ബൈബിൾ ആയുധമാക്കി അനീതിക്കെതിരെ പോരാടുന്ന കെനിയൻ പോലീസ് ഉദ്യോഗസ്ഥൻ

“കുറ്റവാളികളുമായുള്ള പോരാട്ടത്തിൽ ഞങ്ങൾക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണ്.” പറയുന്നത് കെനിയയിലെ ചീഫ് പോലീസ് ഇൻസ്‌പെക്ടർ ആയ വില്യം സിഫുന. ആഴമായ ദൈവവിശ്വാസത്തിന് ഉടമയായ ഇദ്ദേഹം കുറ്റകൃത്യങ്ങളെ ഉന്മൂലനം ചെയ്യുക എന്ന തന്റെ ദൗത്യത്തെ പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുകയാണ്.

തെരുവീഥികളിൽ നിരന്തരം പോരാടുന്ന മാഫിയ സംഘങ്ങൾ, സംഘർഷഭരിതമായ സാഹചര്യങ്ങൾ… എല്ലാ ദിവസവും കെനിയയിലെ പോലീസ്‌ ഉദ്യോഗസ്ഥർ നേരിടുന്ന സാഹചര്യങ്ങളാണ് ഇവയൊക്കെ. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഈ പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതും ശക്തിപ്പെടുത്തുന്നതും വിശുദ്ധ ഗ്രന്ഥമാണ്. തന്റെ സ്റ്റേഷൻ പരിധിയിൽ ഏറെയും മോഷണവുമായി ബന്ധപ്പെട്ട കേസുകളാണ് ആദ്യം വന്നിരുന്നത്. വിശുദ്ധ ഗ്രന്ഥം വായിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്ന അദ്ദേഹം, മോഷണക്കുറ്റം ആരോപിച്ച് തന്റെ മുന്നിലെത്തിയവരെ ബൈബിളധിഷ്ഠിതമായ ഉപദേശങ്ങളിലൂടെ നന്മയിലേയ്ക്ക് നയിക്കുവാൻ ആരംഭിച്ചു.

മോഷ്ടിച്ച വസ്തുക്കൾ തിരികെ നൽകുവാനും ക്ഷമ ചോദിക്കുവാനും ഇനി മോഷ്ടിക്കാതിരിക്കാനുമുള്ള പ്രചോദനം അദ്ദേഹം നൽകിത്തുടങ്ങി. ബൈബിളധിഷ്ഠിതമായ മൂല്യങ്ങൾ നൽകുവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പതിയെ ഫലം കണ്ടുതുടങ്ങി. അങ്ങനെ അദ്ദേഹത്തെ അവർ ഉപദേശിയായ പോലീസ് എന്ന് വിളിച്ചു തുടങ്ങി. പതിവ് പോലീസിനെ പോലെ ക്രൂരമായ മര്‍ദ്ദനമുറകളൊന്നും ഇല്ലാതെ തങ്ങളെ നേരിടുന്ന ഒരാളെ അവരിൽ പലരും ആദ്യമായി കാണുകയായിരുന്നു. നിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം ഭാവിയിൽ ഈ തെറ്റ് ആവർത്തിക്കാതിരിക്കുവാൻ ആവശ്യമായ നിയമനടപടികളും അദ്ദേഹം സ്വീകരിക്കുന്നു.

കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുവാൻ വിശ്വാസത്തിനും ദൈവത്തിന്റെ ഇടപെടലിനും കഴിയുമെന്നതിന് ഇദ്ദേഹം സാക്ഷിയാണ്. നിരവധി ജീവിതങ്ങളെ ദൈവത്തിലേയ്ക്ക് കൊണ്ടുവരുവാനും മാറ്റങ്ങൾ കൊണ്ടുവരുവാനും കഴിഞ്ഞ ഈ ഉദ്യോഗസ്ഥൻ, ദൈവത്തിന്റെ കരം പിടിച്ച തന്റെ പ്രവർത്തി തുടരുകയാണ്. “ഒരാൾ വിചാരിച്ചാൽ മറ്റൊരാളിൽ മാറ്റം ഉണ്ടാക്കുവാൻ സാധിക്കുകയില്ല. അതിന് ദൈവത്തിന്റെ പ്രത്യേകമായ സഹായം വേണം. നന്മയെ സ്വീകരിക്കുവാൻ ഒരാളുടെ മനസിനെ ദൈവം ഒരുക്കുന്നില്ലെങ്കിൽ അവിടെ വിതയ്ക്കുന്ന നന്മകളെല്ലാം വ്യർത്ഥമാകും” – വില്യം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.