കേരള മെഡിക്കൽ എഡ്യൂക്കേഷൻ സർവീസിൽ  അസിസ്റ്റൻറ് പ്രൊഫസർ തസ്തിക – ലത്തീൻ കത്തോലിക്കരോടുളള അവഗണനക്കെതിരെ പരാതി

കേരള മെഡിക്കൽ എഡ്യൂക്കേഷൻ സർവീസിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ 2018 ൽ അപേക്ഷ ക്ഷണിച്ചിരുന്നു. മാസ്റ്റർ ഡിഗ്രി ആയിരുന്നു മാനദണ്ഡം എങ്കിലും അവരുടെ അഭാവത്തിൽ സംവരണ സമുദായങ്ങളിലെ ബാച്ചിലർ ഡിഗ്രിക്കാർക്ക് അതേ പരീക്ഷയെഴുതി ലക്ചറർ നിയമനത്തിനുള്ള അവസരമുണ്ടായിരുന്നു. ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ അർഹരായവർ ഇല്ലാതിരുന്നതിനാൽ എൻസിഎ  വേക്കൻസി പ്രകാരം ഈ ഭാഗത്തിനായി പ്രത്യേക പരീക്ഷ നടത്തിയിരുന്നു. എന്നാൽ 9 മാസങ്ങൾ കഴിഞ്ഞിട്ടും അതിൻറെ ഫലം പ്രസിദ്ധീകരിച്ചില്ല.  അതേസമയം മറ്റു വിഭാഗങ്ങളുടെ ഫലം പ്രസിദ്ധീകരിച്ച് നിയമനം നടന്നു കഴിഞ്ഞു. ഇതിനിടയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ  വിധിയുടെ പേര് പറഞ്ഞ് ലത്തീൻ കത്തോലിക്ക ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തിന്റെ നിയമനം നീട്ടി കൊണ്ടു പോകുന്നതിനെതിരെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകി.  കൊല്ലം കെഎൽസിഎ രൂപത പ്രസിഡൻറ് അനിൽ ജോൺ മുഖേനയാണ് ഉദ്യോഗാർത്ഥികൾ വിഷയം സംസ്ഥാന സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നും പിന്നീടുള്ള കാലങ്ങളിലും നിരവധി തസ്തികകളിൽ സംവരണ പ്രകാരം ലഭിക്കേണ്ടിയിരുന്നത് ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്ന പരാതികൾ വ്യാപകമാണ്. അതിനുള്ള മറുപടി കൂടിയാണ് ഏതാനും വർഷങ്ങൾക്കു മുമ്പ് എൻ സി എ നിയമനങ്ങൾ എന്നപേരിൽ വ്യത്യസ്ത തസ്തികകളിൽ ആളില്ലാതെ വരുമ്പോൾ അപേക്ഷ വിളിച്ചു പോന്നിരുന്നത്. എന്നാൽ അതിൻറെ ഗുണഫലങ്ങൾ  നഷ്ടമാകുന്ന  സാഹചര്യമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉണ്ടാകുന്നത് എന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡണ്ട് ആൻറണി നൊറോണ,  ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവർ സംയുക്തമായി നൽകിയ പരാതിയിൽ പറയുന്നു.
© Kerala Latin Catholic Association03.08.2020

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.