അൾത്താരയിൽ നിന്ന് ബലിയർപ്പണത്തിനിടയ്ക്ക് വിളിച്ചിറക്കി വൈദികനെതിരെ കേസെടുത്ത പോലീസ് നടപടി അപലപനീയം: കെസിവൈഎം

തലശ്ശേരി അതിരൂപതയിലെ ചായ്യോത്ത് അൽഫോൻസാ ഇടവക ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചിരുന്ന വൈദികനെ ബലിവേദിയിൽ നിന്ന് വിളിച്ചിറക്കി കേസെടുത്ത പോലീസ് നടപടി അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി.

ചായ്യോത്ത് അൽഫോൻസാ ഇവക വികാരി ഫാ. ലൂയി മരിയദാസിനെതിരെയാണ് നീലേശ്വരം പോലീസ് തെറ്റിദ്ധരിപ്പിച്ച് കേസ് രജിസ്റ്റർ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് തിരുക്കർമ്മം ചെയ്തുകൊണ്ടിരുന്ന വൈദികനെ, ആ തിരുക്കർമ്മങ്ങൾക്കിടയിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ പള്ളിയുടെ മുൻവശത്തേയ്ക്ക് വിളിച്ചുവരുത്തുകയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അച്ചന്റെയും വിശ്വാസികളുടേയും ഒപ്പ് വാങ്ങുകയുമായിരുന്നു.

പോലീസ് ഉദ്യോഗസ്ഥർ, മതപരമായ ചടങ്ങുകൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ വൈദികൻ എല്ലാ ചടങ്ങുകളും നിർത്തി ഉദ്യോഗസ്ഥരുമായി സഹകരിച്ചു. എല്ലാ സുരക്ഷാ മുൻകരുതലുമെടുത്ത് സാമൂഹിക അകലം പാലിച്ചു നടത്തിയ തിരുക്കർമ്മങ്ങൾ തടസ്സപ്പെടുത്തി കേസെടുത്തതിനു പിന്നിലെ ചേതോവികാരം വ്യക്തമാകേണ്ടതുണ്ട്.

ക്രിസ്ത്യൻ വിഭാഗത്തിന്റെ കാര്യത്തിൽ പോലിസ് കാണിക്കുന്ന ഈ ഉത്സാഹം എല്ലാ വിഭാഗങ്ങളുടെ കാര്യത്തിലും ഉണ്ടാകുന്നുണ്ടോ എന്നത് വലിയൊരു ചോദ്യഛിഹ്നമായി നിയമപാലകർക്കും സർക്കാരിനും മുന്നിൽ ഒരിക്കൽക്കൂടെ കെസിവൈഎം സംസ്ഥാന സമിതി ഉന്നയിക്കുന്നു!

കടപ്പാട്: https://www.facebook.com/kcymofficial/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.