സ്തുതി കൊടുക്കാം; ഈശോയെ സ്തുതിക്കാം

മുത്തശ്ശിയെയും മുത്തശ്ശനെയും കണ്ടമാത്രയിൽ പേരക്കുട്ടി ഓടിയെത്തി. എന്നിട്ട് കൂപ്പു കൈകളോടെ പറഞ്ഞു “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.” ഒരുകാലത്ത് കേരളത്തിലെ നസ്രാണികളുടെ ഇടയിൽ കണ്ടുവന്നിരുന്ന മനോഹരമായ ഒരു ചിത്രമായിരുന്നു ഇത്. കുടുംബത്തിൽ വന്നു കേറിയ ഉടനെയും വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപും പ്രായമായവരെ കാണുമ്പോഴൊക്കെ സ്തുതി ചൊല്ലുന്ന മനോഹരമായ ഒരു സംസ്കാരം നമുക്കുണ്ടായിരുന്നു. നസ്രാണികളുടെ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമായിരുന്ന ഈ ആചാരം കാലചക്രത്തിന്റെ കറക്കത്തിലെങ്ങോ ലോപിച്ചു പോയി. അല്ലെങ്കിൽ സൗകര്യപൂർവ്വം മറന്നുപോയി. അതുമല്ലെങ്കിൽ കാലത്തിന്റെ സ്റ്റാറ്റസിന് ചേരുന്നതല്ലെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. എന്തിന്, വൈദികരെ കാണുമ്പോൾ പോലും ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ എന്ന് പറയുന്നതിന് പകരം ‘ഗുഡ് മോർണിംഗ് ഫാദർ’ എന്നു പറയാൻ പഠിപ്പിച്ചു ഇന്നത്തെ ലോകം.

വെറുമൊരു ആചാരം മാത്രമായിരുന്നോ ഈ സ്തുതി ചൊല്ലൽ. ഒരിക്കലുമല്ല. ചെറുതെങ്കിലും അർത്ഥസമ്പുഷ്ടമാണ് ഈ സ്തുതി ചൊല്ലൽ. സ്തുതി ചൊല്ലുമ്പോൾ എന്താണ് സംഭവിക്കുന്നത്?

1. ഈശോയ്ക്ക് സ്തുതി നൽകുന്നു

‘ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.’ സ്തുതി ചൊല്ലൽ ഇങ്ങനെയാണ്. അതായത് സ്തുതി കൊടുക്കുന്നയാൾ സ്തുതി സ്വീകരിക്കുന്നയാൾക്കല്ല മറിച്ച്,  അയാളുടെ ഉള്ളിലുള്ള ഈശോയ്ക്കാണ് സ്തുതി ചൊല്ലുന്നത്. അത് വളരെ വലിയ ഒരു തിരിച്ചറിവാണ് നമുക്ക് നൽകുന്നത്. അതിന്റെ അടുത്തുള്ള ആളും താനും ദൈവത്തിന്റെ ചൈതന്യം പേറുന്നവരാണെന്നും ദൈവം അവരിലുണ്ടെന്നുമുള്ള തിരിച്ചറിവ്. അതിനാൽ ദൈവം കുടികൊള്ളുന്ന അവരെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം എന്ന അറിവാണ് ഈ സ്തുതി ചൊല്ലൽ പകരുന്നത്. ചുരുക്കിപ്പറഞ്ഞാൽ അതൊരു പ്രഖ്യാപനമായിരുന്നു, വിശ്വാസത്തിന്റെ, സ്തുതി സ്വീകരിക്കുന്ന ആളിന്റെ ഉള്ളിലെ ദൈവത്തെ ബഹുമാനിക്കലായിരുന്നു ഈ മനോഹരമായ സ്തുതി ചൊല്ലൽ.

2. സാഹോദര്യത്തിന്റെ മനോഭാവത്തിലേയ്ക്കുള്ള ക്ഷണം

എന്റെയുള്ളിലും നിന്റെയുള്ളിലും കുടികൊള്ളുന്ന ക്രിസ്തുവിന് സ്തുതി ചൊല്ലുമ്പോൾ അവിടെ സഹോദര്യത്തിന്റേതായ ഒരു മനോഭാവത്തിലേയ്ക്കുള്ള ക്ഷണമാണ് നടക്കുന്നത്. ക്രിസ്തുവിൽ ഒന്നായ സമൂഹത്തിന്റെ അംഗങ്ങളാണ് നാം. അതിനാൽ തന്നെ സഹോദരും. കൂദാശകളിലൂടെ സഭയുമായുള്ള ഐക്യത്തിൽ ഒന്നായവരും ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളുമായ നാം ഒരുമിച്ച് ക്രിസ്തുവിലേയ്ക്ക് നീങ്ങേണ്ടവരാണ് എന്ന് ഓർമ്മിപ്പിക്കുന്നതാണ് സ്തുതി ചൊല്ലൽ.

3. സർവ്വ മഹത്വവും ദൈവത്തിന്

സ്തുതി ചൊല്ലുമ്പോൾ നാം ഒരാളുടെ ഉള്ളിൽ കുടികൊള്ളുന്ന ക്രിസ്തുവിനാണ് സ്തുതി ചൊല്ലുന്നത്. അതിനർത്ഥം നീ എന്ന ഒരു വ്യക്തിയല്ല മറിച്ച്, ക്രിസ്തുവാണ് പ്രധാനപ്പെട്ടത് എന്ന്. ക്രിസ്തുവിന്റെ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള ഉപകരണമാണ് നാമെന്നും അവിടുന്ന് നൽകാതെ നമുക്ക് ഒന്നുമില്ലാ എന്നുമുള്ള വലിയ ഓർമ്മപ്പെടുത്തലാണ് സ്തുതി ചൊല്ലലിൽ സംഭവിക്കുന്നത്. ഒരുവന്റെ ജീവിതം, അത് എപ്പോഴും ക്രിസ്തുവിൽ കേന്ദ്രീകരിക്കുവാനുള്ള ആഹ്വാനവും ദൈവത്തെ എപ്പോഴും മഹത്വപ്പെടുത്തുവാനും ഈ ലളിതമായ ആചരണം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.

നീ അല്ല നിന്റെ ഉള്ളിലെ ക്രിസ്തുവിനാണ് സർവ്വ മഹത്വവും. ഈ ഓർമ്മപ്പെടുത്തൽ, എളിമയിലും വിനയത്തിലും അധിഷ്ഠിതമായ ഒരു ജീവിതം നയിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നു. ഒപ്പം നമ്മുടെ ഇഷ്ടങ്ങളേക്കാൾ ദൈവത്തിന്റെ ഹിതം തേടുവാനുള്ള പ്രചോദനവും സ്തുതി ചൊല്ലൽ നൽകുന്നു.

4. ആദരത്തിന്റെ ഉറവിടം

പണ്ടു കാലങ്ങളിൽ പ്രായമായ ആളുകളേയും കുടുംബത്തിലെ മുതിർന്നവരേയും കാണുമ്പോൾ സ്തുതി ചൊല്ലിയിരുന്നു. അത് നാം അവരെ ആദരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയായിരുന്നു. അവരെ ആദരിക്കുന്നു എന്നാൽ തലമുറകളിലേയ്ക്ക് അവർ പകർന്ന വിശ്വാസപാരമ്പര്യത്തെ, അതിനായി അവർ ഏറ്റെടുത്ത പ്രയാസങ്ങളെ ഒക്കെ ഏറ്റവും ബഹുമാനത്തോടെ കാണുന്നു എന്നതിനുള്ള തെളിവായിരുന്നു ഈ സ്തുതി ചൊല്ലൽ.

തലമുറകളിലേയ്ക്ക് വിശ്വാസം പകരുക എന്നത് അത്ര നിസാരമായ ഒന്നല്ല . അതിന് ജീവിതമാതൃക/ സാക്ഷ്യങ്ങൾ ആവശ്യമായിരുന്നു. നിന്റെ ജീവിതത്തിലേയ്ക്ക് വിശ്വസത്തിന്റെ ചൂണ്ടുപലകയായ പൂർവ്വീകരെ സ്മരിക്കുന്ന, അവരിലൂടെ ദൈവം പകർന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന അതുല്യ നിമിഷമായി മാറിയിരുന്നു ഓരോ സ്തുതി ചൊല്ലലും. ഇന്നും സ്തുതി ചൊല്ലുമ്പോൾ ഇത് തന്നെയാണ് സംഭവിക്കുന്നത് എന്നോർക്കാം.

5. അനുഗ്രഹത്തിന്റെ ഉറവിടം

പണ്ടു കാലങ്ങളിൽ മുതിർന്നവർക്ക് സ്തുതി ചെല്ലുമ്പോൾ അവർ സ്നേഹത്തോടെ അവരെ ചേർത്തുപിടിക്കുന്ന ഒരു ശീലമുണ്ടായിരുന്നു. വെറും ഒരു സ്നേഹപ്രകടനം മാത്രമായിരുന്നില്ല അത്. ആ സ്നേഹത്തിലൂടെ അവർ പകർന്നത് തലമുറകളിലൂടെ ദൈവം ചൊരിഞ്ഞ അനുഗ്രങ്ങൾ തന്നെയായിരുന്നു. കാലം മാറി. പ്രായമായ മാതാപിതാക്കളെ സന്ദർശിക്കുവാനോ അവർക്കൊപ്പം സമയം ചിലവിടുവാനോ മക്കൾക്കും കൊച്ചുമക്കൾക്കും നേരമില്ലാതായി. അതിനിടയിൽ സ്തുതി കൊടുക്കാനൊക്കെ എവിടെ സമയം?

അറിഞ്ഞോ അറിയാതെയോ നാം മറക്കുന്നത് വലിയ ഒരു സംസ്കാരത്തെയാണ്. അനുഗ്രഹത്തിന്റെ ഉറവിടത്തെയാണ്. അപരന്റെ ഉള്ളിലെ ക്രിസ്തുവിന് സ്തുതി കൊടുത്തുകൊണ്ട് സമൂഹത്തെ മുഴുവൻ ഒന്നാക്കുന്ന, അനുഗ്രഹത്തിന്റെ ഉറവിടമാകുന്ന സ്തുതി ചൊല്ലൽ വരും തലമുറയ്ക്കായി നമുക്ക് വീണ്ടെടുക്കാം. അർത്ഥം അറിഞ്ഞും പൂർണ്ണമായി മനസ്സിലാക്കിയും ഇനി മുതൽ നമുക്ക് സ്തുതി ചൊല്ലി തുടങ്ങാം. അങ്ങനെ നമ്മുടെ മഹത്തായ പാരമ്പര്യങ്ങളെ ചേർത്തുപിടിക്കാം.  ‘ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ’.