ക്ലാസ് മുറിയിലെ വറുത്ത പുളിങ്കുരു

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അധികമാരോടും സംസാരിക്കാത്ത ഒരു കൂട്ടുകാരിയുണ്ടായിരുന്നു. മുടിയിൽ മാണിക്യച്ചെമ്പഴുക്ക ചൂടിക്കൊണ്ടു വന്നിരുന്ന ഏക വ്യക്തി. പേര് ഓർക്കുന്നില്ല. അവളുടെ ഓർമ്മകൾക്ക് ഇന്നും ജീവൻ നൽകുന്നത് അവൾ കൊണ്ടുവന്നിരുന്ന പ്രിയപ്പെട്ട ഭക്ഷണപദാർത്ഥമാണ്; ഒരു പാത്രം നിറയെ വറുത്ത പുളിങ്കുരു! ഇൻ്റർവെൽ സമയത്ത് പെൺകുട്ടികളുടെ വശത്തു നിന്ന് ആൺകുട്ടികളുടെ വശത്തേയ്ക്ക് പുളിങ്കുരു പാത്രം ഒഴുകിനീങ്ങും.

ഒരു ദിവസം ആ പാത്രം അധ്യാപകന്റെ കണ്ണിൽപെട്ടു. അദ്ദേഹം അത് കൈക്കലാക്കി. “ഇത് ആരുടേതാണ്? എന്താണിതിൽ?”

വിറയലോടെ അവൾ എഴുന്നേറ്റു നിന്നു: “സാർ, അത് എന്റേതാണ്. അതിൽ അല്പം പുളിങ്കുരു വറുത്തതാണ്. ഇവർക്കെല്ലാവർക്കും ഇഷ്ടമായതു കാരണം കൊണ്ടുവന്നതാ. ഇനി കൊണ്ടുവരില്ല.”

അദ്ദേഹം ആ പാത്രം തുറന്നു. ഒന്നുരണ്ട് പുളിങ്കുരു തൊണ്ട് കളഞ്ഞ് വായിലിട്ടു. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: “ഇനിയും കൊണ്ടുവരണം. എന്നാൽ ഒരു നിബന്ധന മാത്രം, അതിലൊരു ഓഹരി എനിക്കും തരണം.”

അദ്ദേഹത്തിന്റെ ആ വാക്കുകളിൽ അവളുടെ മിഴികൾ നിറഞ്ഞു. കുട്ടികളെല്ലാവരും കരങ്ങളടിച്ച് അവളെ അഭിനന്ദിച്ചു. ഞങ്ങളെ നിശബ്ദരാക്കി സാർ തുടർന്നു: “ചോക്ലേറ്റുകളുടെയും വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ മിഠായികളുടെയും കാലഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോഴും ഇങ്ങനെയുള്ള ചില നന്മകൾ നമ്മെ കുറച്ചു കൂടെ ഗ്രാമീണരും നല്ല മനുഷ്യരുമാക്കും. വരുംതലമുറയ്ക്ക് പുളിങ്കുരു എന്നു പറഞ്ഞാൽ മനസിലാകാത്ത കാലം വരും. ഇങ്ങനെയുള്ള പങ്കുവയ്ക്കലുകലാണ് നമ്മെ നന്മയുള്ളവരാക്കുന്നത്. എത്ര ചെറിയ നന്മയാണെങ്കിലും അത് അപരന് ജീവൻ നൽകാൻ കെല്പുള്ളതാണെന്ന് മറക്കരുത്.”

പുളിങ്കുരു കൊണ്ടുവന്ന ആ കൂട്ടുകാരിയായിരുന്നു അന്നത്തെ ഹീറോ. ആരുമറിയാതെ അവൾ ചെയ്ത ചെറിയ കാര്യങ്ങൾ കാണുവാനും അനുമോദിക്കുവാനും ഒരു അധ്യാപകനുണ്ടായി എന്നതാണ് ദൈവീകം. “നീ ധര്‍മ്മദാനം ചെയ്യുമ്പോള്‍ അത് രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ്‌ നിനക്ക് പ്രതിഫലം നല്‍കും” (മത്തായി 6:3-4).

ചെറിയ നന്മകൾ ചെയ്യുവാനുള്ള വലിയ ഹൃദയവും അവ കാണുവാൻ കാഴ്ചയുള്ള മഹത്വ്യക്തികളുമുള്ള കാലത്തോളം സന്തോഷത്തിന്റെ മഞ്ഞുതുള്ളികൾ മനഃസാക്ഷിയുടെ പ്രതലങ്ങളെ തണുപ്പിച്ചുകൊണ്ടേയിരിക്കും…

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.