കണ്ഡാമല്‍ ദുരന്തത്തിന് 10 വയസ്സ്

കണ്ഡാമല്‍ പ്രത്യാശയുടെയും വിശ്വാസത്തിന്റെയും അനുസ്മരണമാണ് എന്ന് കാണ്ഡമാല്‍ ക്രൈസ്തവ പീഡന സംഭവത്തിന്റെ പത്താം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവനയില്‍ കട്ടാക്ക്-ഭുവനേശ്വര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ പറഞ്ഞു.

ഹൈന്ദവാചാര്യന്‍ ഗുരു ദക്ഷിണാനന്ദ സ്വാമികളുടെ കൊലപാതകം കണ്ഡാമലിലെ ക്രൈസ്തവരുടെമേല്‍ ചുമത്തിയശേഷം 2008 ആഗസ്റ്റിലാണ് വിശ്വഹിന്ദു പരിഷത്ത് പ്രസ്ഥാനത്തില്‍പ്പെട്ട മൗലികവാദികള്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ടത്.

300 ലധികം ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ട ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു.  56,000 വിശ്വാസികള്‍ ജീവരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയും  5600 വീടുകളും വിദ്യാലയങ്ങളും ആതുരാലയങ്ങളും ഡിസ്‌പെന്‍സറികളും ആശുപത്രികളും  കത്തിച്ച് നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും  സ്ത്രീകള്‍ മാനഭംഗപ്പെടുകയും ചെയ്തു. മതേതരരാഷ്ട്രത്തിന്റെ മാനം കെടുത്തിയ ചരിത്രത്തിലെ വലിയ വര്‍ഗ്ഗീയപ്രക്ഷോഭമായിരുന്നു അതെന്ന് ആര്‍ച്ചുബിഷപ്പ് അനുസ്മരിച്ചു.

അനുരഞ്ജനത്തിന്റെയും സൗഹൃദത്തിന്റെയും അനുഭവത്തിലാണ് അവിടെ ഉള്ളവര്‍ ജീവിക്കുന്നത്. പത്താം  വാര്‍ഷികത്തില്‍ ഒറീസ്സയിലെ എല്ലാജനങ്ങളോടും വിവിധ മത സമൂഹങ്ങളോടും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം അറിയിക്കുകയാണെന്നും ബിഷപ് പറഞ്ഞു.

പത്താം വാര്‍ഷികാനുസ്മരണവുമായി ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ, ഒറീസ്സയുടെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തുകയും  അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അറിയിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.