കെസിഡബ്ള്യൂഎ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ (നവംബര്‍ 26) തുടക്കം. രാവിലെ 10 മണിക്കു നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷക്ക് ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ചാക്കോ വണ്ടന്‍കുഴി നേതൃത്വം നല്‍കും. തുടര്‍ന്ന്  ജൂബിലി പതാക ഉയര്‍ത്തും. 11 മണിക്ക്  ചേരുന്ന പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. കെസിഡബ്ള്യൂഎ പ്രസിഡന്റ് ലിന്‍സി രാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി കെസിഡബ്ള്യൂഎ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. സുവര്‍ണ്ണ ജൂബിലി കര്‍മ്മരേഖ തോമസ് ചാഴികാടന്‍ എം.പി. പ്രകാശനം ചെയ്യും. മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോസ് നെടുങ്ങാട്ട് യൂണിറ്റ് പ്രതിനിധികള്‍ക്ക് ജൂബിലി പതാക കൈമാറും.

കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, കെസിഡബ്ള്യൂഎ മുന്‍പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ്, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി, ജനറല്‍ സെക്രട്ടറി ഷൈനി സിറിയക്, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിഡന്റുമാരായ മറിയാമ്മ തോമസ് പാറാനിക്കല്‍, പെണ്ണമ്മ ജയിംസ്, ജോയിന്റ് സെക്രട്ടറി ജിജി ഷാജി പൂവേലില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും.

ഫാ. സജി മെത്താനത്ത് രചിച്ച് ഫാ. ഫിനില്‍ ഈഴാറാത്ത് സി.എം.ഐ ഈണം നല്‍കിയ കെസിഡബ്ള്യൂഎ ജൂബിലി ഗാനം 50 കെസിഡബ്ള്യൂഎ അംഗങ്ങള്‍ ചേര്‍ന്ന് വേദിയില്‍ ആലപിക്കും.

മുന്‍ അതിരൂപതാ പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിക്കും. കൂടാതെ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഫൊറോന ഭാരവാഹികളും യൂണിറ്റില്‍ നിന്നും ഭാരവാഹികളുടെ പ്രതിനിധികളും പങ്കെടുക്കും. പരിപാടി അതിരൂപതയുടെ യു ട്യൂബ് ചാനലായ അപ്നാദേശ് ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്യും.

ഷൈനി ചൊള്ളമ്പേല്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.