പ്രളയദിനങ്ങളില്‍ – മാളയിലെ സര്‍ക്കാര്‍ ആശുപത്രി

സണ്ണി ജോസഫ്‌, മാള

ദുരന്തങ്ങള്‍ രൂപപ്പെടുത്തുന്നത് രണ്ടുതരo മനസ്സുകളെയാണ് – കീഴടങ്ങുന്നതിന്‍റെയും കീഴടക്കലിന്‍റെയും. അത് വ്യക്തികളായാലും, സ്ഥാപനങ്ങളായാലും ഒരുപോലെയാണ്. കീഴടങ്ങുന്നവര്‍ തങ്ങളെ ആശ്രയിക്കുന്നവരെ നിരാശയിലാഴ്ത്തിക്കൊണ്ട് മറ്റൊരു ദുരന്തമായി മാറും. എന്നാല്‍ കീഴടക്കുന്നവര്‍ പ്രത്യാശയുടെ കിരണങ്ങള്‍ ചൊരിഞ്ഞുകൊണ്ട് നാടിനും കാലത്തിനും വഴിവിളക്കായി പ്രകാശിക്കും. അങ്ങനെ മഹാ പ്രളയദിനങ്ങളില്‍ ദുരന്തങ്ങളെ കീഴടക്കിയവരുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന ഒരു സ്ഥാപനമായി മാറി മാളയിലെ സര്‍ക്കാര്‍ ആശുപത്രി.

അഗസ്റ്റ് 15 ന് അര്‍ദ്ധരാത്രിയില്‍ ആകസ്മികമായി ഇരച്ചു കയറിയ പ്രളയജലം മാളയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഇലക്ട്രിക്ക് ഷോക്കേറ്റതുപോലെ ജനം തരിച്ചു നിന്നു. ഒരു പ്രളയത്തിന്‍റെ ഭീകരമുഖം ആദ്യമായി കാണുകയായിരുന്നു അവര്‍. കടുത്ത ആശങ്കയില്‍ തളര്‍ന്നുപോയ പലരും ആശുപത്രിയില്‍ അഭയം തേടിയപ്പോള്‍ അവിടം രോഗികളാല്‍ നിറഞ്ഞു.

പ്രളയക്കെടുതികള്‍ രൂക്ഷമായപ്പോള്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആഷയുടെ നേതൃത്വത്തില്‍ ഡോ. മനു മാത്യുവും, ഡോ. അജിതയും, ഡോ. പ്രഭാകരനും, സഹപ്രവര്‍ത്തകരും പ്രളയ ബാധിതര്‍ക്ക് വേണ്ടുന്ന ചികിത്സകള്‍ നല്‍കാന്‍
ഊര്‍ജ്ജ്വസ്വലരായി പ്രവര്‍ത്തിച്ചു. അവരോടൊപ്പം റിട്ട. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സലാമും, ഡോ. ചന്ദ്രനും ചേര്‍ന്നു. മാളയില്‍ നിന്ന്‌ ഡോ. സാം വര്‍ഗീസ്‌ കടിച്ചീനിയും, കോട്ടമുറിയില്‍ നിന്ന് ഡോ. കാര്‍ത്യായനി ജോസും, മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ പീഡിയാട്രീഷ്യനടക്കം രണ്ടു ഡോക്റ്റര്‍മാരും നിമിഷങ്ങള്‍തോറും നീണ്ടു നീണ്ടു പോകുന്ന ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സാന്ത്വനം പകര്‍ന്നു. ഫാര്‍മസിയില്‍ അവശ്യമരുന്നുകള്‍ സുലഭമായിരുന്നെന്നു മാത്രമല്ല ഫാര്‍മസിസ്റ്റ് വീട്ടില്‍പോലും പോകാതെ സദാസമയവും ആശുപത്രിയില്‍ കഴിഞ്ഞതും രോഗികളില്‍ പ്രത്യാശയുണര്‍ത്തി. ആശങ്കയും, ആകുലതയുമായിരുന്നു പകുതിയോളം പേരുടെ രോഗകാരണങ്ങള്‍. അതിനിടയില്‍ ചിക്കന്‍പോക്സ് ബാധിച്ച കുറച്ചുപേര്‍
ക്യാമ്പുകളില്‍ നിന്നും എത്തിയത് അല്പം പരിഭ്രാന്തി പരത്തിയെങ്കിലും അവരെ
മറ്റു രോഗികളില്‍ നിന്നും അകറ്റികിടത്തി രോഗം പകരാതെ നിയന്ത്രിച്ചു.

ഈ തിരക്കുകള്‍ക്കിടയിലും പുത്തന്‍വേലിക്കരയിലേയും, അന്നമനടയിലേയും
പ്രളയക്കെടുതികളില്‍ നിന്നും കിട്ടിയ നാലു മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം നടത്തി എംബാം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതിലൊരു മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താനാകാതെ വിവിധ ആശുപത്രികളില്‍ നിന്നും മടക്കിയതായിരുന്നു. മാളാശുപത്രി അതും സ്വീകരിച്ചു നടപടികള്‍ പൂര്‍ത്തിയാക്കി. ഡെല്‍മ, മിനി സി.എസ്‌, സുലേഖ അഷ്‌റഫ്‌. ഷനിത, നിമ, സുനന്ദ, ജലജ, കൊച്ചുറാണി, ജയ, രമ്യ തുടങ്ങിയ സീനിയറും ജൂനിയറുമായ നേഴ്സുമാരും അസിസ്റ്റന്‍റുകളും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ സ്തുത്യര്‍ഹമാം വിധo നിര്‍വഹിച്ചുകൊണ്ടിരുന്നു.

സാധാരണ ദിവസങ്ങളില്‍പോലും തിരക്കോട് തിരക്കുള്ള നേഴ്സിംഗ് അസിസ്റ്റന്‍റ് ജോയി കൊടിയന്‍ എണ്ണയിട്ട മിഷ്യന്‍പോലെ പ്രവര്‍ത്തിച്ചു. ഡോ. ആഷയും, ഡോ. മനു മാത്യുവും വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ചെന്നത്‌ അന്തേവാസികളായ വൃദ്ധര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും വലിയ ആശ്വാസമായി. സര്‍ക്കാര്‍ ആംബുലന്‍സും,
ക്യാമ്പുകളില്‍ നിന്നും വരുന്ന പ്രൈവറ്റു ആംബുലന്‍സുകളും നിര്‍ത്താതെ
ഓടിക്കൊണ്ടിരുന്നു.

പ്രസവം അല്‍പ്പം പ്രശ്നമാകുമോ എന്ന് സംശയം തോന്നിയ രണ്ടു പൂര്‍ണ്ണഗര്‍ഭിണികളെ കൂടുതല്‍ സുരക്ഷിതമായ തൃശൂര്‍ ജില്ലാആശുപത്രിയിലേക്ക് മാറ്റി. അഞ്ചു ദിവസം പ്രായമുള്ള ചിക്കന്‍പോക്സ് ബാധിച്ച കുഞ്ഞിനെ സോക്കൊര്‍സോ കോണ്‍വെന്‍റ് ക്യാമ്പിലെ പ്രത്യേകo സജജമാക്കിയ മുറിയിലേക്ക് മാറ്റി പരിചരിച്ചു. മനു ഡോക്ടറുടെ ഭവനത്തില്‍ വെള്ളം കയറിയപ്പോള്‍ അദ്ദേഹം സ്നേഹഗിരി ക്യാമ്പിലേക്ക് മാറിയെങ്കിലും പ്രഭാതം മുതല്‍ പ്രദോഷംവരെ ആശുപത്രിയിലും, ദുരിതാശ്വാസ
ക്യാമ്പുകളിലുമായിരുന്നു ചിലവഴിച്ചത്. ആഷ ഡോക്റ്ററും വിശ്രമമില്ലാതെ
ഓടിനടന്ന് വിവിധ ക്യാമ്പുകളിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്
ക്യാമ്പുവാസികളുടെയും സന്നദ്ധപ്രവര്‍ത്തകരുടേയും സ്നേഹാദരങ്ങള്‍ക്ക്
പാത്രീഭൂതയായി.

ആശുപത്രി കോമ്പൌണ്ടിലെ നീതി മെഡിക്കല്‍ ഷോപ്പില്‍ മരുന്നുകള്‍ എടുത്തുകൊടുക്കാന്‍ സുരേഷും, ജയനും വിയര്‍ത്ത് പണിയെടുത്തിട്ടും തിരക്കൊഴിഞ്ഞില്ല. വേദനാസംഹാരികള്‍ക്കും, പനി-ചുമ-പ്രഷര്‍-ഡയബറ്റിക്‌
മരുന്നുകള്‍ക്കുമായിരുന്നു ആവിശ്യക്കാര്‍ ഏറേയും. ആവിശ്യത്തില്‍ കൂടുതല്‍
ഇത്തരം മരുന്നുകള്‍ വാങ്ങുന്നവരോട് – “നിങ്ങളിങ്ങനെ മരുന്നുകള്‍
വാങ്ങിക്കൊണ്ടുപോയാല്‍ അത്യാവിശ്യക്കാര്‍ക്ക് നല്കാന്‍ മരുന്നുണ്ടാകില്ല”
എന്ന് അവര്‍ക്ക് നിരന്തരം ഉരുവിടേണ്ടി വന്നു.

എങ്ങും തിരക്കോട് തിരക്ക്. എങ്കിലും അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടാവാതെ ആ ശാപദിനങ്ങളെ അവരെല്ലാം ചേര്‍ന്ന് കെട്ടുകെട്ടിച്ചു. ഒരു ദുരന്തത്തെ പ്രതിരോധിക്കാന്‍ തീര്‍ത്തും വേണ്ടതായ ആത്മസംയമനവും, ത്യാഗവും, ക്ഷമയുമായിരുന്നു ഈ ആശുപത്രിയുടെ മുഖമുദ്ര. നിസ്വാര്‍ത്ഥസേവനമായിരുന്നു അവരുടെ മുദ്രാവാക്യം. എല്ലാം ശരിയാകുമ്പോള്‍ ശാന്തരാകാം എന്ന തെറ്റിദ്ധാരണയേക്കാള്‍ ശാന്തമായി ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ എല്ലാം ശരിയാകും എന്ന ക്രിയാത്മക ചിന്ത അവരെ സന്തോഷഭരിതരാക്കി. ഉറക്കം നഷ്ടപ്പെടുത്തുന്നവ എന്താണോ അവ ഉപേക്ഷിച്ചാല്‍ നല്ല സ്വപ്നങ്ങള്‍ കണ്ടുറങ്ങാം എന്ന പാഠം അവര്‍ പഠിപ്പിച്ചു. അതേ, ദേവദൂതന്മാരും,
ദേവദൂതികളുമാണവര്‍. അവര്‍ക്കെന്‍റെ ബിഗ്‌ സല്യൂട്ട്.

സണ്ണി ജോസഫ്‌, മാള

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.