കേരളത്തെ ടെക്‌നോളജി ഹബ്ബായി മാറ്റണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷൻ

കേരളത്തെ ഇന്ത്യയുടെ ടെക്‌നോളജി ഹബ്ബാക്കുവാന്‍ ഉതകുംവിധം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങളുണ്ടാകണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. ആഗോള സാധ്യതകള്‍ക്കും ഗുണനിലവാരത്തിനുമനുസരിച്ച് മത്സരക്ഷമത കൈവരിക്കാനും എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനുമുള്ള അവസരങ്ങള്‍ സംസ്ഥാനം നഷ്ടപ്പെടുത്തരുത്. ഈ മേഖലയില്‍ സജീവസാന്നിധ്യമായ സ്വാശ്രയസാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും നല്‍കണമെന്നും അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് റവ. ഡോ. മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ വിളയില്‍, ജനറല്‍ സെക്രട്ടറി റവ.ഡോ. ജോസ് കുറിയേടത്ത്, ഫാ. റോയി വടക്കന്‍, ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.

ഇന്‍ഡസ്ട്രി 4.0 വിഭാവനം ചെയ്യുന്ന നാലാം വ്യാവസായിക വിപ്ലവത്തെ ത്വരിതപ്പെടുത്തുന്ന വിവിധ പഠനശിബിരങ്ങള്‍ സംഘടിപ്പിക്കും. സംരംഭകത്വത്തിനും നൂതന കണ്ടുപിടുത്തങ്ങള്‍ക്കും ഉപകരിക്കുന്ന ആധുനിക ലാബ് സംവിധാനങ്ങൾ സഹകരണാടിസ്ഥാനത്തില്‍ ആരംഭിച്ച് കേരളത്തെ ടെക്‌നോളജി ഹബ്ബായി മാറ്റാനുതകുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും. വിദ്യാഭ്യാസ സാങ്കേതിക ഗവേഷണരംഗത്തുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തെ സമഗ്രമാറ്റങ്ങളെക്കുറിച്ച് പഠനശിബിരം നടത്തി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുവാനും അസോസിയേഷന്‍ തീരുമാനിച്ചു.

മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. വില്‍ഫ്രഡ് ഇ., ഫാ. ടോമി പടിഞ്ഞാറേവീട്ടില്‍, ഫാ. ഡെന്നി മാത്യു, ഫാ. പോള്‍ നെടുമ്പ്രം, ഫാ. ജയിംസ് ചെല്ലംകോട്ട്, ഫാ. ജസ്റ്റിന്‍ ആലുങ്കല്‍, ഫാ. ജോണ്‍ പാലിയേക്കര, ഫാ. ജോര്‍ജ് പെരുമാന്‍, ഫാ. ഫെര്‍ഡിനാന്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.