കെസിഡബ്ള്യൂഎ സുവര്‍ണ്ണ ജൂബിലി സമാപനം നവംബര്‍ 26- ന് കോട്ടയത്ത്

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷികാഘോഷങ്ങളുടെ സമാപനം നവംബര്‍ 26 ശനിയാഴ്ച കോട്ടയത്തു നടത്തപ്പെടും. രാവിലെ 10 മണിക്ക് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാ ബലിയോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം വചനസന്ദേശം നല്‍കും.

തുടര്‍ന്ന് ജൂബിലി വര്‍ഷത്തില്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കായി വിവിധ മേഖലകളില്‍ സംഘടിപ്പിച്ച മാര്‍ഗ്ഗംകളിയുടെ അതിരൂപതാതല ഫൈനല്‍ മത്സരം കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ഉച്ച കഴിഞ്ഞ് 2.15- ന് മാര്‍ എലിയ കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിലേക്ക് കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ അണിനിരക്കുന്ന ജൂബിലി സമാപനറാലി വിസിറ്റേഷന്‍ സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ കരുണ എസ്.വി.എം റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. മലബാര്‍, ഹൈറേഞ്ച് പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ അതിരൂപതയിലെ 135 യൂണിറ്റുകളില്‍ നിന്ന് ഫൊറോന അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് വനിതകള്‍ റാലിയില്‍ അണിനിരക്കും.

തുടര്‍ന്ന് ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ ജൂബിലഗാന ദൃശ്യാവിഷ്‌ക്കാരം അവതരിപ്പിക്കും. വൈകുന്നേരം 4 മണിക്ക് കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന ജൂബിലി സമാപന പൊതുസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറല്‍ എല്‍സമ്മ സക്കറിയ എന്നിവര്‍ പ്രസംഗിക്കും.

ഷൈനി ചൊള്ളമ്പേല്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.