എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ; ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് മന്ത്രി

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എറണാകുളത്ത് നിരോധനാജ്ഞയെന്നാണ് കലക്ടർ എസ്. സുഹാസ് വിശദീകരിച്ചത്.

ജില്ലയിൽ കോവിഡ് –19 ബാധിതരുടെ എണ്ണം കൂടി വരുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം ഫലവത്താകുന്നതിനും ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനും ക്രമീകരണങ്ങൾ ആവശ്യമുള്ളതിനാൽ എറണാകുളം ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയിലാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 31 വരെയാണ് ഉത്തരവ് പ്രാബല്യത്തിലുണ്ടാകുക.