കേരള ദേവാലയ (വസ്തുവകകളും സ്ഥാപനങ്ങളും) ബിൽ 2019 – വിശദ വിവരങ്ങള്‍ 

മുഖ്യമന്ത്രി പിണറായി വിജയൻ, നിയമകാര്യമന്ത്രി എ.കെ. ബാലൻ എന്നിവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് കെ.ടി. തോമസ് ചെയർമാനായും കെ. ശശിധരൻ നായർ വൈസ് ചെയർമാനായും കെ. ജോർജ്ജ് ഉമ്മൻ, എൻ.കെ. ജയകുമാർ, ലിസമ്മ അഗസ്റ്റിൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്ന നിയമപരിഷ്കരണ കമ്മീഷൻ പുറത്തിറക്കിയ കേരള ദേവാലയ (വസ്തുവകകളും സ്ഥാപനങ്ങളും) ബിൽ 2019 സമഗ്രമായ പരിശോധനയ്ക്കും അഭിപ്രായരൂപീകരണത്തിനും വിധേയമാക്കേണ്ടിയിരിക്കുന്നു.

നിലവിൽ ദേവാലയ സ്വത്തുക്കളുടെ പരിപാലനം സുതാര്യവും നീതിപൂർവ്വവുമല്ല എന്ന ധ്വനിയിൽ, ദുരുപയോഗത്തിനെതിരെ പരാതി നൽകുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ആമുഖത്തിൽ തന്നെ സൂചിപ്പിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്ന ഈ കരട് നിയമം “കേരളത്തിലെ എല്ലാ സഭാവിഭാഗങ്ങളിലും സ്വത്തുവകകൾ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലല്ല എന്ന് ഏകപക്ഷീയമായി അനുമാനിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.”

ചർച്ചകൾക്കും വിചിന്തനങ്ങൾക്കും പ്രതികരണങ്ങൾക്കുമായി ഈ കരട് നിയമത്തിൻറെ പ്രസക്തഭാഗങ്ങളുടെ മലയാള തർജ്ജിമ ലഭ്യമാക്കുന്നു.

വകുപ്പ് 1

ഈ നിയമത്തിൻറെ വ്യാപ്തി കേരളസംസ്ഥാനം മുഴുവനും ആയിരിക്കും. ഇത് നിയമം ആക്കുന്ന ദിവസം മുതൽ നടപ്പിൽ വരും.

വകുപ്പ് 2(b) – Church – ദേവാലയം

എല്ലാ സഭകളും വിഭാഗങ്ങളും ഇതിൻറെ പരിധിയിൽ വരും.

വകുപ്പ് 2(c) – Christian 

ബൈബിളിൽ വിശ്വസിക്കുന്നവരും യേശുക്രിസ്തുവിനെ ഏകജാതനായ ദൈവപുത്രനായി വിശ്വസിക്കുന്നവരും അതുപ്രകാരം മാമ്മോദീസാ മുങ്ങിയവരും ഈ നിർവചനത്തിൽ ഉൾപ്പെടും.

വകുപ്പ് 2(d) – Church Tribunal

ഈ നിയമത്തിലെ  വകുപ്പ് 8 പ്രകാരം സർക്കാർ രൂപീകരിക്കുന്ന ട്രൈബ്യൂണൽ.

വകുപ്പ് 2(f) – Denomination – വിഭാഗം

ആധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളിൽ ഏതെങ്കിലും സഭാധ്യക്ഷനോടും  സിനഡിനോട്/കൗൺസിലിനോട് വിധേയപ്പെട്ടിരിക്കുന്നവരെ ഡിനോമിനേഷൻ എന്ന് പറയും. യഹോവസാക്ഷികളും, സഭാധ്യക്ഷന്മാർ ഇല്ലാതെ ഏതെങ്കിലും പാസ്റ്റർ തുടങ്ങിയവരിൽ മേൽനോട്ട അധികാരം അർപ്പിച്ചിരിക്കുന്ന വിഭാഗങ്ങളും ഉൾപ്പെടും.

വകുപ്പ് 2(h) – Parish

പ്രാർത്ഥനാലയമോ പള്ളിയോ ഉള്ള ഇടവക എന്ന് വിളിക്കാവുന്ന ഡിനോമിനേഷൻറെ പ്രാദേശിക യൂണിറ്റ്.

വകുപ്പ് 2(j) – Properties of the Church

“പള്ളിവക വസ്തുക്കൾ” എന്നതിൽ പള്ളിവകയായ എല്ലാ സ്ഥാവര-ജംഗമവസ്തുക്കളും, ഡിനോമിനേഷൻ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവർ നൽകിയിട്ടുള്ള പണം, ബാങ്ക് ഡെപ്പോസിറ്റ്, മറ്റു നിക്ഷേപങ്ങൾ എന്നിവയും, അവയുടെ ഉന്നതഘടകത്തിന്റെ നിയന്ത്രണത്തിൽ വരുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയും ഉൾപ്പെടും.

വകുപ്പ് 3 – വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം

വരിസംഖ്യയിലൂടെ, സംഭാവനകളിലൂടെ, നേർച്ച-കാഴ്ചകളിലൂടെ തുടങ്ങിയ എല്ലാവിധത്തിലും ആരാധിക്കാൻ വരുന്നവരും അല്ലാത്തവരും നൽകിയിട്ടുള്ള എല്ലാ സംഭാവനകളും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംഭാവനകളും കൈകാര്യം ചെയ്യുന്നതിന് ഡിനോമിനേഷന് അവകാശമുണ്ടായിരിക്കും.

വകുപ്പ് 4 – ചട്ടങ്ങൾ

ഓരോ ഡിനോമിനേഷനും അവരവരുടെ അധികാരപരിധിയിൽ വരുന്ന അതത് ഇടവകകൾ ഭരിക്കുന്നതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കണം.

വകുപ്പ് 5 – കണക്ക്

എല്ലാ ഡിനോമിനേഷനുകളും കാലാകാലങ്ങളിൽ വസ്തുവകകളുമായി ബന്ധപ്പെട്ടതും പണവുമായി ബന്ധപ്പെട്ടതുമായ വരവ്-ചിലവ് കണക്കുകൾ സൂക്ഷിക്കണം.

വകുപ്പ് 6 – ഓഡിറ്റ് റിപ്പോർട്ട് 

ഡിനോമിനേഷൻ തെരഞ്ഞെടുക്കുന്ന ചാർട്ടേഡ് അക്കൗണ്ടൻറ്, വാർഷിക ഓഡിറ്റ് നടത്തണം. ഓഡിറ്റ്, വാർഷിക പ്രതിനിധി യോഗത്തിൽ സമർപ്പിക്കണം.

വകുപ്പ് 7 – ഇടവകയ്ക്ക് വസ്തു സൂക്ഷിക്കാനുള്ള അവകാശം

ഓരോ ഇടവകയ്ക്കും സ്വന്തമായി വസ്തുവകകൾ വാങ്ങുന്നതിനും വാടക, ലൈസൻസ് തുടങ്ങിയ രീതികളിലൂടെ ഉപയോഗിക്കുന്നതിനും അവകാശമുണ്ട്. ഓരോ ഇടവകയും കൃത്യമായ കണക്കുകൾ സൂക്ഷിക്കേണ്ടതും അവ ഓഡിറ്റിന് വിധേയമാക്കേണ്ടതും ഓഡിറ്റ് റിപ്പോർട്ട് ഇടവക പൊതുയോഗം മുമ്പാകെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുമാണ്.

വകുപ്പ് 8 – ചർച്ച് ട്രൈബ്യൂണൽ

ഏകാംഗ/മൂന്നംഗ ചർച്ച് ട്രൈബ്യൂണൽ സർക്കാർ സ്ഥാപിക്കണം. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയായിരുന്നയാളോ ആയിരിക്കണം ഏകാംഗ ട്രൈബ്യൂണലിലെ അംഗം. മൂന്നംഗ ട്രൈബ്യൂണൽ ആണെങ്കിൽ ശേഷിക്കുന്ന അംഗങ്ങൾ ജില്ലാ ജഡ്ജി ആകാൻ യോഗ്യതയുള്ള ആളോ സർക്കാർ തലത്തിൽ സെക്രട്ടറി പദം വഹിച്ചിരുന്ന ആളോ ആകണം.

വകുപ്പ് 9 – ട്രൈബ്യൂണലിന്റെ അധികാരങ്ങൾ

ഡിനോമിനേഷനിൽ ഉൾപ്പെടുന്ന ഏതൊരു അംഗത്തിനും ഇടവകയുടെ വസ്തുവകകളും പണവും കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയുള്ള പരാതികൾ ട്രൈബ്യൂണലിൽ നൽകാം. ഇടവകയിൽ പരാതി ഉന്നയിച്ച് നടപടിയുണ്ടാകാത്ത വിഷയങ്ങളിലും ട്രൈബ്യൂണലിൽ പരാതി നൽകാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.

നിയമം ഉണ്ടാക്കാനുള്ള കാരണം

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 26(d) പ്രകാരം എല്ലാ മതവിഭാഗങ്ങൾക്കും നിയമാനുസൃതം വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിന് അവകാശമുണ്ട്. നിലവിൽ ക്രൈസ്തവ ദേവാലയങ്ങളുടെ വിവിധ മതവിഭാഗങ്ങളുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. വിവിധ മാർഗ്ഗങ്ങളിലൂടെ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങൾ വൻതോതിൽ വസ്തുവകകൾ ആർജിച്ചിട്ടുണ്ട്. ഈ വസ്തുക്കളെല്ലാം കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്. മതിയായ കൂടിയാലോചനകൾ ഇല്ലാതെ വസ്തുവകകൾ വകമാറ്റം ചെയ്തും പണയപ്പെടുത്തിയും ദേവാലയങ്ങൾക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വിശ്വാസികളുടെ മനോവീര്യത്തെ തകർക്കുന്നു. നിലവിൽ ഇത്തരം വിഷയങ്ങളിൽ പരാതി നൽകാനുള്ള സംവിധാനം ഇല്ല. അതിനാൽ അത്തരത്തിൽ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സർക്കാർ കരുതുന്നതുകൊണ്ടാണ് ഈ കരട് നിയമം അവതരിപ്പിക്കുന്നത് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

മാർച്ച്  6-നുള്ളിൽ നിർദ്ദേശങ്ങൾ lawreformskerala@gmail.com എന്ന വിലാസത്തിൽ സമർപ്പിക്കാം. www.lawreformscommission.kerala.gov.in എന്ന വെബ്സൈറ്റിൽ കരട് നിയമത്തിൻറെ ഇംഗ്ലീഷ് രൂപം ലഭ്യമാണ്.

അഡ്വ. ഷെറി ജെ. തോമസ്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.