

പ്രളയം കനത്തു തുടങ്ങിയ നാളുകളിൽ പ്രളയബാധിതമല്ലാത്ത ഇടങ്ങളിൽ ചാനലുകൾ മാറി മാറി ഒരായിരം കണ്ണുകൾ കണ്ടത് ജീവനു വേണ്ടി കേഴുന്ന ലക്ഷകണക്കിന് ജീവനുകളെയാണ്. ഫെയ്സ്ബുക്കും വാട്ട്സ്ആപ്പും ‘ഞങ്ങളെ രക്ഷിക്കണേ…’, ‘ഞങ്ങളുടെ ഒറ്റവരെ രക്ഷിക്കണേ…’ എന്നിങ്ങനെ കണ്ണീരിന്റെ സന്ദേശങ്ങൾ പേറി കുതിച്ചിരുന്ന നിമിഷങ്ങൾ. കേരളത്തിന്റെ മനസാക്ഷിയുടെ മുമ്പിൽ ഈ കണ്ണീരുകൾ നിലവിളികളായി ഉയർന്നപ്പോൾ നിസഹായരായി നോക്കി നിൽക്കേണ്ടി വരുന്നവർക്കപ്പുറത്ത് ഒരു ജനത നിശബ്ദതയിൽ സ്വയം ഒരുങ്ങുകയായിരുന്നു. അതിന്റെ അലകൾ ആ കുടുംബങ്ങളിൽ ആരംഭിക്കുന്നുണ്ടായിരുന്നു. ഓഖിയിൽ കടലു കൊണ്ട് മുറിവേറ്റവർ തങ്ങളുടെ ആ മുറിവുകൾ ഉണങ്ങും മുൻപ് അതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു ജനതയ്ക്കു വേണ്ടി കുതിക്കുവാൻ തയ്യാറെടുക്കുന്നുണ്ടായിരുന്നു.
ഇവിടെ ഞാൻ നിങ്ങളോട് പങ്കു വയ്ക്കുന്നത് ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിൽ നടന്ന സംഭവവികാസങ്ങളെയാണ്. ഈ കുടുംബവും ഞാനും തമ്മിൽ ഹൃദയഭേദയായ ബന്ധമുണ്ട്. എന്റെ ചങ്കു സുഹൃത്തുക്കളിലൊരാളായ സജിൻ റോബിൻസണിന്റെ കുടുംബത്തെയാണ് പരിചയപ്പെടുത്തുന്നത്.
വിഴിഞ്ഞത്തെ റെച്ചൻസ് മെമ്മോറിയൽ ലൈബ്രറിയുടെ യുവനേതൃത്വങ്ങളിൽ പ്രധാനിയാണ് അവൻ. ചില വൈകുന്നേരങ്ങളിൽ ലൈബ്രറിയിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ് അവന്റെ വീട്ടിൽ പോകാറുണ്ട്. സ്നേഹം നിറഞ്ഞ കുശലാനേഷ്വങ്ങളിൽ കളിചിരികളിൽ നല്ല നിമിഷങ്ങൾ കടന്നു പോകും.
പ്രളയം തീവ്രമായി താണ്ഡവമാടിയ നാളുകളിൽ രക്ഷാദൗത്യത്തിൽ ഒരുപാട് മത്സ്യത്തൊഴിലാളികൾ തങ്ങളുടെ വള്ളങ്ങളുമായി കുതിച്ച നിമിഷങ്ങൾ. ആ വീട്ടിൽ നിന്നും അവരുടെ വള്ളം പുറപ്പെട്ടിരുന്നു. ഞാൻ പ്രതീക്ഷിച്ചിരുന്നത് ആ കുടുംബത്തിലെ മുതിർന്നവർ ആയിരിക്കാം പോയത്. എന്നാൽ ആ കണക്കു കൂട്ടലുകളെ തകർത്തതു കൊണ്ട് പോയത് ഏറ്റവും പ്രായം കുറഞ്ഞ മത്സ്യത്തൊഴിലാളിയായിരുന്നു. ഇരുപതുകാരനായ വയസ്സുകാരനായ റോബിനും അവന്റെ സുഹൃത്ത് ഡെൻസണും.
എന്തുകൊണ്ട് അവരെ അയച്ചു എന്ന ചോദ്യത്തിന് റോബിൻസൺ അങ്കിൾ പറഞ്ഞു തുടങ്ങി. “ഓഖി സമയത്ത് ഒരുപാട് പേർ സഹായങ്ങളുമായി നമ്മുടെ ഇടയിലേക്ക് വന്നു. വറുതിയുടെ നാളുകളിൽ പൊതിച്ചോറും അരിയും സാധനങ്ങളും പലയിടത്തു നിന്നും കിട്ടിയിരുന്നു. ടിവിയിൽ ഈ വെള്ളപ്പൊക്കവും ആളുകൾ നിലവിളിക്കുന്നതും കാണുമ്പോൾ എനിക്കു തോന്നിയിരുന്നു വള്ളവും കൊണ്ട് പോയാലോ എന്ന്. കടപ്പുറത്തെ വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളോട് പറഞ്ഞു. അന്ന് വള്ളം കടലിൽ പോകണ്ടെന്നു കരുതിയെങ്കിലും രാവിലെ പോയി. അപ്പോൾ പളളിയിൽ നിന്നും അച്ചൻ രാത്രി അറിയിക്കുന്നതും കേട്ടു. ഉടനെ ഞാൻ റോബിനോടു പറഞ്ഞു. പോയി വള്ളം കേറ്റി ഡെൻസനെയും കൂട്ടി പോയി വാടാ മക്കളേ. അതിനു കാരണം അവർ യുവരക്തങ്ങളാണ്. എന്നെക്കാൾ ഒരുപാട് വേഗ ചലനവും ഉണ്ടാകും. എനിക്കുറപ്പാണ് എന്റെ മക്കൾ ഒരുപാട് പേരെ രക്ഷിക്കും.”
മിക്ക വീടുകളും തങ്ങളുടെ മക്കളെ ദുരന്തമുഖത്തേയ്ക്കു വിടാൻ അറയ്ക്കുമ്പോഴും മടിക്കുമ്പോഴുമാണ് തന്റെ മകനിൽ ആത്മധൈര്യം നൽകി അദ്ദേഹം യാത്രയാക്കിയത്. എന്നിരുന്നാലും ഒരുപാട് എതിർപ്പുകൾ ഉയർന്നു വന്നു. ‘പിള്ളേരല്ലേ പോകേണ്ടാ…’ എന്ന് മുതിർന്നവർ വരെ പറഞ്ഞു തുടങ്ങി.
പക്ഷേ റോബിൻ ആ വാക്കുകൾക്കു മുമ്പിൽ പതറിയില്ല. “എന്റെ അപ്പൻ പറഞ്ഞാൽ പിന്നെ വേറെ ആരെയും ഞാൻ ശ്രദ്ധിക്കാറില്ല. അപ്പന്റെ വാക്കുകൾ എനിക്കു ധൈര്യം പകർന്നു. ഞാൻ ഹാർബറിലേക്ക് ഓടി. ഷർട്ട് ഊരി കളഞ്ഞ് വള്ളത്തിന്റെ അടുത്തു ചെന്നു. അപ്പോൾ ഡെൻസനും വന്നു. സർവ്വ സജീകരണങ്ങളും നടത്തി ഫ്രഡി അങ്കിളിനെ ഒപ്പം കൂട്ടി വള്ളത്തിനെ ആൾക്കൂട്ടത്തിനൊപ്പം തള്ളി ലോറിയിൽ കയറ്റി യാത്ര തുടങ്ങി. അതു വരെ കാണാത്ത ഏതൊരു ദേശത്ത്… ഏതോ ആൾക്കാരെ രക്ഷിക്കണം എന്ന ചിന്ത മാത്രം ചങ്കിൽ…” റോബിൻ പറഞ്ഞു നിർത്തി.
ഡെൻസണിന് അതൊരു അപ്രതീക്ഷിതമായിരുന്ന അനുഭവമായിരുന്നു. “പള്ളിയിൽ ഇടവകവികാരിയുടെ പ്രത്യേക അറിയിപ്പ് കേട്ടിരുന്നു. റോബിൻ വിളിച്ചപ്പോൾ ഞാൻ കരുതിയതു മുതിർന്നവർ പോകുന്നതിനായി ഒരുക്കങ്ങൾ നടത്താനും വള്ളം തളളികയറ്റാനും ആണെന്ന്… എല്ലാം കഴിഞ്ഞ് വള്ളം ലോറിയിൽ കയറ്റി വച്ച് തിരിച്ചിറങ്ങും നേരം അവൻ പറഞ്ഞു വാടാ നമ്മുക്ക് രക്ഷാപ്രവർത്തനു പോകാം…. ഒന്നും മിണ്ടിയില്ല ചങ്ക് വിളിച്ചാൽ പോയേ പറ്റു. ചങ്കുപറിച്ചു തരുന്നവനല്ലേ…” അത്ഭുതം നിറഞ്ഞ കണ്ണുകളുമായി ഡെൻസൺ വിവരിച്ചു നിർത്തി….
അവർ ചെന്നെത്തിയത് തെക്കേമലയിലായിരുന്നു. ഒരുപാട് യാതനകളും വേദനകളും സഹിച്ച് രക്ഷാപ്രവർത്തനത്തിലൂടെ അനേകരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. നാലു നാളുകൾ കഴിഞ്ഞ് തകർന്ന എഞ്ചിനുകളും കേടുപാടുകളുള്ള വള്ളുമായി തിരികെ വന്ന് വള്ളം നേരെ കടപ്പുറത്തു കൊണ്ട് വയ്ക്കുമ്പോൾ ആ പിതാവ് തന്റെ മകനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. മലയാള സിനിമയിലെ ഏക്കാലത്തെയും മികച്ച ഡയലോകുകളിൽ ഒന്നായ അഞ്ഞൂറാന്റെ കേറി വാടാ മക്കളേ എന്നതിനെക്കാൾ ഒരു പിടി മുൻപിൽ നിൽക്കുന്നു. “പോയി വാടാ മക്കളേ….” എന്ന ഒരു സാധാ മത്സ്യത്തൊഴിലാളി പിതാവിന്റെ ഉശിരൻ വാക്കുകൾ.
ക്ലിന്റൺ എൻ സി ഡാമിയൻ




