പ്രളയം 2018 -അപ്പീലുകൾ ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്

2018 -ൽ ഉണ്ടായ പ്രളയം സംബന്ധിച്ച നഷ്ടപരിഹാരം ലഭിക്കാൻ ഉള്ളവരുടെ അപ്പീൽ വിവരങ്ങൾ റീബിൽഡ് കേരള വെബ്സൈറ്റ് ലഭ്യമല്ല എന്ന കാരണത്താൽ അതിനു വേണ്ടി പ്രത്യേകമായി നിയോഗിക്കപ്പെട്ട സ്ഥിരം ലോക് അദാലത്ത് ഫയൽ സ്വീകരിക്കുന്നതിന് വിസമ്മതിച്ചിരുന്നു. നിരവധി ആളുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടും പലർക്കും പതിനായിരം രൂപ മാത്രം ലഭിക്കുകയും അതേസമയം നഷ്ടങ്ങൾ ഉണ്ടാകാത്ത നിരവധി ആളുകൾക്ക് വലിയ തുക ലഭിച്ചത് ഉൾപ്പെടെയുള്ള പാകപ്പിഴകൾ സംബന്ധിച്ചും പരാതിയുണ്ടായിരുന്നു.

നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള തെളിവുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ നൽകിയിരുന്നത്. എന്നാൽ അത് സംബന്ധിച്ച വിവരങ്ങൾ റീബിൽഡ് കേരള വെബ്സൈറ്റ് ലഭ്യമല്ല എന്ന കാരണത്താൽ ഫയലിൽ സ്വീകരിക്കാൻ പോലും അധികാരികൾ തയ്യാറായിരുന്നില്ല. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു സ്ഥിരം ലോക് അദാലത്ത് ഇത്തരം അപ്പീലുകളിൽ വാദം കേൾക്കുന്നതിന് നിർദേശം നൽകിയിരുന്നത്. എന്നാൽ അപ്പീൽ ഹർജികൾ സ്ഥിരം ലോക് അദാലത്ത് സ്വീകരിച്ചിരുന്നില്ല. അർഹരായ പലർക്കും നഷ്ടപരിഹാരം ലഭിച്ചിരുന്നുമില്ല. ഇതിനെതിരെ രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോതാട് നിവാസികളായ കെ ടി റോക്കി ഉൾപ്പെടെയുള്ള പത്തുപേർ ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അപ്പീലുകൾ ഫയലിൽ സ്വീകരിച്ച് വാദം കേൾക്കാൻ ഉത്തരവായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.