ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ജർമ്മൻ ഭാഷാ പഠനപദ്ധതിക്ക് തുടക്കമായി

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ ജർമ്മൻ ഭാഷാ പഠനപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനകർമ്മം കോട്ടയം അതിരൂപതാ നിയുക്ത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം നിർവ്വഹിച്ചു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് യുവജനങ്ങളുടെ ഉന്നമനത്തിനായി കെ.സി.വൈ.എൽ. സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കെ.സി.വൈ.എൽ. അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടാസ്‌ക്ക് ഫോഴ്‌സിലൂടെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി അതിരൂപതയിലെ യൂവജനങ്ങൾക്ക് ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സി.വൈ.എൽ. പ്രസിഡന്റ് ലിബിൻ ജോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എൽ. അതിരൂപതാ ചാപ്ലെയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ആമുഖസന്ദേശം നൽകി. കെ.സി.വൈ.എൽ. മലബാർ റീജിയൺ ചാപ്ലെയിൻ ഫാ. ബിബിൻ കണ്ടോത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് ജർമ്മൻ ഭാഷാ ക്ലാസ്സിന്റെ ഫാക്കൽറ്റി ഇൻ-ചാര്‍ജ് റിയ ടോം പാഠ്യപദ്ധതി അവതരിപ്പിച്ചു. ആറു ബാച്ചുകളിലായി 343 പേരാണ് കോഴ്‌സിന് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്കൂർ വീതമാണ് ഓൺലൈൻ ക്ലാസ്സുകൾ നടത്തപ്പെടുക. വിദഗ്ദ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ജർമ്മൻ ഭാഷാപഠനത്തിന്റെ എ വൺ, എ ടു ലെവലുകൾക്ക് പ്രാപ്തരാക്കുകയെന്നതാണ് അഞ്ച് മാസം നീണ്ടുനിൽക്കുന്ന കോഴ്സ് കൊണ്ട് ആദ്യഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്.

കെ.സി.വൈ.എൽ. രൂപതാ ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ, ട്രഷറർ അനിറ്റ് ചാക്കോ, അതിരൂപതാ സമിതി അംഗങ്ങളായ ഷെല്ലി ആലപ്പാട്ട്, സി. ലേഖ എസ്.ജെ.സി., ജോസുകുട്ടി ജോസഫ്, ആൽബർട്ട് തോമസ്, അച്ചു അന്ന ടോം, അമൽ അബ്രാഹം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ബോഹിത് ജോൺസൺ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.