ക്‌നാനായ കാത്തലിക് വിമൺസ് അസ്സോസിയേഷൻ കലാ-കായിക മത്സരങ്ങൾ നടത്തപ്പെട്ടു

കോട്ടയം: കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസ്സോസിയേഷന്റെ വാർഷികാഘോഷങ്ങളുടെ മുന്നോടിയായി കലാ-കായിക മത്സരങ്ങൾ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ അങ്കണത്തിൽ നടത്തപ്പെട്ടു.

കെ.സി.ഡബ്ലു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ലു.എ ചാപ്ലയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ഡൊമിനിക് മഠത്തിക്കളത്തിൽ, ഫാ. ജെയിംസ് പൊങ്ങാനയിൽ, സിൻസി പാറേൽ, മേഴ്‌സി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്രിസ്തുരാജ കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ-കായിക മത്സരങ്ങളിൽ ഭക്തിഗാനം, പുരാതനപാട്ട്, ബൈബിൾ ക്വിസ്, പ്രസംഗം, ഷോട്ട്പുട്ട്, മെഴുകുതിരി കത്തിച്ചോട്ടം, ക്‌നാനായ മങ്ക എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെട്ടത്. വിജയികൾക്ക് നവംബർ 26-ാം തീയതി ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ക്‌നാനായ കാത്തലിക് വിമൺസ് അസ്സോസിയേഷൻ വാർഷികാഘോഷങ്ങളിൽ വച്ച് സമ്മാനങ്ങൾ നൽകും.