അനിവാര്യം കേരള തീരസംരക്ഷണ അതോറിറ്റി

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

കേരള സംസ്ഥാനത്തിന് 590 കിലോമീറ്റർ തീരമാണുള്ളത്. 38,863 ചതുരശ്ര കിലോമീറ്റർ വരുന്ന കേരള സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതിയുടെ 15 % തീരപ്രദേശമാണ്. കടലിനു സമാന്തരമായുള്ള കായലുകളും അവയിലേക്കു വന്നുചേരുന്ന 41 നദികളും ചേർന്ന് കേരളത്തെ ജലസമൃദ്ധമായ ദൈവത്തിന്റെ സ്വന്തം നാടാക്കിയിരിക്കുന്നു. കായലുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടും ഉൾപ്പിരിവുകൾ സമ്മാനിച്ചുകൊണ്ടും മനുഷ്യനിർമ്മിതമോ അല്ലാത്തതോ ആയ തോടുകൾ കൈരളിയുടെ ജൈവ ആവാസവ്യവസ്ഥയുടെ നാഡീഞരമ്പുകൾ പോലെ വർത്തിക്കുന്നു.

എല്ലാ വർഷവും കേരളതീരം കടലാക്രമണത്തിന് ഇരയാകുന്നു. പൊഴികളും തോടുകളും കാനകളും മണ്ണ് നിറഞ്ഞിരിക്കുന്നതിനാൽ അപ്പോഴെല്ലാം തീരദേശം വെള്ളത്തിലും ചളിയിലും മുങ്ങുന്നു. തീരദേശവാസികളെ പ്രളയദു:ഖവും ദുരിതവും നാശവും വിട്ടുപോകുന്നില്ല. ഇതിന്റെ കാരണങ്ങളും പരിഹാരങ്ങളും പലരും വിചിന്തനവിഷയമാക്കുകയും മുന്നോട്ടുവച്ചിട്ടുള്ളതുമാണ്. അവയുടെ സംക്ഷിപ്തം എന്റെ ചില നിരീക്ഷണങ്ങളോടും നിർദേശങ്ങളോടും ചേർത്ത് സമ്യക്കായി അവതരിപ്പിക്കുക മാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

കലിതുള്ളുന്ന കടലിന് സ്ഥലമൊഴിഞ്ഞു കൊടുക്കണോ?

ലോകമെമ്പാടും സമുദ്രജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. 1900-നും 2017-നുമിടയ്ക്ക് സമുദ്രനിരപ്പ് 16 മുതൽ 21 സെൻ്റിമീറ്റർ വരെ ഉയർന്നുകഴിഞ്ഞു എന്നാണ് USGCRP പുറത്തുവിട്ട ശാസ്ത്രീയ റിപ്പോർട്ടുകൾ പറയുന്നത്. സാറ്റലൈറ്റ് റഡാർ നിര്‍ണ്ണയപ്രകാരം 1993-നും 2017-നുമിടയ്ക്ക് സമുദ്രനിരപ്പ് 7.5 സെൻ്റിമീറ്റർ ഉയർന്നു. ഇനിയങ്ങോട്ട് ഒരു നൂറ്റാണ്ടിൽ 30 സെൻ്റിമീറ്റർ ഉയർച്ച സമുദ്രനിരപ്പിലുണ്ടാകും എന്നാണ് ഇതു കാണിക്കുന്നത്. ആഗോളതാപനത്തിന്റെ ഫലമായി ആർട്ടിക്കയിലും അൻ്റാർട്ടിക്കയിലും മഞ്ഞുപാളികൾ ഉരുകിക്കൊണ്ടിരിക്കുന്നത് ഇതിന്റെ ഒരു കാരണമാണ്. അറബിക്കടലിലെ ന്യൂനമർദ്ദ രൂപീകരണത്തിൽ ചില അസാധാരണ പ്രതിഭാസങ്ങളും സ്ഥിരമായി കണ്ടുതുടങ്ങിയിട്ടുണ്ട്.

ഫിലിപ്പൈൻസ്, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തികൾ വെള്ളത്തിനടിയിൽ ആയിത്തുടങ്ങിയിരിക്കുന്നു. തീരദേശവാസികൾ അവിടം വിട്ടു പോയിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ എങ്ങനെയാണ് നമ്മുടെ തീരങ്ങൾ സംരക്ഷിക്കപ്പെടാൻ പോകുന്നത്? കടൽ കയറുന്നതനുസരിച്ച് കേരളത്തിലെ തീരദേശവാസികളെല്ലാവരും അതുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പോകണമോ? ഒടുവിൽ, കേരളം വെറുമൊരു മലനാട് മാത്രമായി തീരണമോ?

ഇപ്പോൾ പുനർഗേഹം പദ്ധതി എന്നൊരു പരിപാടിയുമായി കേരള സർക്കാർ മുന്നോട്ടു പോവുകയാണ്.  തീരദേശത്ത് 50 മീറ്ററിനുള്ളിൽ ഉള്ളവർക്ക് 10 ലക്ഷം രൂപ തരാം; അതുകൊണ്ട് സ്ഥലം വാങ്ങി വീട് വച്ചു മാറണം! കൊച്ചി പോലുള്ള പട്ടണത്തോട് ചേർന്നുകിടക്കുന്ന ചെല്ലാനം പോലുള്ള ഇടങ്ങളിൽ 10 ലക്ഷം രൂപ കിട്ടിയാൽ എവിടെയാണ് മൂന്ന് സെൻറ് സ്ഥലമെങ്കിലും വാങ്ങി ഒരു വീടു വയ്ക്കാൻ അവർക്ക് സാധിക്കുക? മാത്രമല്ല, വെള്ളം കയറിയത്, തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരുടെ വീടുകളിൽ മാത്രമാണോ? അല്ല. റോഡിന് കിഴക്കുവശത്തുള്ള എല്ലാ വീടുകളിലും വെള്ളം കയറി! അതിൻ്റെ അർത്ഥം, തീരത്തോട് ചേർന്നു താമസിക്കുന്നതോ ദൂരെ മാറിത്താമസിക്കുന്നതോ അല്ല വിഷയം. തീരപ്രദേശത്ത് വീടുകളുള്ളവരെ അവിടെ നിന്ന് പറഞ്ഞയച്ചതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയില്ല എന്ന് വ്യക്തം. അതുകൊണ്ട്, ആളുകൾ ഒഴിഞ്ഞുപോവുക എന്നതല്ല കടലാക്രമണത്തിനുള്ള മുഖ്യപരിഹാരം. അത് മറ്റെന്തോ താല്പര്യങ്ങൾക്കുള്ള ആരുടെയോ പരിഹാരം കൂടിയാകാം!

ശാസ്ത്ര-സാങ്കേതികവിദ്യ ഇത്രമാത്രം വികസിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ കേരളതീരത്തെ കടലിനു വിഴുങ്ങാൻ വിട്ടുകൊടുക്കുന്നത് വളരെ മോശം ഭരണത്തിന്റെ (bad governance) തെളിവല്ലാതെ മറ്റെന്താണ്? 75 മീറ്റർ വരെ സമുദ്രനിരപ്പ് ഉയരാവുന്നത്ര ഹിമാനികളും മഞ്ഞുപാളികളും ലോകമെമ്പാടും ഉണ്ടെന്ന കാരണം കൊണ്ട് മനുഷ്യരെല്ലാം എവറസ്റ്റിലേക്ക് കുടിയേറണം എന്നുപറയുന്നതിലുള്ള അതേ യുക്തിഭംഗമല്ലേ ജനം തീരം വിട്ടുപോകണം എന്ന സ്ഥിരംപല്ലവിയിലുമുള്ളത്?

ആദ്യം സംരക്ഷിക്കുക; എന്നിട്ട് വികസിപ്പിക്കുക

തീരദേശ വികസന അതോറിറ്റി എന്ന പേരിൽ ഒരു സംവിധാനം കേരളത്തിലുണ്ട്. സത്യത്തിൽ ആ പേര് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. സംരക്ഷണം ഇല്ലാത്തിടത്ത് എന്തു വികസനം!

590 കിലോമീറ്റർ കടൽത്തീരമുള്ള ഒരു സംസ്ഥാനത്ത് ഇതുവരെ ഒരു തീരസംരക്ഷണ അതോറിറ്റി രൂപീകൃതമായിട്ടില്ല! തീരസംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ ഒരു ഭരണകൂടം ആദ്യം ചെയ്യേണ്ടത് ഒരു തീരസംരക്ഷണ അതോറിറ്റി രൂപീകരിക്കുക എന്നതാണ്. മത്സ്യബന്ധനത്തിന്റെയും ഫിഷിങ് ഹാർബറുകളുടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫിഷറീസ് വകുപ്പിനും കാന പണിയലിന്റെയും കുടിവെള്ളത്തിന്റെയും ജലസേചനത്തിന്റെയും ഉത്തരവാദിത്വമുള്ള ജലസേചന വകുപ്പിനും തീരസംരക്ഷണത്തെക്കുറിച്ച് എന്ത് ധാരണയുണ്ടാകാനാണ്? ഈ വകുപ്പുകൾക്കുള്ള തീരസംരക്ഷണ സംബന്ധിയായ എല്ലാ ഉത്തരവാദിത്വങ്ങളും തീരസംരക്ഷണ അതോറിറ്റിയുടെ കീഴിൽ വരണം.

ബുദ്ധിപൂർവ്വകമായ തീരസംരക്ഷണം

‘ബുദ്ധിയുള്ളവർ’ എന്നു ഡച്ചുകാർ വിളിക്കപ്പെടുന്നത് അവരുടെ തീരസംരക്ഷണ ചാതുരിയെപ്രതിയാണ്. പകുതിഭാഗവും സമുദ്രനിരപ്പിനു താഴെയായുള്ള നെതർലാൻഡ്സ് രാജ്യം (പേരിന്റെ അർത്ഥം തന്നെ ‘താഴ്ന്ന ദേശങ്ങൾ’) 32 കിലോമീറ്റർ നീളമുള്ള ഒരു കടൽഭിത്തി പണിതുണ്ടാക്കി രൂപം കൊടുത്തത് പശ്ചിമ യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ജസ്സൽമേറിനാണ്. സമുദ്രജലം 5 മീറ്റർ വരെ ഉയർന്നാലും അതിനെ പ്രതിരോധിക്കാനുതകുന്ന പടുകൂറ്റൻ വാതായന സമുച്ചയം മേൽസാൻ്റ്കെറിങിൽ അവർ ഒരുക്കിയത് 1953-ലെ വെളളപ്പൊക്കത്തിൽ 1836 ജീവനുകൾ പൊലിഞ്ഞതിനുള്ള മറുപടിയായിട്ടാണ്. നദികൾക്ക് കൂടുതൽ വളഞ്ഞുപുളഞ്ഞൊഴുകാൻ ഇടമൊരുക്കുന്ന ‘ജലത്തിനായി ഒരിടം’ (room for water) എന്ന പുത്തൻ സംവിധാനത്തിനും അവർ ജന്മമേകി. നേരെയൊഴുകുന്ന നദികളുടെ ശക്തി കുറച്ച് പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാനുള്ള തന്ത്രം കൂടിയാണിത്. നദികൾക്കായി ഇരട്ടച്ചിറകൾ അവരുടെ മറ്റൊരു കണ്ടുപിടുത്തമാണ് – നദിയുടെ ഇരുവശങ്ങളിലും സാധാരണ ചിറയും അതിനകലെയായി കവിഞ്ഞൊഴുക്കു വെള്ളത്തെ തടയാൻ കൂടുതൽ വലുപ്പമുള്ള ചിറകളും.

സമ്പൂര്‍ണ്ണ സാക്ഷരതയുള്ള നമ്മുടെ നാട്ടിൽ നമ്മുടെ കടൽത്തീര സംരക്ഷണത്തിന് എന്തൊക്കെയാണ് ബുദ്ധിപൂർവകമായി ചെയ്യാനാവുന്നത്?

1. കടൽഭിത്തി നിർമ്മാണം/ പുനർനിമ്മാണം

ശാസ്ത്രീയമായ കടൽഭിത്തിയുടെ സുന്ദരമാതൃക ബോംബെയിൽ നരിമാൻ പോയിന്റ്‌ മുതൽ ചൗപ്പട്ടി വരെ മൂന്നര കിലോമീറ്റർ നീളമുള്ള കടൽത്തീരത്തു കാണാം. അവിടെ 1920-ലാണ് കടൽഭിത്തി കെട്ടിയത്. 1960 – 1961 കാലഘട്ടത്തിൽ ഭിത്തി ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങളിൽ ടെട്രാപോഡുകൾ നിരത്തി. 1980-ൽ മുഴുവൻ കടൽഭിത്തിയും സംരക്ഷിക്കാനായി രണ്ടു നിര ടെട്രാപോഡുകളും അതിനും മുന്നിലായി 800 – 1000 കി.ഗ്രാം വരുന്ന കല്ലുകളും കടലിൽ സ്ഥാപിച്ചു. കാലാകാലങ്ങളിൽ ഭിത്തിയുടെ അവസ്ഥ പഠിക്കുകയും വിലയിരുത്തുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്താൽ എങ്ങനെ സ്വച്ഛമായും മാന്യമായും ജനങ്ങൾക്കു ജീവിക്കാമെന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ബോംബെയിലേത്.

കേരളത്തിന്റെ മുഴുവൻ കടൽത്തീരത്തും ഭിത്തിയുടെ ആവശ്യമില്ല. ആവശ്യമുള്ളയിടങ്ങൾ തിരിച്ചറിയാനും അവിടങ്ങളിൽ അതു നിർമ്മിക്കാനും നിലവിലുള്ള കടൽഭിത്തികളുടെ ഉയരവും ബലവും പരിശോധിക്കാനും വേണമെങ്കിൽ അവ പുനർനിർമ്മിക്കാനും നിതാന്തശ്രദ്ധയും അധികാരവും ഫണ്ടും ഉള്ള ഒന്നായിരിക്കണം തീരസംരക്ഷണ അതോറിറ്റി.

നമ്മുടെ കടൽഭിത്തികൾ നിർമ്മിച്ചിട്ട് 60 വർഷത്തിലേറെയായി. അന്ന് അവയ്ക്ക് മൂന്നു മീറ്ററെങ്കിലും ഉയരം കാണും എന്ന് പഴമക്കാർ പറയുന്നു. ഇന്നോ? ഒന്നര മീറ്ററിനു മേൽ ഉയരം എവിടെയെങ്കിലും ഉണ്ടോ? കടൽവെള്ളം ഉയർന്നുകൊണ്ടിരിക്കുമ്പോൾ കടൽഭിത്തി താഴ്ന്നുപോകുന്നത് ഗൗരവമായി പരിഗണിക്കാതിരിക്കുന്നതെങ്ങനെ? കടൽഭിത്തിക്ക് മിനിമം ഇത്ര പൊക്കമെങ്കിലും വേണമെന്ന് നിജപ്പെടുത്തേണ്ടതിന്റെ ആവശ്യമുണ്ട്.

2. പുലിമുട്ട്/ ജിയോ ട്യൂബ് സംവിധാനം

ഫോര്‍ട്ട്‌ കൊച്ചി – വെളി പരിസരത്ത് പണ്ട് കടലാക്രമണമുണ്ടായിരുന്നു. തീരദേശസേന ആ പ്രദേശം ഏറ്റെടുക്കുകയും ഉയരം കൂടിയ കടൽഭിത്തിയും നീളമുള്ള പുലിമുട്ടുകളും സ്ഥാപിച്ചതോടെ അത്തരമൊരു പ്രശ്നം അവിടെ പഴങ്കഥയായിത്തീർന്നു. കല്ലിന്റെ ദൗർലഭ്യത ഇതിന് ഒരു തടസ്സമാകേണ്ടതില്ല. ട്രൈപോഡും ട്രൊപോഡുമെല്ലാം ഇന്ന് സുലഭമാണ്. ആവശ്യമായ പുലിമുട്ടുകൾ സമുദ്രത്തിലേക്ക് നിർമ്മിക്കുന്നത് തിരയുടെ ശക്തി കുറയ്ക്കാനും തീരത്ത് മണ്ണടിയാനും ഇടയാക്കും. കേരളതീരങ്ങളിൽ പുലിമുട്ടുകൾ നിർമ്മിക്കാനും നിലവിലുള്ള പുലിമുട്ടുകൾ താഴ്ന്നുപോവുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടോ എന്ന് വിലയിരുത്താനും തീരസംരക്ഷണ അതോറിറ്റിയുടെ ആവശ്യമുണ്ട്.

സത്യത്തിൽ, പുലിമുട്ടിനു ബദലായ സംവിധാനമാണ് ജിയോ ട്യൂബ്. നമ്മുടെ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥ വരേണ്യരല്ലാതെ, ലോകത്തൊരിടത്തും ആരും അതിനെ കടൽഭിത്തിക്ക് ബദലായി പരിഗണിച്ചിട്ടില്ല. തീരത്തല്ല അത് സ്ഥാപിക്കേണ്ടത്. തിരമാലയടിക്കുന്ന ആഴമുള്ള ഭാഗത്ത് ഇടുന്ന മണൽ നിറച്ച ജിയോ ട്യൂബ് അലകളുടെ കരുത്ത് കുറയ്ക്കുകയും തീരപരിപോഷണം സാധ്യമാക്കുകയും ചെയ്യും. ഇതുവരെ ചെല്ലാനത്തു നടത്തിയ ജിയോ ട്യൂബ് പരീക്ഷണങ്ങൾ തികഞ്ഞ പരാജയങ്ങളാണ്. ഇനിയും ചെല്ലാനത്ത് 8 കോടി രൂപ അങ്ങനെ തന്നെയാണ് നശിപ്പിക്കാൻ പോകുന്നതെങ്കിൽ ഈ ഭോഷത്വത്തിനു പച്ചക്കൊടി വീശുന്നവർക്കു ബുദ്ധിയുണ്ടെന്ന് എങ്ങനെ കരുതാനാകും?

3. തീരപോഷണം

കൊച്ചി – ചെല്ലാനം തീരങ്ങൾ ശോഷിക്കുന്നതിന്റെ കാരണം തേടി ആരും അലയേണ്ടതില്ല. പട്ടാപ്പകൽ പോലെ വ്യക്തമാണ് കാര്യങ്ങൾ. മനുഷ്യനുണ്ടാക്കിയ തീരശോഷണമാണത്. പോർട്ട് ട്രസ്റ്റ് കാലാകാലങ്ങളിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡ്രഡ്ജിങിന്റെ അശാസ്ത്രീയതയും ഭീമങ്ങളായ വല്ലാർപാടം ടെർമിനൽ, വൈപ്പിൻ എൽഎൻജി ടെർമിനൽ എന്നിവയുടെ നിർമ്മാണങ്ങളും മറുകരയുടെ ശോഷണത്തിന് വ്യക്തമായ കാരണങ്ങളാണ്. വൈപ്പിനിൽ ഏതാണ്ടൊരു സ്ഥായീഭാവത്തോടെ രൂപീകൃതമായിട്ടുള്ള ഏക്കർ കണക്കിനു വയ്പുഭൂമി മറുകരയുടെ ശോഷണത്തിന്റെ ഫലമാണ്.

തീരപരിപോഷണം എന്നതിലൂടെ ഉദ്ദേശിക്കുന്നത് കടൽതീരത്ത് മണൽ ഉണ്ടാകാനുള്ള വഴികൾ തേടുക എന്നതാണ്. ഫ്ലോറിഡയിലെ പ്രശസ്തമായ മിയാമി ബീച്ചിൽ 61,000 ടൺ മണലാണ്, 16 മില്ല്യൻ ഡോളർ ചെലവഴിച്ച്, കഴിഞ്ഞ വർഷം മാത്രം തീരപരിപോഷണത്തിനായി സർക്കാർ നിക്ഷേപിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തീരഷണം നടത്തുന്നത് സ്പെയിനാണ് – പ്രതിവർഷം പത്തു മില്യൻ മീറ്റർ ക്യൂബ് മണൽ!

കടൽത്തീരത്ത് മണൽ അടിയാനുള്ള സാധ്യത നാം ബോധപൂർവ്വം ഒരുക്കേണ്ടതുണ്ട്. പുലിമുട്ടുകൾ കെട്ടുമ്പോഴും കടലിൽ ജിയോ ട്യൂബു സ്ഥാപിക്കുമ്പോഴും ഉണ്ടാകുന്ന ഒരു പ്രതിഭാസം ആ ഭാഗത്ത് മണൽ അടിയും എന്നതാണ്. എന്നാൽ ഇതുമാത്രം പോരാ. നിലവിലുള്ള ഡ്രഡ്ജിങ് സംവിധാനങ്ങൾ തീരപരിപോഷണത്തിന് ഉതകുന്ന രീതിയിൽ പ്രയോഗിക്കണം. പരിസ്ഥിതി ആഘാതപഠനം കൂടാതെ കടൽത്തീരത്ത് വൻ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിലൂടെ മറുകരയിലെ ഒരു ജനതയെയാകെ ദുരിതത്തില്‍ ആഴ്ത്തിയതിന്റെ ഉത്തരവാദിത്വം പോർട്ട് ട്രസ്റ്റിനും എൽഎൻജിക്കും ഉണ്ട്. തീരപരിപോഷണത്തിന് ആവശ്യമായതെല്ലാം ചെയ്യാൻ അവർക്ക് ധാർമ്മികമായ ബാധ്യതയുമുണ്ട്.

4. കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കൽ

തീരങ്ങളിൽ കണ്ടൽച്ചെടി വച്ചുപിടിപ്പിക്കുന്നത് തീരസംരക്ഷണത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. തലശ്ശേരി കടൽത്തീരം ഇതിന് ഉത്തമമായ ദൃഷ്ടാന്തമാണ്. മണ്ണൊലിപ്പ് തടയുന്നതിനും കടൽ കയറുന്നത് പ്രതിരോധിക്കുന്നതിനും കണ്ടൽക്കാടുകളുടെ സഹായം വളരെ വലുതാണ്. മിയാമി ബീച്ചിനോട് അനുബന്ധിച്ചുപോലും ചുവപ്പുനിറമുള്ള കണ്ടൽച്ചെടികൾ നട്ടുവളർത്തിയിട്ടുണ്ട്. ഇത്രയ്ക്ക് ഫലപ്രദവും എളുപ്പവുമായ ഒരു കാര്യം നമ്മുടെ മേലുദ്യോഗസ്ഥരുടെ സജീവ പരിഗണനയിലോ പദ്ധതിയിലോ കാണുന്നില്ല എന്നത് നിർഭാഗ്യകരമാണ്.

5. പൊഴികളും അഴിമുഖങ്ങളും തോടുകളും

തീരസംരക്ഷണ അതോറിറ്റിയുടെ കീഴിൽ വരേണ്ടതാണ് തീരത്തോട് ചേർന്നുള്ള പൊഴികളും അഴിമുഖങ്ങളും തോടുകളും. നമ്മുടെ ഒട്ടുമിക്ക തോടുകളും നദികളും ഇന്ന് മണലും ചെളിയും അടിഞ്ഞ് ആഴം തീരെ ഇല്ലാതായിരിക്കുകയാണ്. അതുകൊണ്ടു കൂടിയാണ് കടലിൽ വെള്ളം ഉയരുമ്പോൾ കടലിന്റെ പരിസരത്തുള്ളവരെല്ലാം വെള്ളത്തിൽ ആഴുന്നത്. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ പണ്ടുകാലങ്ങളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയ്ക്കുള്ള ഏകപരിഹാരം അവരിൽ നിന്ന് ആ ഉത്തരവാദിത്വം എടുത്തു മാറ്റി തീരസംരക്ഷണ അതോറിറ്റിയെ ഏല്പിക്കുക എന്നതു മാത്രമാണ്.

കഴിവുകെട്ട ഗൃഹനാഥന്മാർ

ഒരു വീട്ടുകാരന്റെ കഴിവോ കഴിവില്ലായ്മയോ കാണാൻ അവന്റെ വീടിന്റെയും പുരയിടത്തിന്റെയും അവസ്ഥ കണ്ടാൽ മതി. കഴിവുകെട്ട കുടുംബനാഥന്മാരും കുടുംബനാഥകളും ഉള്ളിടത്ത് എല്ലാം അലങ്കോലമായിരിക്കും. അവിടെ മതിൽ ഇടിഞ്ഞുപൊളിഞ്ഞു കിടക്കും, മുറ്റം വൃത്തികേടായിരിക്കും, വീട് ദ്രവിച്ചു വീഴാറായിരിക്കും, അറ്റകുറ്റപ്പണി എന്നത് കേട്ടുകേൾവി പോലുമുണ്ടാകില്ല. ശുഭം!

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.