെ ശക്തിപ്പെടുത്താനാകുന്ന സംഘടനപരവും കൂട്ടായും ഉള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കാൻ ശ്രദ്ധിക്കണം .
നമ്മുടെ യുവജങ്ങൾ നേരിടുന്ന അനവധിയായ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടക്കാനാവില്ല. വിദ്യാഭ്യാസലോൺ മൂലവും തൊഴിലിലായ്മ മൂലവും നട്ടംതിരിയുന്ന യുവജനങ്ങളുടെ എണ്ണം പെരുകുകയാണ്. ലഹരിക്കും അസന്മാർഗികതയ്ക്കും അടിമകളാകുന്നവരിലും ജയിലുകളിൽ കഴിയുന്നവരിലും ആത്മഹത്യയിൽ അഭയംകണ്ടെത്തുന്നവരിലും നല്ലൊരു പങ്കും യുവജനങ്ങളാണെന്നതിൽ സംശയമില്ലല്ലോ. നാനാവിധ വശീകരണശ്രമങ്ങൾക്കു വശംവദരായി കെണിയിൽപ്പെടുന്നവരും യുവതീയുവാക്കൾതന്നെ. ക്രൈസ്തവവിശ്വാസത്തോടു വിടപറഞ്ഞു തീവ്രവാദപ്രസ്ഥാനങ്ങളിൽപോലും നമ്മുടെ ഏതാനും ചില യുവതീയുവാക്കൾ ചെന്നെത്തിയെന്നത് നമ്മെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. ഇത്തരത്തിൽ യുവജനം കടന്നുപോകുന്ന വിദ്യാഭ്യാസപരവും തൊഴില്പരവും സാമൂഹികവും ധാർമികവും മതപരവുമായ മേഖലകൾ ഗൗരവപൂർണമായ പഠനത്തിനും വിചിന്തനത്തിനും വിധേയമാക്കേണ്ടതാണ്.അവയ്ക്ക് ഫലപ്രദമായ പരിഹാരമാർഗങ്ങൾ കണ്ടെത്തിയേ തീരു.

മൂന്നു വ്യക്തിഗതസഭകൾക്കും പൊതുവായുള്ള ഔദ്യോഗിക യുവജനസംഘടനയായ കെസിവൈഎം അതിന്റെ റൂബി ജൂബിലി ആഘോഷിക്കുന്ന ഈ കാലയളവിൽതന്നെ കേരളസഭ യുവജനവർഷം ആചരിക്കുന്നു എന്നത് ഏറെ അർത്ഥവത്താണ്. ഈ വർഷത്തിൽ സിനഡൊരുക്കരേഖയും സഭയുടെ യുവജനപ്രബോധനങ്ങളും നമ്മുടെ ആഴമായ പഠനത്തിനും വിചിന്തനത്തിനും വിഷയീഭവിക്കണം. പരമ്പരാഗതമായ യുവജന ശുശൂഷരീതികൾ, ആവശ്യമെങ്കിൽ ഒരു പുനർവായനയ്ക്ക് വിധേയമാക്കണം .

കേരളത്തിലെ യുവജനശുശ്രൂഷകളെ ഒന്നിപ്പിക്കുന്ന KCBC Commission for Youth -ന്റെ കുടക്ക്കീഴിൽ കേരളത്തിലെ എല്ലാ കത്തോലിക്കാ യുവജന സംഘടനകളും കൂടുതൽ കാര്യക്ഷമതയോടെ ഒന്നിച്ചു വർത്തിക്കുന്നത്, യുവജനങ്ങളുടെ സഭ-സാമൂഹ്യപ്രതിബദ്ധതയ്ക്ക് പുതിയ മുഖവും ചടുലതയും പ്രധാനംചെയ്യും. ഒപ്പം, മറ്റു സഹോദരസഭകളുമായി ശക്തമായ ഒരു സഹവർത്തിത്വത്തിന്റെ യുവജനശുശ്രൂഷ വളർത്തിക്കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

സഭയുടെയും സമൂഹത്തിന്റെയും യുവജനങ്ങളോടുള്ള ഉത്തരവാദിത്വം മറ്റേതു കാലഘട്ടത്തെയുംകാൾ വർധിച്ചിരിക്കുന്നു. ഫ്രാൻസിസ് പാപ്പ ഒരുരേഖയിൽ സൂചിപ്പിക്കുംപോലെ മാതാപിതാക്കൾ, അജപാലകർ, അധ്യാപകർ, പരിശീലനമേഖലകളിൽ സേവനം ചെയ്യുന്നവർ എന്നിവരുടെ ജീവിതസാക്ഷ്യം കൂടുതൽ സൂക്ഷ്മത ആവശ്യപ്പെടുന്നു. അനുദിന ജീവിതത്തിൽ ദൈവഹിതം തിരിച്ചറിയാനും വ്യാഖ്യനിക്കാനും തിരഞ്ഞെടുക്കാനും യുവജനങ്ങളെ പ്രാപ്തരാക്കുന്നതിനൊപ്പം സ്വയം പ്രാപ്തരാകാനും യുവതയുടെ സഹചാരികൾക്കു കടമയുണ്ട്. യുവജനങ്ങളോടൊപ്പമുള്ള ഇവരുടെ യാത്ര, മുഴുവൻക്രൈസ്തവ സമൂഹത്തെയും പടുത്തുയർത്തുന്ന മൂലക്കലാകും (cf. യുവജനം, വിശ്വാസം, വിളിസംബന്ധമായ തിരിച്ചറിയൽ).

ഫ്രാൻസിസ് പാപ്പയുടെ ഹൃദയത്തോടു ചേർന്നുനിന്നുകൊണ്ട് തിരുസഭയുടെ യുവജന ചിന്തകൾക്ക് കേരളസംസ്ഥാനത്തിൽ ഒരു പുതിയ മുഖം നിര്മിച്ചെടുക്കുവാൻ, യുവജനങ്ങളോട് ചോദിച്ചും മുതിർന്നവരോട് സംവദിച്ചും കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ വായിച്ചെടുത്തും വിശ്വാസത്തിലധിഷ്ഠിതമായ ഒരു യുവജന ശുശ്രൂഷാമേഖല വളർത്തിയെടുക്കാൻ ഈ യുവജനവർഷത്തിൽ സാധ്യമാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്,

ആർച്ചുബിഷപ്പ് ഡോ. എം. സൂസ പാക്യം
പ്രസിഡണ്ട് , കെസിബിസി

ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്
ചെയർമാൻ, കെസിബിസി യൂത്ത് കമ്മിഷൻ

പി.ഓ.സി. കേരളകത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.