സുഗതകുമാരിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് കത്തോലിക്കാ സഭ

പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വേർപാടിൽ കത്തോലിക്ക സഭയുടെ അനുശോചനം. മനുഷ്യത്വത്തിന്റെയും മാതൃത്വത്തിന്റെയും ദീപസ്തംഭമായ സുഗതകുമാരി ടീച്ചർ സാമൂഹികപരിസ്ഥിതി പ്രവർത്തക എന്ന നിലയിൽ കേരളത്തിൽ സജീവ സാന്നിധ്യമായിരുന്നുവെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി, പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധ സ്നേഹത്താൽ കാരുണ്യത്തിന്റെ ഉറവയായി ഒരു കാലഘട്ടത്തെയൊന്നാകെ ജലാർദ്രമാക്കിയ കവയിത്രി, വറ്റിപ്പോകുന്ന അരുവികളെക്കുറിച്ചും വറ്റിപ്പോകുന്ന സ്നേഹത്തെക്കുറിച്ചും തരിശാക്കപ്പെടുന്ന പച്ചപ്പിനെക്കുറിച്ചും നിരന്തരം കേണുകൊണ്ട് കവിതയിലൂടെയും സ്വജീവിതത്തിലൂടെയും പോരാടിയ സ്ത്രീത്വം, നിന്ദിതർക്കും പീഡിതർക്കും അഭയമായ അത്താണിയായിരുന്നു മലയാളിക്കു സുഗതകുമാരി ടീച്ചറെന്നും കർദ്ദിനാൾ പറഞ്ഞു.

മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും അനുശോചനം രേഖപ്പെടുത്തി. മലയാളി സമൂഹത്തിന് മാതൃസ്ഥാനീയയായിരുന്നു സുഗതകുമാരി. സാഹിത്യ ലോകത്തിന് അവർ നൽകിയ സംഭാവന വളരെ വലുതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിൽ പ്രത്യേകം ശ്രദ്ധവച്ചു. സുഗതകുമാരിയുടെ വേർപാടിൽ ദുഃഖവും അനുശോചനവും ബാവ അറിയിച്ചു.

സുഗതകുമാരിയുടെ വിയോഗത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്‌നേഹവും എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ടീച്ചറിന്റെ നിര്യാണം പ്രകൃതിക്കും മനുഷ്യസമൂഹത്തിനും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.